2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഇരട്ട ചക്രവാതച്ചുഴികളുടെ സാന്നിധ്യം; സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു; അഞ്ച് ദിവസത്തേക്ക് പെരുമഴ തന്നെ

ഇരട്ട ചക്രവാതച്ചുഴികളുടെ സാന്നിധ്യം; സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു; അഞ്ച് ദിവസത്തേക്ക് പെരുമഴ തന്നെ

തിരുവനന്തപുരം; രണ്ട് ചക്ര വാതച്ചുഴികളുടെ സ്വാധീന ഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്ധ്രാ തീരത്തിനും മുകളിലായാണ് ആദ്യത്തെ ചക്രവാതച്ചുഴി. വടക്കന്‍ കേരളത്തിന് മുകളിലാണ് രണ്ടാമത്തേത്. അടുത്ത അഞ്ച് ദിവസത്തേക്കാണ് മഴ മുന്നറിയിപ്പുള്ളത്.

ഇന്ന് നിലവില്‍ ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. മാത്രമല്ല കേരളത്തിലുടനീളം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യതയുള്ളത്. അതുകൊണ്ട് മലയോര മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായ പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

വരും ദിവസങ്ങളിലെ യെല്ലോ അലര്‍ട്ടുകള്‍
ഇന്നലെ 25-10-2023ന് ഏഴ് ജില്ലകള്‍ക്കായിരുന്നു യെല്ലോ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഇന്നും നാളെയും പ്രത്യേക ജാഗ്രത നിര്‍ദേശമില്ല. എന്നാല്‍ ഒക്ടോബര്‍ 29ന് രണ്ട് ജില്ലകളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഞായറാഴ്ച്ച മ ഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒക്ടോബറില്‍ കൂടുതല്‍ മഴ ലഭിച്ച ജില്ലകള്‍
അതേസമയം ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണെന്ന് കണക്കുകള്‍. ആലപ്പുഴ, കോട്ടയം കൊല്ലം എറണാകുളം ജില്ലകളിലും സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒക്ടോബര്‍ മാസത്തില്‍ മുഴുവന്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ലഭിച്ചു.

പത്തനംതിട്ട ജില്ലയില്‍ തുലാവര്‍ഷത്തില്‍( ഒക്ടോബര്‍ ഡിസംബര്‍ ) മൊത്തത്തില്‍ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ 80 ശതമാനവും ലഭിച്ചു കഴിഞ്ഞു. എന്നാല്‍, വയനാട് മഴക്കുറവ് തുടരുന്നുണ്ട്. കാലവര്‍ഷത്തില്‍ 55 ശതമാനം മഴക്കുറവ് ആയിരുന്നു എങ്കില്‍ ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ 34 ശതമാനമാണ് മഴക്കുറവ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.