
ദോഹ: ഇന്നലെ രാത്രി നടന്ന മത്സരത്തിൽ മുൻ ലോക ചാംപ്യൻമാരായ സ്പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച ശേഷം മൊറോക്കൊയുടെ സൂപ്പർ താരം അഷ്റഫ് ഹകീമി നേരെ പോയത് ഗാലറിയിലിരുന്ന് കളി കാണുകയായിരുന്ന മാതാവിന് മുത്തം നൽകാൻ. ടീമിന്റെ ജഴ്സയണിഞ്ഞ് ഗാലറിയിലേക്ക് ഹകീമി പോവുന്നതിന്റെയും മാതാവിനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നേരത്തെ ആദ്യ റൗണ്ടിൽ ലോക റാങ്കിങ്ങിൽ മുന്നിലുള്ള ബെൽജിയത്തെ പരാജയപ്പെടുത്തി പ്രീക്വാർട്ടർ ഉറപ്പാക്കിയപ്പോഴും ഹകീമി ഗാലറിയിലെത്തി ഉമ്മയെ കെട്ടിപ്പിടിച്ച് മുത്തം നൽകുന്ന ചിത്രങ്ങൾ വൈറലായിരുന്നു.
24 കാരനായ ഹകീമി ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജിയുടെ പ്രതിരോധഭടനാണ്.
അതേസമയം, ആദ്യമായാണ് മൊറോക്കോ ലോകകപ്പിന്റെ ക്വാർട്ടറിൽ കടക്കുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ രഹിത സമനിലയിലായ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ എടുത്ത മൂന്ന് കിക്കും പാഴാക്കിയാണ് സ്പെയിൻ പുറത്തേക്ക് നടന്നത്. പെനാൽറ്റിയിൽ ടീമിന് വേണ്ടി അവസാന കിക്കെടുത്തത് ഹകീമിയായിരുന്നു. അതൊരു പനേക കിക്കിലൂടെ സ്പാനിഷ് ഗോൾകീപ്പറെ കബളിപ്പിച്ച് വലകുലുക്കുകയും ചെയ്തു.
സ്പെയിനിൽ ജനിച്ച് സ്പെയിനിൽ തന്നെ വളർന്ന ഹകീമി റയൽമാഡ്രിഡ് അക്കാദമിയുടെ ഉൽപ്പന്നമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലാണ് ക്വാർട്ടറിൽ മൊറോക്കോയുടെ എതിരാളി.
Heartwarming Moment Achraf Hakimi Shared a Loving Kiss With His Mum After Penalty Heroics Emerges
Comments are closed for this post.