2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇന്ന് ലോക ഹൃദയ ദിനം; കത്തിവയ്ക്കാതെ ഹൃദയം തുറക്കുന്ന ഡോക്ടര്‍

എ. സജീവന്‍

 
ഏറെ  വര്‍ഷങ്ങള്‍ക്കു മുമ്പത്തെസംഭവമാണ്. അക്കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗവിഭാഗത്തില്‍ പ്രൊഫസ്സറാണ് ഡോ.കെ. കുഞ്ഞാലി. ദിവസേന ഒട്ടേറെ രോഗികള്‍ ഹൃദയാഘാതം സംഭവിച്ചും ഹൃദയധമനിയില്‍ ഗുരുതരമായ ബ്ലോക്ക് വന്നും മറ്റും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്താറുണ്ട്. 
 
മറ്റു ഹൃദ്രോഗവിദഗ്ധരെപ്പോലെ ഡോ. കുഞ്ഞാലിയും ഇത്തരം രോഗികള്‍ക്കു രോഗത്തിന്റെ കാഠിന്യം നോക്കി ബൈപ്പാസ്ശസ്ത്രക്രിയയോ ആന്‍ജിയോ പ്ലാസ്റ്റിയോ നിര്‍ദ്ദേശിക്കുകയാണു ചെയ്തിരുന്നത്.  വര്‍ഷത്തില്‍ ആയിരത്തിലേറെ രോഗികള്‍ക്ക് താന്‍ തന്നെ ഇങ്ങനെ ബൈപ്പാസ് സര്‍ജറിയോ ആന്‍ജിയോ പ്ലാസ്റ്റിയോ വിധിച്ചിട്ടുണ്ടെന്നു ഡോക്ടര്‍ കുഞ്ഞാലി പറയുന്നു. 
പക്ഷേ, അങ്ങനെ നിര്‍ദ്ദേശിക്കപ്പെടുന്ന രോഗികളില്‍ പകുതിയിലേറെപ്പേരും ആന്‍ജിയോപാസ്റ്റിക്കോ ബൈപ്പാസ് ശസ്ത്രക്രിയയ്‌ക്കോ വിധേയരാകാറില്ല. ഡോക്ടറില്‍
വിശ്വാസമില്ലാത്തതുകൊണ്ടല്ല. ഇന്നത്തെപ്പോലെ അന്നും നിര്‍ധനരോഗികളുടെ അത്താണിയാണല്ലോ സര്‍ക്കാര്‍ ആശുപത്രികള്‍.  അവരെ സംബന്ധിച്ച് അത്തരം ചികിത്സ  താങ്ങാനാവില്ല.  പണം സംഘടിപ്പിക്കാന്‍ കഴിയുന്നവരില്‍ പലരും  ശസ്ത്രക്രിയ പരാജയപ്പെട്ടാലോ എന്ന ഭയം മൂലം അതിനു തയ്യാറാവാനും മടിച്ചു.   അത്തരക്കാരെ  ചികിത്സ  നല്‍കാതെ ആട്ടിയകറ്റിയില്ല ഡോ. കുഞ്ഞാലി. ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന ഉറപ്പില്ലെങ്കിലും മരുന്നുകൊണ്ടു മാറ്റാനുള്ള ആത്മാര്‍ത്ഥശ്രമം നടത്തി . മാനസികപിന്തുണയും ആത്മവിശ്വാസവും പരമാവധി നല്‍കി അവര്‍ക്കൊപ്പം നിന്നു. 
 
മരുന്നുപോലെ കര്‍ക്കശമായ ജീവിതശൈലി നിര്‍ദ്ദേശിച്ചു. എന്തൊക്കെ ഭക്ഷണം കഴിക്കാം, കഴിക്കരുത് എന്നു കണിശമായി  പറഞ്ഞു.  അതു പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തി. അതിനേക്കാള്‍ കര്‍ശനമായിഉറപ്പാക്കിയിരുന്നത്  രോഗി അയാളുടെ ആരോഗ്യാവസ്ഥയ്ക്ക് പ്രയാസമുണ്ടാക്കാത്ത രീതിയില്‍ വ്യായാമം ചെയ്യുന്നുണ്ട് എന്നതായിരുന്നു.അപ്പോഴും പരീക്ഷണം വിജയമാകുമെന്ന ഉറപ്പുണ്ടായിരുന്നില്ല. എന്നാല്‍, രോഗികളില്‍ നല്ല ശതമാനവും ശസ്ത്രക്രിയ നടത്താത്ത കാരണത്താലോ രക്തധമനിയിലെ  തടസ്സം ആന്‍ജിയോ പ്ലാസ്റ്റിയിലൂടെ നീക്കാത്തതു കൊണ്ടോ മരിച്ചില്ല. മറ്റൊരു സത്യം കൂടി ഡോ. കുഞ്ഞാലി അത്ഭുത്തോടെ തിരിച്ചറിഞ്ഞു. ശസ്ത്രക്രിയയ്ക്കു വിധേയരായവരേക്കാള്‍ ആയുസ്സ് ജീവിതശൈലി മാറ്റിയും വ്യായാമം ചെയ്തും  മരുന്നു കഴിച്ചവര്‍ക്കാണെന്ന്!എങ്കിലും തന്റെ അനുഭവത്തെ കണ്ണടച്ച് ആശ്രയിക്കാന്‍ അദ്ദേഹംതയ്യാറായില്ല.  ഇതുമായി ബന്ധപ്പെട്ടു കിട്ടാവുന്നിടത്തോളം തെളിവുകള്‍ ശേഖരിച്ചു. ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലുമുള്ള പഠനങ്ങള്‍ പരിശോധിച്ചു. അത്ഭുതമെന്നു പറയട്ടെ, എല്ലാ കണക്കുകളുംസര്‍വേകളുംഅദ്ദേഹത്തിന്റെകണ്ടെത്തല്‍ ശരിയെന്നു തെളിയിക്കുന്നതായിരുന്നു. അതോടെ, ഡോ. കുഞ്ഞാലി തന്റെ ചികിത്സാശൈലി അടിമുടി മാറ്റി. അന്നു മുതല്‍ ഓപ്പണിങ് ഹാര്‍ട്ട്‌പ്രോഗ്രം എന്നോ ഒപ്റ്റിക്കല്‍ മെഡിക്കല്‍ തെറാപ്പിയെന്നോ വിശേഷിപ്പിക്കാവുന്ന ചികിത്സാ ശൈലിയുടെ വക്താവും പ്രയോക്താവുമായി മാറി.തുടക്കത്തില്‍ അവകാശവാദങ്ങളൊന്നുമില്ലാതെയാണ്  ജീവിതശൈലീമാറ്റ, വ്യായാമ, മരുന്നു ചികിത്സാപദ്ധതി നടപ്പാക്കിയത്.
 
കുറച്ചുനാളത്തെചികിത്സസയിലൂടെ മിക്കവര്‍ക്കും രോഗം മാറി. ശസ്ത്രക്രിയകൂടാതെ രോഗശമനം വന്നോ എന്ന് ഉറപ്പുവരുത്താനായി മറ്റു വിദഗ്ധഡോക്ടര്‍മാരെചില രോഗികള്‍ സമീപിച്ചു. അവര്‍ ഹൃദ്രോഗികളേയല്ലെന്നായിരുന്നു  ആ വിദഗ്ധരുടെ അഭിപ്രായം.രോഗമില്ലാത്തവര്‍ക്കു മരുന്നുകൊടുത്തും വ്യായാമംനിര്‍ദ്ദേശിച്ചും താന്‍ രോഗമുക്തി അവകാശപ്പെടുകയാണെന്ന തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമാണെന്നു മനസ്സിലാക്കിയ ഡോ. കുഞ്ഞാലി ചികിത്സാരീതിയില്‍ ഒരു മാറ്റം വരുത്തി. ആന്‍ജിയോഗ്രാം നടത്തി രോഗികളുടെ ഹൃദയധമനികളുടെ തടസ്സം രേഖയാക്കി. പിന്നീട് തന്റെ ശൈലിയിലുള്ള ചികിത്സ തുടങ്ങി. അത് അംഗീകരിക്കാന്‍ വൈമനസ്യമുള്ളനമ്മുടെ നാട്ടിലെ വിദഗ്ധര്‍ ഇപ്പോഴും ഏറെയാണെങ്കിലും 90 ശതമാനം ബ്ലോക്കുണ്ടായിരുന്ന രോഗിയെ ഈ ചികിത്സാരീതിയിലൂടെ 100 ശതമാനവും രോഗമുക്തനാക്കിയതിനെക്കുറിച്ചുള്ള വിവരം പ്രസിദ്ധീകരിക്കാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പോലുള്ളവ തയ്യാറായി.  അറേബ്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനം നേടാനും കഴിഞ്ഞു. കത്തിവയ്ക്കാതെ ഹൃദയംതുറക്കുന്ന ഡോക്ടര്‍ എന്ന സ്ഥാനം ഡോ. കുഞ്ഞാലി ജനഹൃദയങ്ങളില്‍ നേടിയെടുക്കുകയും ചെയ്തു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.