2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

അടികൊള്ളേണ്ടവരല്ല ആരോഗ്യപ്രവര്‍ത്തകര്‍


   


ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേരെ ഈയിടെയായി സംസ്ഥാനത്ത് ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. കാര്യകാരണങ്ങള്‍ അന്വേഷിക്കാതെയാണ് ഇത്തരം കൈയേറ്റങ്ങളില്‍ ഏറെയുമെന്നത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. ചികിത്സാപ്പിഴവ് ബോധ്യമായാല്‍ നിയമവഴി തേടാമെന്നിരിക്കെ അതിനു മുതിരാതെ, ഡോക്ടര്‍മാരെ അക്രമിക്കുന്ന പ്രവണത ആരോഗ്യകേരളത്തിന് അപമാനകരമാണ്. കോഴിക്കോട്ട് ഡോക്ടറെ അക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് സംസ്ഥാനത്തെ ആരോഗ്യമേഖലയെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒ.പി വിഭാഗങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചിട്ടുമുണ്ട്. ഡെൻ്റല്‍ ക്ലിനിക്കുകള്‍ അടക്കമുള്ളവയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോഴും അത്യാഹിത വിഭാഗത്തെയും അടിയന്തര ശസ്ത്രക്രിയാവിഭാഗത്തെയും സമരത്തിൻ്റെ ഭാഗമാക്കാതിരിക്കാനുള്ള ഡോക്ടര്‍മാരുടെ കരുതല്‍ നമ്മള്‍ കാണാതെപോകരുത്.
രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍പോലും ആശുപത്രികളോ ആരോഗ്യപ്രവര്‍ത്തകരോ അക്രമിക്കപ്പെടരുതെന്നാണ് ചട്ടം.

എന്നാല്‍, കേരളത്തില്‍ ഡോക്ടര്‍മാരും ആശുപത്രികളും ആഴ്ചയില്‍ ഒരു തവണയെങ്കിലും അക്രമിക്കപ്പെടുന്നുവെന്നത് ഏറെ ഗൗരവമേറിയ വിഷയമാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. പി.കെ അശോകനെ രോഗിയുടെ ബന്ധുക്കള്‍ അക്രമിച്ചതാണ് ഈ പരമ്പരയില്‍ ഒടുവിലത്തേത്. ഇത്തരം അതിക്രമങ്ങള്‍ നമ്മുടെ സാമൂഹികാരോഗ്യത്തിൻ്റെ ശോഷണവും ആക്രമണോത്സുക ആള്‍ക്കൂട്ട മനസിൻ്റെ ക്രൗര്യവുമാണ് വെളിവാക്കുന്നത്.
ശാന്തവും സമാധാനപരവുമായ അന്തരീക്ഷമില്ലെങ്കില്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിക്കാനാകില്ലെന്നു കഴിഞ്ഞ ഡിസംബറിലാണ് കേരള ഹൈക്കോടതി ഓര്‍മിപ്പിച്ചത്. 2012ല്‍ സംസ്ഥാനത്ത് ആശുപത്രി സംരക്ഷണനിയമം നിലവില്‍വന്നെങ്കിലും ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കു കുറവില്ലെന്നുമാത്രം.
2020 ജനുവരി മുതല്‍ 21 ജൂണ്‍വരെയുള്ള ഒന്നര വര്‍ഷത്തിനിടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേ നടന്ന അതിക്രമങ്ങളുടെ പേരില്‍ 138 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. വെറും മൂന്ന് കേസില്‍ മാത്രമാണ് പ്രതികളെ പിടികൂടിയത്. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും കുറ്റക്കാരെ കണ്ടെത്തുന്നതിലും പൊലിസ് തുടരുന്ന മെല്ലെപ്പോക്ക് തന്നെയാണ് ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും നിരന്തരം അക്രമിക്കപ്പെടുന്നതിന് ഒരു കാരണമെന്ന് പറയാതെ വയ്യ. പഴുതുകളും ദുര്‍ബല വകുപ്പുകളും ഒഴിവാക്കി ആശുപത്രി സംരക്ഷണ നിയമത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യുമെന്ന് സര്‍ക്കാര്‍ പറയുന്നെണ്ടെങ്കിലും നടപടികള്‍ക്ക് ഒച്ചിൻ്റെ വേഗംതന്നെ.


അക്രമിക്കപ്പെടുമെന്ന ഭയമുള്ളതിനാല്‍ മിടുക്കരായ പുതുതലമുറ ഡോക്ടര്‍മാര്‍ സങ്കീര്‍ണ പ്രശ്‌നങ്ങളുള്ള രോഗികളെ പരിശോധിക്കാന്‍ മടിക്കുന്നതായും തൊഴില്‍ സുരക്ഷയുള്ള വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നതായും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടയിലും സംസ്ഥാനത്തെ ആരോഗ്യമേഖല അത്രമേല്‍ കുറ്റമറ്റതാണെന്നോ പിഴവുകളും പിടിച്ചുപറിയും ഇല്ലാതെയാണ് സകല ആശുപത്രികളും ഡോക്ടര്‍മാരും പ്രവര്‍ത്തിക്കുന്നതെന്നോ കണ്ണടച്ച് വിശ്വസിക്കാന്‍ ഒരു തവണയെങ്കിലും ആശുപത്രി വരാന്ത കയറിയ ഒരാള്‍ക്കും അഭിപ്രായമുണ്ടാകാനിടയില്ല. അശ്രദ്ധയ്ക്കും ചെയ്യുന്ന ജോലിയോടുള്ള കൂറില്ലായ്മയ്ക്കും തെളിവായി നിരവധി ഉദാഹരണങ്ങളുണ്ട് നമുക്ക് മുന്നില്‍. കൊല്ലം ഏഴുകോണ്‍ ഇ.എസ്.ഐ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയ സാമഗ്രി വച്ചു തുന്നിക്കെട്ടിയ വാര്‍ത്ത ഇന്നലെയാണ് മാധ്യമങ്ങളില്‍ വന്നത്. ഇതേ ആശുപത്രിയിലെ നഴ്‌സ് കൊല്ലം ഇടയ്‌ക്കോട് കാര്‍ത്തികയില്‍ ചിഞ്ചു രാജിൻ്റെ ശസ്ത്രക്രിയയിലാണു ഗുരുതര പിഴവ് സംഭവിച്ചത്. ശസ്ത്രക്രിയ വഴി കുഞ്ഞിനെ പുറത്തെടുത്ത് നാളുകള്‍ കഴിഞ്ഞിട്ടും യുവതിക്ക് വേദന കടുത്തതോടെയാണ് ബന്ധുക്കള്‍ പുറത്തുനിന്ന് എക്‌സ്‌റേ എടുത്തത്. രക്തം തുടയ്ക്കാനുള്ള സര്‍ജിക്കല്‍ മോപ്പ് പോലുള്ള ഉപകരണം വയറ്റില്‍ ഉള്ളതായാണ് എക്‌സ്‌റേയില്‍ തെളിഞ്ഞത്.


കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രികവച്ചു മറന്നത് 2017 നവംബര്‍ 30നായിരുന്നു. പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചാണ് യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ചത്.
ചികിത്സാ പിഴവിനെ തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയില്‍ വിദ്യാര്‍ഥിയുടെ കൈ മുട്ടിനുതാഴെ മുറിച്ചുമാറ്റിയ സംഭവം മാസങ്ങള്‍ക്കു മുമ്പായിരുന്നു. തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേഴ്‌സിലെ അബൂബക്കര്‍ സിദ്ധിഖിൻ്റെ മകന്‍ സുല്‍ത്താനാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച കാരണം വലതുകൈ നഷ്ടപ്പെട്ടത്. അശ്രദ്ധയും അലംഭാവവും മാത്രമാണ് മേല്‍പ്പറഞ്ഞ വീഴ്ചകള്‍ക്കു കാരണമെന്നത് വ്യക്തം. ഈ മൂന്നു കേസിലും ചികിത്സിച്ച ആശുപത്രിക്കെതിരേയോ ഡോക്ടര്‍മാര്‍ക്കെതിരേയോ രോഗികളുടെ ബന്ധുക്കളോ നാട്ടുകാരോ അക്രമാസക്തരായില്ലെന്നതും ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ഓര്‍ക്കണം.


രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ഡോക്ടര്‍മാരെ തല്ലുന്നത് നല്ല കാര്യമല്ലെങ്കിലും ചിലര്‍ക്ക് കൊള്ളേണ്ടതാണെന്ന് കെ.ബി ഗണേഷ് കുമാര്‍ കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞത് ഇവിടെ ചേര്‍ത്തുവായിക്കാവുന്നതാണ്. അതുപക്ഷേ ആരോഗ്യമേഖലയിലുള്ളവര്‍ക്കു മാത്രമല്ല. മിക്ക സര്‍ക്കാര്‍ സംവിധാനങ്ങളിലുമുണ്ട് അത്തരക്കാര്‍. എന്തിന് രാഷ്ട്രീയ നേതൃത്തില്‍ പോലുമുണ്ട് തല്ലുകൊണ്ടാലും നന്നാവാത്ത ഒരുപാടുപേര്‍. അവരുടെ നേര്‍ക്കുയരാത്ത നാവും കൈയും ഡോക്ടര്‍മാര്‍ക്കുനേരെ തിരിയുന്നുണ്ടെങ്കില്‍ അതിന് ഒറ്റ കാരണമേയുളളൂ. തിരിച്ചുതല്ലില്ലെന്ന ധൈര്യം മാത്രം. ആതുരശുശ്രൂഷയെ ആരും തല്ലിത്തോല്‍പ്പിക്കാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാരില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും ഉണ്ടായേതീരൂ. ആത്മാര്‍പ്പണവും സൂക്ഷ്മതയും കണിശമായി വേണ്ട രോഗീപരിചരണം നേരമ്പോക്കല്ലെന്ന് ചില ആരോഗ്യപ്രവര്‍ത്തകരെങ്കിലും ഓര്‍ക്കുന്നതും നന്ന്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.