ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യവൈദ്യുതി മന്ത്രി സത്യേന്ദര്‍ ജെയ്‌നിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 2017ല്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ജെയ്‌നുമായി ബന്ധമുള്ള കമ്പനി വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ മാസം, ഈ കമ്പനികളുടെ 4.81 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. അകിഞ്ചന്‍ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഡോ മെറ്റല്‍ ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പര്യാസ് ഇന്‍ഫോസൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, മംഗ്ലായതന്‍ പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ജെ.ജെ ഐഡിയല്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുമായി ബന്ധപ്പെട്ടാണ് കേസ്.
കേസില്‍ കമ്പനി ഓഹിയുടമകളായ സ്വാതി ജെയ്ന്‍, സുശീല ജെയ്ന്‍, അജിത് പ്രസാദ് ജെയ്ന്‍, ഇന്ദു ജെയ്ന്‍ എന്നിവരുടെ സ്വത്തും കണ്ടുകെട്ടിയിരുന്നു. സത്യേന്ദര്‍ ജെയ്ന്‍ കൊല്‍ക്കത്ത ആസ്ഥാനമായ ഷെല്‍ കമ്പനികളില്‍ നിന്ന് 4.81 കോടി ഹവാല പണം സ്വീകരിക്കുകയും ഈ തുക ഉപയോഗിച്ച് ഡല്‍ഹിക്കടുത്ത് ഭൂമി വാങ്ങുകയും വായ്പ തിരിച്ചടക്കാന്‍ ഉപയോഗിച്ചെന്നും കണ്ടെത്തിയതായി സി.ബി.ഐ പറയുന്നു. 2018ല്‍ കേസില്‍ ജെയ്‌നെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ജനപ്രതിനിധിയാകും മുമ്പ് 11.78 കോടിയുടെ ഹവാല ഇടപാട് നടത്തിയ ജെയ്ന്‍, ഈ തുക ഉപയോഗിച്ച് കേരളത്തിലടക്കം ഭൂമി വാങ്ങിയെന്നും സി.ബി.ഐ പറയുന്നു.
സി.ബി.ഐ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആംആദ്മി പാര്‍ട്ടി പറഞ്ഞു. ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള അറസ്റ്റാണിതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ എ.എ.പിയുടെ ചുമതല സത്യേന്ദ്ര ജയ്‌നിനാണ്.
Comments are closed for this post.