കെ.റെയില്‍ പദ്ധതിയെക്കുറിച്ച് വിവാദങ്ങളും വാഗ്വോദങ്ങളും നിറയുമ്പോഴും പദ്ധതി സാധാരണക്കാരെ ഉദ്ദേശിച്ചല്ലെന്നും വരേണ്യവര്‍ഗങ്ങള്‍ക്കുമാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയുള്ളൂവെന്നും തുറന്നു സമ്മതിച്ച് മുന്‍ധനമന്ത്രിയും സി.പി.എം നേതാവുമായ ഡോ. തോമസ് ഐസക്. ഒരു പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
കേരളത്തിലെ പാവപ്പെട്ടവര്‍ കെ.റെയിലില്‍ കയറില്ല; എന്നാല്‍ അടുത്ത തലമുറ കെ.റെയിലില്‍ മാത്രമല്ല, വിമാനത്തില്‍ പോകാനും വരുമാനമുള്ളവരായിരിക്കും. അത്തരമൊരു നവീന കേരളത്തെ സൃഷ്ടിക്കുന്നതിനുള്ള ബൃഹത് പദ്ധതിയുടെ ഭാഗമാണ് കെ.റെയില്‍ എന്ന് തോമസ് ഐസക്ക് പറയുന്നു. കെ റെയിലിലെ ചാര്‍ജ് വഹിക്കാന്‍ നിലവില്‍ കേരളത്തിലെ 30 ശതമാനത്തോളം വരുന്ന പാവപ്പെട്ടവര്‍ക്ക് കഴിഞ്ഞെന്നു വരില്ല. ഇതുതന്നെയല്ലേ ഇന്ന് ടാക്‌സിയുടെയും വിമാനയാത്രയുടെയും സ്ഥിതിയെന്നും അതുകൊണ്ട് ആരെങ്കിലും ഇവ വേണ്ടെന്ന് വാദിക്കുമോയെന്നുമാണ് അദ്ദേഹം തിരിച്ചു ചോദിക്കുന്നത്.
നിലവിലുള്ള റെയില്‍ നവീകരിച്ചാല്‍ മതിയാകില്ലെന്നു പറയുന്ന അദ്ദേഹം ഇതിന് കാരണമായി പറയുന്നത് നിലവിലുള്ള ട്രാക്കില്‍ 36 ശതമാനവും വളവുകളാണ്. അവ നികത്താന്‍ റെയില്‍വേ ഉദ്ദേശിക്കുന്നില്ല.പുതിയ സമാന്തര ട്രാക്കിട്ടാലും ഈ വളവുകളുണ്ടാവും.സിഗ്നല്‍ ഓട്ടോമാറ്റിക്കാക്കിയാല്‍ കൂടുതല്‍ ട്രെയിന്‍ ഓടിക്കാം. പക്ഷേ, സ്പീഡ് വര്‍ധിപ്പിക്കുന്നതിനു പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കെ.റെയില്‍ പണക്കാര്‍ക്കും വരേണ്യവര്‍ഗത്തിനും വേണ്ടിയാണെന്ന പ്രചാരണം ശക്തമായി തുടരുന്നതിനിടെയാണ് പദ്ധതി കേരളത്തിലെ പാവപ്പെട്ടവര്‍ക്കുവേണ്ടിയല്ലെന്നു തുറന്നു പറയുന്നത്.
വേഗപാത സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ പണിയണമെന്നത് ഇന്ത്യന്‍ റെയില്‍വേയുടെ നിര്‍ദ്ദേശമാണ്. നിലവിലുള്ള ബ്രോഡ് ഗേജില്‍ പരമാവധി 160 കിലോ മീറ്റര്‍ വരെ വേഗതയിലേ ട്രെയിന്‍ ഓടിക്കാന്‍ സാധിക്കൂ. ഇന്ത്യയില്‍ നിര്‍മാണത്തിലിരിക്കുന്നതോ പുതുതായി നിര്‍മിക്കാന്‍ പോകുന്നതോ ആയ എല്ലാ സെമി സ്പീഡ്, ഹൈ സ്പീഡ് മെട്രോ പ്രോജക്ടുകളും സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് നിര്‍മിക്കുന്നതെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. ചില സാങ്കേതിക വിദ്യകള്‍ വരേണ്യ വര്‍ഗത്തിന്റേത് ചിലത് പാവപ്പെട്ടവരുടേത് എന്ന നിലയില്‍ ചാപ്പ കുത്തുന്നത് നിരര്‍ത്ഥകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments are closed for this post.