2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അയാള്‍ വിശ്വനാഥനല്ല, രണ്ടാം മധു, ശ്രദ്ധേയമായി വിശ്വനാഥനെ മധുവിനോടുപമിച്ച കവിത

കോഴിക്കോട്: ആദിവാസി യുവാവായ വിശ്വനാഥന്റെ മരണം വല്ലാതെ നമ്മെ വേദനിപ്പിച്ചു. ഒരു ബുധനാഴ്ചയാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പണവും മൊബൈല്‍ ഫോണും അടക്കം മോഷ്ടിച്ചു എന്ന് ആരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ആശുപത്രി പരിസരത്ത് ഒരു കൂട്ടം ആളുകള്‍ വിശ്വനാഥനെ ചോദ്യം ചെയ്തതിന്റെ ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. ആള്‍ക്കൂട്ട വിചാരണയോ മര്‍ദ്ദനമോ നടന്നു എന്നാണ് ഉയരുന്ന സംശയം.
വിശ്വനാഥന്‍ മറ്റൊരു മധുവല്ലേ ? അട്ടപ്പാടിയിലെ മധുവിന്റെ മരണം മറക്കാറായിട്ടില്ല. സമാനസാഹചര്യത്തിലാണ് വിശ്വനാഥന്റെ മരണവും.
വിശ്വനാഥനെ മധുവിനോടുപമിച്ച് കവിത കുറിച്ചിരിക്കുകയാണ് മലപ്പുറം ഇരുമ്പുഴിയിലെ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപികയായ വിജയ കല്‍പ്പറ്റ.
വയനാട് മൂട്ടില്‍ പരിയാരം സ്വദേശിയായ വിജയ ടീച്ചര്‍ കവിതയില്‍
വിശ്വനാഥന്റെ കണ്‍മണിക്കു മധുവെന്ന് പേരിടണമെന്ന് ആവശ്യപ്പെടുന്നു.

ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നു. അതിനുശേഷമാണ് ആശുപത്രിയില്‍ നിന്ന് കാണാതായതെന്നും കുടുംബം ആരോപിക്കുന്നു. ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. 15 മീറ്റര്‍ ഉയരമുള്ള മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് പിന്നീട് മൃതദേഹം കണ്ടെത്തിയത്.
വിശ്വനാഥനെന്നത് അര്‍ത്ഥമില്ലാത്ത പേരാണെന്നും
ഞാന്‍ മരണത്തിന്റെ മാത്രം നാഥനാണെന്നും പറഞ്ഞവസാനിപ്പിക്കുന്ന കവിതയിലെ വാക്കുകള്‍ ഏറെ ഹൃദ്യമാണ്.
വിജയ ടീച്ചറുടെ കവിത വായിക്കാം.

 

   

 

 

വിജയ കല്‍പ്പറ്റ

രണ്ടാം മധു
വിജയ കല്‍പ്പറ്റ

റ്റൊരു പ്രാണനെ കാത്ത്
വാതില്‍പ്പടിയില്‍
കാതോര്‍ക്കവേയാണ്
കള്ളനാക്കി
എന്റെ കൈപിടിക്കാന്‍
മരണമെത്തിയത് !
കാത്തിരുന്ന കണ്‍മണിയെ കാണാന്‍
കനിയണേയെന്ന്
കേണു ഞാനെങ്കിലും
കള്ളവും കളവുമില്ലാത്ത കൂട്ടം
കല്ലെറിഞ്ഞെന്നെ വീഴ്ത്തി.
ആള്‍ക്കൂട്ടമെന്നത്രേ
അവര്‍ക്കു പേര് !
കയര്‍ക്കുരുക്കിലേക്ക്
തലകുനിക്കെന്നവര്‍
കഴുത്തില്‍ കുത്തിയലറി.
ഞാനല്ല കളളന്‍
എന്റെ മണ്ണും, മാനവും
കവര്‍ന്ന നിങ്ങളാണതെന്ന്
കൊലമരത്തുമ്പിലും
കൈ ചുരുട്ടാന്‍ തോന്നി.
പക്ഷേ ….
അതിനു മുമ്പവരെന്നെ
കള്ളനാക്കിക്കൊന്നു.
പ്രിയേ ….
നമ്മുടെ കണ്‍മണിക്കു നീ …
മധുവെന്ന് പേരിടുക.
അവന്‍ മധുരം പകരട്ടെ.
വിശ്വനാഥനെന്നത്
അര്‍ത്ഥമില്ലാത്ത പേര്.
ഞാന്‍ …
മരണത്തിന്റെ മാത്രം നാഥന്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.