2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘നീതിക്കായി ഇനിയേത് വാതില്‍ മുട്ടണം ഞങ്ങള്‍’ ഹത്രാസ് പെണ്‍കുട്ടിയുടെ സഹോദരന്‍ ചോദിക്കുന്നു

ഹത്രാസ് (ഉത്തര്‍പ്രദേശ്): ”ഇതാണോ നീതി? ഇനി ഏതു വാതിലിലാണ് ഞങ്ങള്‍ മുട്ടേണ്ടത്? അവര്‍ എന്റെ സഹോദരിയോടു ചെയ്തത് എന്താണെന്നു ലോകം മുഴുവന്‍ കണ്ടതല്ലേ?” ചോദിക്കുന്നത് മറ്റാരുമല്ല. ഹത്രാസില്‍ ഉന്നത കുലജാതരായ ഒരു സംഘം അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന ദലിത് പെണ്‍കുട്ടിയുടെ സഹോദരനാണ്.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത മൂന്ന് പ്രതികളെ ഉത്തര്‍പ്രദേശിലെ പ്രത്യേക വിചാരണ കോടതി വെറുതെ വിട്ടത്. ബലാത്സംഗത്തിനും കൊലപാതകത്തിനും തെളിവില്ലെന്ന് പറഞ്ഞായിരുന്നു നടപടി. രാജ്യം മുഴുവന്‍ പ്രതിഷേധിച്ച ഒരു ബലാത്സംഗക്കൊലപാതകത്തിനാണ് കോടതിക്ക് തെളിവു കണ്ടെത്താന്‍ കഴിയാതിരുന്നതെന്നതാണ് ശ്രദ്ധേയം.

”നീതിയെല്ലാം മേല്‍ജാതിക്കാര്‍ക്കാണ്, ഞങ്ങള്‍ക്ക് അതൊന്നും കിട്ടില്ല’ പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യ പറയുന്നു.
‘ അവളുടെ ചിതാഭസ്മം ഞങ്ങള്‍ ഗംഗയില്‍ ഒഴുക്കിയിട്ടില്ല. നാല് പ്രതികള്‍ക്കും ശിക്ഷ ലഭിച്ചിട്ടേ ഞങ്ങളത് ചെയ്യൂ. അവള്‍ക്ക് നീതി വാങ്ങിക്കൊടുക്കും വരെ ഞങ്ങള്‍ക്ക് വിശ്രമമില്ല” അവര്‍ ആവര്‍ത്തിച്ചു.

വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നു ദലിത് കുടുംബത്തിന്റെ വക്കീല്‍ സീമ കുശ്വ പറഞ്ഞു.

ഞങ്ങള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. മറ്റു മൂന്നു പേരും ശിക്ഷിക്കപ്പെടുമെന്ന് എനിക്ക് വിശ്വാസമുണ്ട്. കൂട്ടബലാത്സംഗം, ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുക, കൊലപാതകം, സംഘം ചേര്‍ന്ന് ആക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ഒക്കെ ചേര്‍ത്താണ് സി.ബി.ഐ കുറ്റപത്രം നല്‍കിയത്. എന്നിട്ടും മൂന്നു പേരെ വെറുതെവിട്ട കോടതി നടപടി വിചിത്രമാണ്’- സീമ ചൂണ്ടിക്കാട്ടി. ഇവരെ കുറ്റവിമുക്തരാക്കിയതിനു പിന്നില്‍ രാഷ്ട്രീയ സ്വാധീനമായിരിക്കാം- അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെയുള്ള ഹത്രാസ് എന്ന ഗ്രാമത്തില്‍വെച്ചാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
നാടകങ്ങള്‍ ഒരുപാട് അരങ്ങേറിയിരുന്നു ഈ കൊലപാതകത്തിനു പിന്നാലെ. പ്രതികളെ രക്ഷാക്കാനുള്ള നീക്കങ്ങള്‍ തുടക്കം മുതലേ നടന്നിരുന്നു. അര്‍ദ്ധരാത്രി തിടുക്കപ്പെട്ടാണ് പെണ്‍കുട്ടിയുടെ ശവസംസ്‌ക്കാരം പൊലിസ് നടത്തിയത്. അതും വിശ്വാസപരമായ യാതൊരു ചടങ്ങുകളും നടത്താന്‍ കുടുംബത്തിന് അവസരം നല്‍കാതെയായിരുന്നു ശവസംസ്‌ക്കാരം. മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും മറ്റും സാക്ഷിയായിരുന്നു ഇതിന്. സംസ്‌ക്കാരം തിടുക്കപ്പെട്ട് നടത്താന്‍ തങ്ങളെ പൊലിസ് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് അന്ന് തന്നെ കുടുംബം പറഞ്ഞിരുന്നു. തങ്ങളുടെ സമ്മതം കൂടാതെയാണ് പൊലിസ് ചടങ്ങ് നടത്തിയതെന്നും അവസാനമായി വീട്ടിലേക്ക് കുട്ടിയെ കൊണ്ടുവരാന്‍ പോലും പൊലിസ് അനുവദിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ കുടുംബത്തിന്റെ ആഗ്രഹമനുസരിച്ചാണ് തങ്ങള്‍ കുട്ടിയെ ദഹിപ്പിച്ചതെന്നായിരുന്നു പൊലിസിന്റെ വിശദീകരണം. പൊലിസിന്റെ നടപടി ഞെട്ടലുളവാക്കുന്നുവെന്നാണ് അന്ന് സുപ്രിം കോടതി പ്രതികരിച്ചത്.

കേസിലെ പല സത്യങ്ങളും മറക്കുന്നതിനാണ് പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതെന്ന് അന്ന് തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഉയര്‍ന്ന ജാതിക്കാരായ പ്രതികള്‍ക്കായി പൊലിസ് ഇടപെട്ടുവെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

‘അതൊരു നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു. എന്നാല്‍ ഹത്രാസ് കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്നു തന്നെയായിരുന്നു എന്നും പൊലിസിന്റെ നിലപാട്. ക്രൂരമായ നരഹത്യക്കാണ് മുഖ്യപ്രതിയെ കോടതി ശിക്ഷിച്ചിരിക്കുന്നത്. യു.പി പൊലിസ് പറഞ്ഞത് ശരിയായിരുന്നുവെന്നാണ് വിധി കാണിക്കുന്നത്’ വിധിയെ സ്വാഗതം ചെയ്ത യോഗി സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചിതിങ്ങനെയാണ്.

രാജ്യം മുഴുവന്‍ ഇതിനെതിരെ പ്രതിഷേധിച്ചു. ലോകശ്രദ്ധ നേടിയ സംഭവമായിരുന്നു ഇത്. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പെടെ നേതാക്കളെ തടഞ്ഞും സമരം ചെയ്തവരെ അടിച്ചമര്‍ത്തിയും യു.പി പൊലിസ് തനിനിറം പുറത്തെടുത്തു. മാധ്യമപ്രവര്‍ത്തകനായ സിദ്ദീക്ക് കാപ്പനെ യു.എ.പിയഎ ചുമത്തി തടവിലിട്ടതും ഹാത്രസ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.