ഹരിയാന: മുസ് ലിംകള്‍ ഇന്ന് ജുമുഅക്ക് പള്ളിയിലേക്കില്ല; നിസ്‌കാരം വീടുകളിലൊതുക്കും
ചാണ്ഡിഗഡ്: വി.എച്ച്.പിയുടെ ഘോഷയാത്ര രൂക്ഷമായ വര്‍ഗീയ ആക്രമണങ്ങളില്‍ കലാശിച്ച ഹരിയാനയിലെ നൂഹില്‍ ഇന്നത്തെ ജുമുഅക്ക് മുസ് ലിംകള്‍ പള്ളില്‍ പോകില്ല. പകരം വീട്ടില്‍നിന്ന് നിസ്‌കരിക്കും. പള്ളിയിലോ മറ്റ് പൊതുസ്ഥലത്തോ ഇന്ന് ജുമുഅ നിസ്‌കാരം ഉണ്ടായിരിക്കില്ലെന്നും പകരം വിശ്വാസികള്‍ അവരുടെ വീട്ടില്‍വച്ച് പതിവ് ദുഹ്ര്‍ (ഉച്ച സമയത്തെ പ്രാര്‍ഥന) നിര്‍വഹിക്കുമെന്നും ഗുരുഗ്രാം ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മുഫ്തി സലീം ഖാസിമി അറിയിച്ചു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലും ഹിന്ദുത്വസംഘടനകളുടെ ആക്രമണഭീഷണിയുള്ളതിനാലുമാണിത്.
പൊതുസ്ഥലങ്ങളില്‍ നിസ്‌കരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ ബുധനാഴ്ച ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കിയിരുന്നു. കൂടാതെ നൂഹ് കലക്ടര്‍ പ്രശാന്ത് പന്‍വാറും ജില്ലാ പൊലിസ് മേധാവി വരുണ്‍ സിംഗ്ലയും മുസ് ലിം നേതാക്കളെ കണ്ട് പ്രാര്‍ഥന വീട്ടില്‍തന്നെ ഒതുക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുകയുണ്ടായി. ഇതുള്‍പ്പെടെ പരിഗണിച്ചാണ് തീരുമാനം. നേരത്തെ തന്നെ ഗുരുഗ്രാം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പള്ളി ഇല്ലാത്ത പ്രദേശങ്ങളിലെ മുസ് ലിംകള്‍ പൊതുസ്ഥലങ്ങളില്‍ നടത്തുന്ന ജുമുഅക്കെതിരേ ഹിന്ദുത്വ സംഘടനകള്‍ പലതവണ ആക്രമണം നടത്തിയിരുന്നു.
അതേസമയം, തിങ്കളാഴ്ച മുതലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 176 പേരെ അറസ്റ്റ്‌ചെയ്തു. 93 എഫ്.ഐ.ആറുകളാണ് ആകെ രജിസ്റ്റര്‍ചെയ്തത്. ഇതില്‍ 46 ഉം നൂഹിലാണ്. സംഘര്‍ഷം ആസൂത്രിതമെന്നാണ് എഫ്.ഐ.ആറില്‍ ഉള്ളത്. നൂറുകണക്കിന് വരുന്ന ജനക്കൂട്ടം പൊലിസ് സ്റ്റേഷന്‍ വളഞ്ഞ് കല്ലെറിയുകയും പൊലീസുകാരെ കൊല്ലുമെന്ന് ആക്രോശിക്കുകയും ചെയ്‌തെന്ന് എഫ്.ഐ.ആറിലുണ്ട്. സംഘര്‍ഷ സാധ്യത ഒഴിയാത്തതിനാല്‍ നൂഹ്, ഫരീദാബാദ്, പല്‍വാള്‍, ഗുരുഗ്രാം എന്നിവിടങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനത്തിനുള്ള നിരോധനം നാളെ വരെ നീട്ടി.
Comments are closed for this post.