2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നോട്ടിസില്ല, അറിയിപ്പില്ല ഒരു സുപ്രഭാതത്തില്‍ ബുള്‍ഡോസര്‍ പടിവാതിലില്‍; അഞ്ച് ദിവസത്തിനിടെ ഹരിയാനയില്‍ പൊളിച്ചു നീക്കിയത് 1200ലേറെ മുസ്‌ലിം വീടുകളും കെട്ടിടങ്ങളും

നോട്ടിസില്ല, അറിയിപ്പില്ല ഒരു സുപ്രഭാതത്തില്‍ ബുള്‍ഡോസര്‍ പടിവാതിലില്‍; അഞ്ച് ദിവസത്തിനിടെ ഹരിയാനയില്‍ പൊളിച്ചു നീക്കിയത് 1200ലേറെ മുസ്‌ലിം വീടുകളും കെട്ടിടങ്ങളും

ഒരറിയിപ്പുമില്ല. നോട്ടിസില്ല. വന്ന നോട്ടിസില്‍ പറയുന്നതോ ഒരാഴ്ചക്കുള്ളില്‍ അല്ലെങ്കിലും അല്‍പം കൂടി സമയമെടുത്ത് വീട് ഒഴിയണമെന്ന്. അത് വായിച്ചൊന്ന് പുറത്തിറങ്ങുമ്പോഴേക്കും ബുള്‍ഡോസര്‍ പടിവാതിലില്‍. മറിച്ചൊന്ന് ചിന്തിക്കാനോ പറയാനോ ഇടയില്ലാതെ അതിന്റെ ഭീകര കൈകള്‍ വീടുകള്‍ക്ക് മുകളില്‍ പതിക്കുക. ഇത്രയും നാള്‍ സ്വരുക്കൂട്ടി വെച്ചതെല്ലാം ഒറ്റയടിക്ക് മണ്ണില്‍ അടിയുക. ഇതാണ് സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ നൂഹിലും ഗുരുഗ്രാമിലും. ആയിരത്തിലേറെ വീടുകളും കെട്ടിടങ്ങളുമാണ് അഞ്ച് ദിവസങ്ങളിലായി തകര്‍ക്കപ്പെട്ടത്.

ജൂലൈ 31 ന് ഹിന്ദുത്വ ഗ്രൂപ്പായ വി.എച്ച്.പിയും ബജ്‌റംഗ്ദളും നടത്തിയ ഹിന്ദു ഘോഷയാത്രയ്ക്കിടെ നൂഹില്‍ ഉണ്ടായ അക്രമത്തെ തുടര്‍ന്ന് ഹരിയാന അധികാരികള്‍ അഞ്ച് ദിവസത്തിനിടെ മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ള 1,208 കെട്ടിടങ്ങള്‍ ഏകപക്ഷീയമായി തകര്‍ക്കുകയായിരുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നതനുസരിച്ച്, 11 പട്ടണങ്ങളും കുഗ്രാമങ്ങളും ഉള്‍ക്കൊള്ളുന്ന, 37 സ്ഥലങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന, 72.1 ഏക്കര്‍ വ്യാപിച്ചുകിടക്കുന്ന, നുഹ് എന്ന ഒരൊറ്റ ജില്ലയില്‍ ഉടനീളം ഈ പൊളിക്കലുകള്‍ നടന്നു .

നുഹ്, നല്‍ഹര്‍, പുന്‍ഹാന, ടൗരു, നംഗല്‍ മുബാറക്പൂര്‍, ഷാപൂര്‍, ആഗോണ്‍, അദ്ബാര്‍ ചൗക്ക്, നല്‍ഹാര്‍ റോഡ്, തിരംഗ ചൗക്ക്, നാഗിന എന്നിവയുള്‍പ്പെടെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് നശിപ്പിച്ച സ്വത്തുക്കള്‍ ഉള്ളതെന്ന് ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നു. റോഹിങ്ക്യന്‍ അഭയാര്‍ഥികളും കുടിയേറ്റ തൊഴിലാളികളും ഉള്‍പ്പെടെ ആയിരത്തിലധികം മുസ്‌ലിംകളെ ബാധിച്ച ഈ തകര്‍ക്കലിന്റെ ആഘാതം വ്യാപകമായിരുന്നു.

വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടവര്‍ക്ക് പൊളിക്കല്‍ യജ്ഞം ആരംഭിക്കുന്നതിന് മുമ്പ് അധികൃതരില്‍ നിന്ന് മുന്‍കൂര്‍ അറിയിപ്പോ വിവരമോ ലഭിച്ചിരുന്നില്ല.

‘വൈകിട്ട് 4 മണിയോടെ ഞാന്‍ ജോലിക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ എനിക്ക് നോട്ടിസ് ലഭിച്ചു. രണ്ടു ദിവസത്തിനകം എന്റെ വീട് പൊളിക്കുമെന്ന്. എന്നാല്‍ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു ബുള്‍ഡോസര്‍ വന്നു. എന്റെ സാധനങ്ങള്‍ പുറത്തെടുക്കാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫിര്‍ എന്നോട് ആവശ്യപ്പെട്ടു, ‘ ആശുപത്രി ഗാര്‍ഡായി ജോലി ചെയ്യുന്ന 56 കാരനായ ആസ് മുഹമ്മദിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

‘ഞങ്ങള്‍ വീട്ടിലില്ലാത്തപ്പോഴാണ് അവര്‍ നോട്ടിസ് ഇട്ടു പോയത്. ഞങ്ങള്‍ക്ക് ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്തതിനാല്‍ ഞങ്ങള്‍ അടുത്തുള്ള ഒരു വീട്ടില്‍ പോയി, ഏഴ് ദിവസത്തിനുള്ളില്‍ വീടുകള്‍ പൊളിക്കുമെന്ന് ഉത്തരവില്‍ ഉണ്ടായിരുന്നു ’16 കാരിയായ ബര്‍ഫീന പറയുന്നു.

ആഗസ്റ്റ് 7ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍, പൊളിച്ച നിര്‍മിതികളുടെ എണ്ണം കൂടുതലാകുമായിരുന്നു. വംശീയ ഉന്മൂലനം എന്നാണ് കോടതി ഹരിയാന സര്‍ക്കാറിന്റെ നീക്കത്തെ വിശേഷിപ്പിച്ചത്. ക്രമസമാധാന പ്രശ്‌നത്തിന്റെ മറവില്‍ ഒരു പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുകയും വംശീയ ഉന്മൂലനം നടത്തുകയും ചെയ്യുന്നുണ്ടോ എന്നതും പ്രശ്‌നം ഉയര്‍ന്നുവരുന്നു,’ ജസ്റ്റിസ് ജിഎസ് സാന്ധവാലിയ, ജസ്റ്റിസ് ഹര്‍പ്രീത് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ഗുരുഗ്രാമിലും നൂഹിലും ചില കലാപങ്ങള്‍ ഉണ്ടായതിന്റെ പേരില്‍ ഹരിയാന സംസ്ഥാനം ബലം പ്രയോഗിച്ച് കെട്ടിടങ്ങള്‍ പൊളിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിന്റെ മാതൃകയില്‍ ഹരിയാനയിലും ബുള്‍ഡോസര്‍ നടപടിയുണ്ടാകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞതിന് പിന്നാലെയാണ് പൊളിക്കലുകള്‍. ആവശ്യമെങ്കില്‍ ബുള്‍ഡോസറുകളും ഉപയോഗിക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞിരുന്നു.

സര്ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ഹൈക്കോടതി ബെഞ്ചിനെ മാറ്റുകയും ചെയ്തു. ഇടിച്ചുനിരത്തിയ വീടുകളുടെയും കെട്ടിടങ്ങളുടെയും കണക്ക് സര്‍ക്കാറിനോട് ആവശ്യപ്പെട്ട് കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് അത്യന്തം നാടകീയമായി ബെഞ്ചിനെ മാറ്റിയത്. ജസ്റ്റിസുമാരായ അരുണ്‍ പള്ളി, ജഗന്‍ മോഹന്‍ ബന്‍സല്‍ എന്നിവരടങ്ങുന്ന പുതിയ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.