കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ വെള്ളിയാഴ്ച പൊലിസ് കോടതിയില്‍ പ്രതിപ്പട്ടിക സമര്‍പ്പിക്കും. ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാരും നഴ്‌സ്മാരും കേസില്‍ പ്രതികളാവും.
സംഭവത്തില്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് നടപടികളുമായി മുന്നോട്ടുപോകാമെന്ന് കഴിഞ്ഞ ദിവസം പൊലിസിന് നിയമോപദേശം ലഭിച്ചിരുന്നു. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമെടുത്ത കേസില്‍ നടപടി തുടരാമെന്നായിരുന്നു നിയമോപദേശം. ഗവ. പ്ലീഡറില്‍നിന്നാണ് മെഡിക്കല്‍ കോളജ് എ.സി.പി കെ. സുദര്‍ശന് നിയമോപദേശം ലഭിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും പൊലിസിന് നിയമോപദേശം ലഭിച്ചിരുന്നു.
വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണെന്നായിരുന്നു പൊലിസ് കണ്ടെത്തല്‍. മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കു വിധേയയാവുന്നതിനു മുമ്പ് ഹര്‍ഷിനക്ക് നടത്തിയ എം.ആര്‍.ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കണ്ടെത്തല്‍.എന്നാല്‍, ജില്ല മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നപ്പോള്‍ പൊലിസ് വാദം ഡോക്ടര്‍മാര്‍ തള്ളുകയായിരുന്നു. എം.ആര്‍.ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെ നിഗമനത്തിലെത്താനാവില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം.
അതേസമയം, മെഡിക്കല്‍ ബോര്‍ഡിന്റെ ഈ റിപ്പോര്‍ട്ടിനെ ആരോഗ്യമന്ത്രി നിയമസഭയില്‍ തള്ളിപ്പറഞ്ഞിു. അതിനിടെ കേസില്‍ മെഡിക്കല്‍ കോളജിനെതിരായ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്ന റിപ്പോര്‍ട്ട് അന്വേഷണോദ്യോഗസ്ഥനായ എ.സി.പി കെ. സുദര്‍ശന്‍ സിറ്റി പൊലിസ് കമീഷണര്‍ക്ക് കൈമാറുകയും ചെയ്തു.
തുടര്‍ന്ന് അന്വേഷണ നടപടികളുമായി മുന്നോട്ടുപോവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നുതന്നെയാണെന്നും കുറ്റക്കാര്‍, അന്ന് ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടര്‍മാരും രണ്ടു നഴ്‌സുമാരുമാണെന്നുമാണ് എ.സി.പിയുടെ റിപ്പോര്‍ട്ട്.
Comments are closed for this post.