
ന്യൂഡല്‍ഹി: കൊവിഡ്-19 നെതിരായ വാക്സിന് പുറത്തിറങ്ങുന്ന സമയത്തെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് വിരാമമിട്ട് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് വാക്സിന് എപ്പോള്‍ വരുമെന്ന് പ്രവചിക്കാനാവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്ധന് പറഞ്ഞു.
ഓഗസ്റ്റ് 15ന് മുന്‍പായി കൊവിഡ് വാക്സിന് ഇന്ത്യയില്‍ പുറത്തിറക്കുമെന്നായിരുന്നു നേരത്തെ ഐ.സി.എം.ആറിലെ തന്നെ ഒരു വിഭാഗം പറഞ്ഞത്. ഇതിനു പിന്നാലെ ഒരു കൂട്ടം ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തി. വാക്സിന് പരീക്ഷണം മനുഷ്യനില്‍ പോലും നടത്തിയിട്ടില്ലെന്നിരിക്കെ എങ്ങനെയാണ് തിയ്യതി പറയാനാവുകയെന്നായിരുന്നു ചോദ്യം.
വാക്സിന് നേരത്തെ ലഭ്യമാക്കാനാണ് ശ്രമം. എന്നാല്‍ പരീക്ഷണത്തിന്റെ നടപടിക്രമങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ലോകാരോഗ്യ സംഘടനയുമായി പരീക്ഷണം വേഗത്തിലാക്കുന്ന കാര്യം സംസാരിച്ചിരുന്നു. വാക്സിന് പ്രതീക്ഷ നല്ക്കുന്ന കമ്പനികളെ കഴിയുന്നത്ര സഹായിക്കാന്‍ സംഘടന ആവശ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
എന്നാല്‍, വാക്സിന് 2021ന്റെ തുടക്കത്തില്‍ മാത്രമേ ലഭ്യമാവുകയുള്ളു എന്ന് വിദഗ്ധ സംഘം പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. 200 ഓളം വാക്സില്‍ ഗവേഷണങ്ങളാണ് ലോകത്താകെ നടക്കുന്നത്.