2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹാര്‍ലി റിട്ടേണ്‍സ്‌

വീൽ
വി​നീ​ഷ്

ബൈക്ക് സ്വപ്‌നങ്ങളില്‍ ഹാര്‍ലി എന്ന വികാരം കൊണ്ടുനടന്നവര്‍ വില കേട്ട് നെടുവീര്‍പ്പിടേണ്ടി വന്നതെല്ലാം ഇനി പഴങ്കഥ. റോയല്‍ എന്‍ഫീല്‍ഡിന്റെ വിലയ്ക്ക് നമ്മുടെ മുറ്റത്തും കിടക്കും സാക്ഷാല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു കുഞ്ഞു ഹാര്‍ലി. ഹീറോ മോട്ടോര്‍ കോര്‍പ്പിന്റെയും ഹാര്‍ലി ഡേവിഡ്‌സണിന്റെയും കൂട്ടുകെട്ടില്‍ പിറവിയെടുക്കുന്ന ആദ്യത്തെ ബൈക്ക് , X 440 കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതും കൊതിപ്പിക്കുന്ന 2.29 ലക്ഷം രൂപയ്ക്ക്. ഒരു ദശകത്തോളം നീണ്ട ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് പ്‌ളാന്റും പൂട്ടി അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിസ്ഡണ്‍ ഇന്ത്യ വിട്ടെങ്കിലും പിന്നീട് ഏവരെയും അമ്പരപ്പിച്ച് ഹീറോ മോട്ടോര്‍ കോര്‍പ്പുമായി സഹകരിച്ച് ബഡ്ജറ്റ് ശ്രേണിയില്‍പ്പെട്ട ബൈക്കുകള്‍ നിര്‍മിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഈ ഇന്‍ഡോ- അമേരിക്കന്‍ സഹകരണ ധാരണ പ്രകാരം ഹാര്‍ലിയുടെ സെയില്‍സ്- സര്‍വിസ് പ്രവര്‍ത്തനങ്ങളും ഹീറോ നിര്‍വഹിക്കും. കൂടാതെ ഹാര്‍ലി ബൈക്കുകളുടെ സാങ്കേതിക വിദ്യഉപയോഗിച്ച് ഹീറോയുടെ സ്വന്തം മോഡലുകളും ഇതിനൊപ്പമുണ്ടാകും. എന്നുവച്ചാല്‍ X 440യുടെ ഹീറോ പതിപ്പിനെനെയും താമസിയാതെ ഇന്ത്യന്‍ നിരത്തില്‍ കാണാമെന്നര്‍ഥം.


1978ല്‍ പുറത്തിറക്കിയ SX250യ്ക്ക് ശേഷം ഇപ്പോഴാണ് ഹാര്‍ലിയുടെ ഒരു സിംഗിള്‍ സിലിണ്ടര്‍ ബൈക്ക് പുറത്തിറങ്ങുന്നതെന്ന സവിശേഷത കൂടിയുണ്ട് ഇപ്പോഴത്തെ ലോഞ്ചിന്. X 440യുടെ 27 ബി.എച്ച്.പി കരുത്തുള്ള 440സി.സി ഓയില്‍കൂള്‍ഡ് എന്‍ജിന്‍ 4000 rpmല്‍ 38 Nm ടോര്‍ക്ക് ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. കുറഞ്ഞ 2000rpmല്‍ പോലും പീക്ക് ടോര്‍ക്കിന്റെ 90ശതമാനം വരെ പുറത്തെടുക്കാന്‍ കഴിയുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് ഗിയര്‍ ബോക്‌സുമായി ഒരു സ്‌പോര്‍ട്ട്‌സ് ബൈക്കിന്റെയും ടൂറിങ് മോട്ടോര്‍സൈക്കിളിന്റെയും സവിശേഷകള്‍ സന്നിവേശിപ്പിച്ച റോഡ്സ്റ്റര്‍ ഗണത്തില്‍പെടുത്താവുന്ന ബൈക്കാണ് X 440. കമ്പനിയുടെ ലോഗോ ആലേഖനം ചെയ്ത റൗണ്ട് എല്‍. ഇ.ഡി ഹൈഡ്‌ലൈറ്റ്, ഫ്‌ളാറ്റ് ഹാന്‍ഡില്‍ ബാര്‍ എന്നിവയെല്ലാം ടിപ്പിക്കല്‍ ഹാര്‍ലി ലുക്ക് ബൈക്കിന് നല്‍കുന്നുണ്ട്. 43 mm ഡ്യുവല്‍ കാട്രിഡ്ജ് അപ്പ്-സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് മുന്‍വശത്ത് ഉപയോഗിച്ചിരിക്കുന്നത്. പിന്‍ഭാഗത്ത് 7-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ്‌മെന്റോടുകൂടിയ ഗ്യാസ് ചാര്‍ജ്ഡ് ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളാണ് ഉള്ളത്. പിറകില്‍ ഏതായാലും മോണോ ഷോക്ക് സംവിധാനം ഇവിടെയില്ല. ബ്രേക്കിങ്ങിനായി മുന്നില്‍ 320 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കും നല്‍കിയിട്ടുണ്ട്. മുന്‍ഭാഗത്തേത് 18 ഇഞ്ച് വീലാണെങ്കില്‍ പിറകിലേത് ഒരല്‍പം ചെറുതാണ്, 17 ഇഞ്ച് മാത്രമേയുള്ളൂ. സുരക്ഷയ്ക്ക് സ്റ്റാന്‍ഡേര്‍ഡായി ഡ്യുവല്‍-ചാനല്‍ എ.ബി.എസും പുതിയ ഹാര്‍ലി റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. തെരഞ്ഞെടുക്കുന്ന വേരിയന്റ് അനുസരിച്ച് X440-യില്‍ അലോയ് വീലുകളോ സ്‌പോക്ക് വീലുകളോ ആയിരിക്കും .ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ 3 വ്യത്യസ്ത വേരിയന്റുകളിലാണ് വിപണിയിലെത്തുക.


ഇവയുടെ വില യഥാക്രമം 2.29 ലക്ഷം രൂപ, 2.49 ലക്ഷം രൂപ, 2.69 ലക്ഷം രൂപ എന്നിങ്ങനെയാണ്. മസ്റ്റാര്‍ഡ് ഡെനിം, മെറ്റാലിക് ഡാര്‍ക്ക് സില്‍വര്‍, മെറ്റാലിക് തിക്ക് സില്‍വര്‍, മാറ്റ് ബ്ലാക്ക് എന്നീ നാല് വ്യത്യസ്ത കളര്‍ ഓപ്ഷനുകളും ഇതോടൊപ്പം ഉണ്ടാകും.

കൂടുതല്‍ കംഫര്‍ട്ട് നല്‍കുന്ന ടൂറിങ് സീറ്റ്, ബാക്ക് റസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍, സാഡില്‍ ബാഗുകള്‍ എന്നിവയും ആവശ്യമെങ്കില്‍ ഓപ്ഷണല്‍ ആയി ലഭിക്കും.രാജ്യത്തെ എല്ലാ അംഗീകൃത ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈനിലും തെരഞ്ഞെടുത്ത ഹീറോ മോട്ടോകോര്‍പ് ഔട്ട്‌ലെറ്റുകളിലൂടെയും 5,000 രൂപ നല്‍കി ബൈക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. 2023 ഒക്ടോബറില്‍ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. X440 റോഡ്സ്റ്ററിന്റെ ഏറ്റവും വലിയ എതിരാളി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 തന്നെയായിരിക്കും. കൂടാതെ ട്രയംഫിന്റെ 400 സി.സി ട്വിന്‍ മോഡലുകളോടും ഹാര്‍ലിക്ക് പൊരുതേണ്ടി വരും. റോയല്‍ എന്‍ഫീല്‍ഡിന് മുന്‍പ് കാര്യങ്ങള്‍ എളുപ്പമായിരുന്നുവെങ്കിലും മത്സരം ചൂടുപിടിപ്പിക്കാനെത്തുന്ന ഈ പുത്തന്‍ ‘പയ്യന്‍മാര്‍’ ഉണ്ടാക്കുന്ന കോലാഹലങ്ങളില്‍ കാലിടറുമോ എന്നത് കാത്തിരുന്നു കാണാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.