തിരുവനന്തപുരം: ഹിന്ദു വിദ്യാര്‍ഥികളെകൊണ്ട് മുസ് ലിം വിദ്യാര്‍ഥിയെ അധ്യാപിക അടിപ്പിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ”ഇന്ത്യ’ എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസാഫര്‍ നഗറിലെ ഈ സ്‌കൂളിന് മുന്നില്‍ അല്ലെ ഒത്ത് ചേരണ്ടേത്?’ എന്ന് അദ്ദേഹം ഫെയ്‌സ്ബുക് കുറിപ്പിലൂടെ ചോദിച്ചു. 685 കോടിയുടെ ചന്ദ്രയാന്‍ 3 എന്ന അഭിമാനം കളയാന്‍ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്:
‘ഇന്ത്യ’ എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസാഫര്‍ നഗറിലെ ഈ സ്‌കൂളിന് മുന്നില്‍ അല്ലെ ഒത്തു ചേരണ്ടേത്…അത് തിരഞ്ഞെടുപ്പ് രാഷ്ട്രിയമല്ല…മറിച്ച് മനസ്സില്‍ പുഴു കുത്തുകളില്ലാത്ത വരും തലമുറയുടെ യഥാര്‍ഥ ‘ഇന്ത്യ’യെ ഉണ്ടാക്കാനാണ് …ആ സ്‌കൂളിന്റെ മുന്നില്‍ നിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കു…വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ..കേന്ദ്ര സര്‍ക്കാരേ..685 കോടിയുടെ ചന്ദ്രയാന്‍ 3 എന്ന അഭിമാനം കളയാന്‍ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് മറക്കരുത്.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍നിന്ന് നിഷ്ഠൂരമായ ഒരു വിദ്വേഷ ആക്രമണവാര്‍ത്തയാണ് ഇന്നലെ പുറത്തുവന്നത്. എട്ട് വയസുള്ള മുസ്‌ലിം വിദ്യാര്‍ഥിയെ ക്ലാസില്‍ എല്ലാവര്‍ക്കും മുന്നില്‍ എണീറ്റു നിര്‍ത്തിക്കുകയും ബാക്കിയുള്ളവരോട് കുട്ടിയുടെ മുഖത്ത് അടിക്കാന്‍ ക്ലാസിലെ അധ്യാപിക ആവശ്യപ്പെടുകയും ചെയ്യുന്ന വിഡിയോയാണ് പുറത്തുവന്നത്.
മുസഫര്‍നഗര്‍ ജില്ലയില്‍ മന്‍സൂര്‍പൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. ത്രിപ്ത ത്യാഗി എന്നാണ് അധ്യാപികയുടെ പേര്. ക്ലാസിലെ ഏക മുസ് ലിം കുട്ടിയാണ് വിഡിയോയില്‍ കാണുന്ന ഇര. കുട്ടിയെ മറ്റു കുട്ടികള്‍ക്ക് മുന്നില്‍ നിര്‍ത്തിയാണ് ബാക്കിയുള്ളവരോട് വന്ന് അടിക്കാന്‍ പറയുന്നത്. ഞാന്‍ എല്ലാ മുസ്‌ലിം കുട്ടികളെയും അടിക്കുന്നുവെന്ന് അധ്യാപിക പറയുന്നതും മറ്റൊരാള്‍ പകര്‍ത്തിയ വിഡിയോയില്‍ കേള്‍ക്കാം.
വിഡിയോ പകര്‍ത്തിയയാള്‍ ഉറക്കെ ചിരിക്കുന്നതും അധ്യാപികയെ പ്രോത്സാഹിപ്പിക്കുന്നതും കാണാം. കുട്ടിയെ ശക്തമായി അടിക്കാത്തതിന് ചില വിദ്യാര്‍ഥികളെ അധ്യാപിക വഴക്ക് പറയുന്നതും ദൃശ്യത്തിലുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വിഷയത്തില്‍ മുസഫര്‍നഗര്‍ പൊലിസ് ഇടപെട്ടതോടെ വൈകീട്ട് അധ്യാപിക ക്ഷമാപണം നടത്തിയതായി ഫ്രീപ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സംഭവത്തില്‍ പരാതി കൊടുക്കുന്നില്ലെന്നും ഇനി കുട്ടിയെ ക്ലാസില്‍ പറഞ്ഞയക്കുന്നില്ലെന്നും പിതാവ് ഇര്‍ഷാദ് പറഞ്ഞു. പരാതി കൊടുത്തിട്ട് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.