2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇസ്റാഈലിനെ ഞെട്ടിച്ച് ഹമാസിന്റെ ചെറുത്തുനില്‍പ്പ്; ആശയക്കുഴപ്പത്തിലാക്കി ഹമാസ് നിര്‍മിച്ച തുരങ്ക ശൃംഖല

ഇസ്റാഈലിനെ ഞെട്ടിച്ച് ഹമാസിന്റെ ചെറുത്തുനില്‍പ്പ്; ആശയക്കുഴപ്പത്തിലാക്കി ഹമാസ് നിര്‍മിച്ച തുരങ്ക ശൃംഖല

   

ഗസ്സ: കനത്ത ഉപരോധത്തിലൂടെ ഫലസ്തീനെ വളഞ്ഞ് ആക്രമിക്കുമ്പോഴും ഇസ്‌റാഈലിന്റെ കരയാക്രമണത്തെ ചെറുത്തുനിന്ന് ഹമാസ്. കരമാര്‍ഗം ഗസ്സയിലേക്ക് കടക്കാനുള്ള സയണിസ്റ്റ് സൈനികരുടെ ശ്രമം പ്രധാനമായും മൂന്നു സ്ഥലങ്ങളിലായാണ് ഹമാസ് സായുധവിഭാഗമായ ഇസ്സുദ്ദീന്‍ ഖസം ബ്രിഗേഡ് ചെറുക്കുന്നത്. ഇസ്‌റാഈലിനെ ചെറുത്തുകൊണ്ടിരിക്കുന്നതായും ഇവിടെ സയണിസ്റ്റ് സൈന്യത്തിന് നാശനഷ്ടങ്ങള്‍ വരുത്തിയതായും ബ്രിഗേഡ് ടെലഗ്രാം ചാനലില്‍ അറിയിച്ചു. വടക്കന്‍ ഗസ്സയിലെ ബൈത്ത് ഹനൂനിലും മധ്യ ഗസ്സയിലെ ബുറൈജിലുമാണ് അധിനിവേശ സൈനികരെ കാത്ത് ഹമാസ് പോരാളികള്‍ നിലയുറപ്പിച്ചതെന്നും ഇവിടെ നേരിട്ടുണ്ടായ ഏറ്റുമുട്ടലില്‍ പോരാളികള്‍ നാശനഷ്ടമുണ്ടാക്കിയെന്നും ഇറാന്‍ ആസ്ഥാനമായ പ്രസ് ടി.വി റിപ്പോര്‍ട്ട്‌ചെയ്തു.

ഈ രണ്ടു പ്രദേശത്തെയും മൂന്നു സ്ഥലത്തായി തങ്ങള്‍ സ്ഥാപിച്ച കെണിയില്‍ ശതുസൈന്യം വീണെന്നും പരുക്കേറ്റവരെയും മരിച്ചവരുടെ മൃതദേഹങ്ങളും കൊണ്ടുപോകാന്‍ ഇസ്‌റാഈല്‍ സൈന്യം ഹെലികോപ്ടറുകളിലെത്തിയതായും ഹമാസ് അവകാശപ്പെട്ടു. എന്നാല്‍ ഗസ്സയില്‍ കരയാക്രമണത്തിനിടെയുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ഇസ്‌റാഈലിന്റെ ഭാഗത്തുനിന്ന് പ്രതികരണം പുറത്തുവന്നിട്ടില്ല.

കരമാര്‍ഗമുള്ള ഇസ്‌റാഈലിന്റെ ആക്രമണങ്ങള്‍ കനത്ത പ്രഹരമേല്‍പ്പിക്കുമെന്നും മുഴുവന്‍ ശക്തിയും ഉപയോഗിച്ച് നേരിടുമെന്നും ബ്രിഗേഡ് വ്യക്തമാക്കി. ഇസ്‌റാഈല്‍ പരാജയപ്പെട്ട സൈന്യമാണെന്നും കുട്ടികളെയും സാധാരണക്കാരെയും കൊലപ്പെടുത്തിയതല്ലാതെ ആക്രമണം കൊണ്ട് നെതന്യാഹു യാതൊന്നും നേടിയില്ലെന്നും അദ്ദേഹം അറിയിച്ചു.

ഗസ്സയില്‍ കരയാക്രമണം ശക്തമാക്കിയ ഇസ്റാഈല്‍ ഭയക്കുന്നത് ഹമാസിന്റെ തുരങ്ക ശൃംഖലയാണ്. കമാന്‍ഡര്‍മാരടക്കമുള്ള ഹമാസിന്റെ പോരാളികള്‍ ഒളിവില്‍ കഴിയുന്നത് ഇത്തരം തുരങ്കങ്ങളിലാണെന്നാണ് ഇസ്റാഈല്‍ കരുതുന്നത്. തുരങ്കങ്ങളിലെ ഒളിയാക്രമണം ഇസ്റാഈലിന്റെ കരസേനക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുന്നുണ്ട്. 80 മീറ്റര്‍ വരെ താഴ്ചയിലാണ് ടണലുകള്‍ നിര്‍മിച്ചത്. ഡസന്‍ കണക്കിന് തുരങ്കങ്ങളുണ്ട്. ഇവ മൊത്തം നൂറു കിലോമീറ്റര്‍ വരെ നീളത്തില്‍ വ്യാപിച്ചുകിടക്കുന്നതായാണ് കരുതുന്നത്. ഇതിലൂടെ ഗസ്സയ്ക്കുള്ളിലൂടെയും എവിടേക്കും യാത്ര തിരിക്കാനാകും. തുരങ്കങ്ങള്‍ തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്റര്‍ മിസൈലുകള്‍ ഉപയോഗിച്ചെങ്കിലും ഫലം കണ്ടില്ല.

ഇത് തകര്‍ക്കാന്‍ സ്പോഞ്ച് ബോംബുകള്‍ ഉപയോഗിക്കാനാണ് ഇസ്റാഈലിന്റെ നീക്കം. ഒരുതരം രാസവസ്തുക്കള്‍ അടങ്ങിയതാണ് സ്പോഞ്ച് ബോംബുകള്‍. ടണലുകളുടെ മുഖം തകര്‍ക്കാനും ഗ്യാപുകള്‍ അടയ്ക്കാനുമാണ് ഇതു സഹായിക്കുക. വടക്കന്‍ ഗസ്സയില്‍ തങ്ങളുടെ പോര്‍ വിമാനങ്ങള്‍ ഭൂമിക്കടിയിലുള്ള 50 ലക്ഷ്യങ്ങള്‍ തകര്‍ത്തതായി ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.