
പക്ഷാഘാതം പിടിപെട്ട് ദുരിതക്കിടക്കയിലാണ് നാട്ടിലേക്ക് പോയത്
റിയാദ്: അനുമതി രേഖയില്ലാതെ ഹജ്ജിന് പോയി പിടിയിലായ മലയാളി നാടണഞ്ഞത് ആറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ. ഇതിനിടെ, പക്ഷാഘാതം പിടിപെട്ട് ദുരിതക്കിടക്കയിലായെങ്കിലും നിയമ പ്രശ്നം തടസമായതിനെ തുടർന്ന് നാട്ടിലേക്ക് പോകാനുള്ള വഴി അടയുകയായിരുന്നു. ഒടുവിൽ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നിയമതടസ്സങ്ങളിൽ നിന്ന് ഒഴിവായി നാടണഞ്ഞു.
ആലുവ സ്വദേശി അബ്ദുൽ അസീസാണ് അനധികൃത ഹജ്ജിന് പിടിയിലായി ഗുരുതരമായ നിയമപ്രശ്നം നേരിട്ട് ആറുവർഷം നാട്ടിൽ പോകാനാവാതെ സഊദിയിൽ കുടുങ്ങിപ്പോയത്. 15 വർഷമായി സഊദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ബത്ഹയിലെ ഒരു ബൂഫിയയിൽ ജീവനക്കാരനായിരുന്നു. സഊദിയിൽ നിന്നും ഹജ്ജിന് പോകാനായുള്ള അനുമതി പത്രം (തസ്രീഹ്) ഇല്ലാതെയാണ് ഹജ്ജിന് പുറപ്പെട്ടത്. എന്നാൽ ഇടക്ക് വെച്ച് പരിശോധനയിൽ പിടിക്കപ്പെടുകയും വലിയൊരു തുക പിഴ ചുമത്തിയതോടൊപ്പം യാത്രാ വിലക്കും ഏർപ്പെടുത്തി.
ഇതോടെ, ഇഖാമ പുതുക്കാൻ കഴിയാതെ വരികയും ജോലി നഷ്ടപ്പെടുകയും ചെയ്തു. നാട്ടിൽ പോകാനും കഴിയാതെ നിയമ പ്രശ്നങ്ങൾ നേരിടുന്നതിനിടെ ഏതാനും മാസങ്ങൾക്കു മുമ്പ് പക്ഷാഘാതം പിടിപെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ദുരിത ജീവിതം കണ്ട റിയാദിലെ ഹെൽപ് ഡസ്ക് പ്രവർത്തകർ പ്രമുഖ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ സഹായം തേടി. അബ്ദുൽ അസീസിന്റെ രോഗാവസ്ഥയും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ശോചനീയമായ സ്ഥിതിയും ശിഹാബ് കൊട്ടുകാട് ഇന്ത്യൻ എംബസിയുടെയും സഊദി പാസ്പോർട്ട് (ജവാസത്ത്) വിഭാഗത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തി. മാനുഷിക പരിഗണന നൽകി യാത്രാനുമതി നൽകണമെന്ന് ശിഹാബ് അധികൃതരോട് അഭ്യർഥിച്ചു.
ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽനിന്ന് യാത്രാനുമതി നേടിയെടുത്തു. വർഷങ്ങളായി ഇദ്ദേഹത്തിന് താമസ സൗകര്യം ഒരുക്കി സംരക്ഷണം നൽകിയത് ഏതാനും വ്യക്തികളായിരുന്നു. ശിഹാബ് കൊട്ടുകാടിനൊപ്പം റിയാദ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തകരായ ഷൈജു നിലമ്പൂർ, സലാം പെരുമ്പാവൂർ, ഡൊമനിക് സാവിയോ, റിജോ ഡൊമിനിക്കോസ്, സോണിയ റെനിൽ, അനസ് ജരീർ മെഡിക്കൽ എന്നിവരുമാണ് സഹായത്തിന് രംഗത്തുണ്ടായിരുന്നത്.