ന്യൂഡല്‍ഹി: ചില സ്വകാര്യ ഹജ്ജ് ഓപറേറ്റര്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യംചെയ്ത് കേന്ദ്രം സമര്‍പ്പിച്ച ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. തീര്‍ഥാടനത്തിലുള്ളവര്‍ സമ്മര്‍ദങ്ങളില്ലാതെ ഹജ്ജ് ചെയ്ത് മടങ്ങിവരട്ടെയെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി പരിഗണിക്കുന്നില്ലെന്ന് അറിയിച്ചത്. തീര്‍ഥാടനം പൂര്‍ത്തിയാക്കി ഹജ്ജ് ഗ്രൂപ്പുകള്‍ തിരിച്ചെത്തട്ടെ. അതുവരെ നടപടിയൊന്നും വേണ്ട. അവര്‍ സഊദിയില്‍ കുറെക്കാലം തങ്ങാന്‍ പോകുന്നില്ലല്ലോയെന്നും കോടതി പറഞ്ഞു.
ലൈസന്‍സ് റദ്ദാക്കപ്പെട്ടവര്‍ ഒന്നിച്ച് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ നേടുകയായിരുന്നു. തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കുന്ന നിയമം പാടില്ലെന്ന് ജസ്റ്റിസ് ചന്ദ്രധാരി സിങ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തു.
യോഗ്യതയില്ലാത്ത ഗ്രൂപ്പുകള്‍ക്ക് ഹജ്ജ് ടൂര്‍ നടത്താന്‍ അനുമതി നല്‍കിയാല്‍ തീര്‍ഥാടകരായിരിക്കും പ്രയാസപ്പെടുന്നതെന്ന് കേസ് പരിഗണിക്കവെ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജയ്ന്‍ സുപ്രിംകോടതിയില്‍ വാദിച്ചു.
ജൂലൈ ഏഴിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുകയാണല്ലോയെന്ന് ഈ ഘട്ടത്തില്‍ ബെഞ്ച് നിരീക്ഷിച്ചു. പിന്നെന്തിനാണ് ധൃതിപിടിച്ച് സുപ്രിംകോടതിയിലെത്തുന്നത്. ഈ ഘട്ടത്തില്‍ തങ്ങള്‍ ഇതില്‍ ഇടപെടാതിരിക്കുകയായിരിക്കും ഉചിതം. ഇവിടെ കേസ് നടക്കുന്നത് തീര്‍ഥാടകര്‍ക്ക് സമ്മര്‍ദമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഹജ്ജ് തീര്‍ഥാടനം സംഘടിപ്പിക്കണമെങ്കില്‍ സ്വകാര്യ ഹജ്ജ് ഓപറേറ്റര്‍മാര്‍ക്ക് യോഗ്യതകള്‍ ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ തുടര്‍ന്ന് വാദിച്ചു. ചില ഗ്രൂപ്പുകള്‍ക്കെതിരേ ഗുരുതരമായ പരാതി ലഭിച്ചതിനാലാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്.
തീര്‍ഥാടകരെ ഒരു തരത്തിലും പ്രയാസപ്പെടുത്താന്‍ തങ്ങള്‍ക്ക് ആഗ്രഹമില്ല. അവരുടെ പണം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു കൊടുക്കുന്നു. തീര്‍ഥാടകരുടെ താല്‍പര്യം ബലി കഴിക്കുന്നില്ലെന്ന് ഉറപ്പാക്കിയായിരുന്നു ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കേണ്ടിയിരുന്നത്. ഇത്തരം ഓപറേറ്റര്‍മാരുടെ കീഴില്‍ ഹജ്ജിന് പോകുന്നവര്‍ പ്രയാസപ്പെടാനിടയുണ്ടെന്നും കേന്ദ്രം വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
Comments are closed for this post.