മലപ്പുറം: ഈ വർഷത്തെ ഹജ്ജ് സർവീസിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം ടെൻഡർ ക്ഷണിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവരെ കൊണ്ടുപോകുന്നതിനും തിരിച്ചെത്തിക്കുന്നതിനുമുള്ള വിമാനങ്ങൾക്കുള്ള ടെൻഡർ ആണ് വിളിച്ചത്. രാജ്യത്തെ 22 ഇടങ്ങളിൽനിന്ന് സർവിസ് നടത്തുന്നതിനാണ് ഇന്ത്യയിലെയും സൗദി അറേബ്യയിലെയും വിമാന കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചത്.
കേരളത്തിൽനിന്ന് മൂന്ന് വിമാനത്താവളങ്ങളാണ് സർവീസിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളാണ് ലിസ്റ്റിൽ ഉള്ളത്. പുതിയ ഹജ്ജ് നയ പ്രകാരം രാജ്യത്തെ 25 വിമാനത്താവളങ്ങളാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതിൽ മംഗലാപുരവും ഗോവയും അഗർത്തലയും ഒഴിവാക്കി.
1,38,761 പേർ ഹജ്ജ് കമ്മിറ്റി മുഖേന യാത്ര തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 13,300 പേരാണ് കേരളത്തിൽ നിന്നുള്ളത്. നിലവിലുള്ള ഷെഡ്യൂൾ പ്രകാരം രണ്ടാംഘട്ടത്തിൽ ജൂൺ ആറുമുതൽ 22 വരെയാണ് കേരളത്തിൽനിന്നുള്ള സർവിസ്. സംസ്ഥാനത്തുനിന്നുള്ള തീർഥാടകർ മദീനയിലേക്കാണ് പുറപ്പെടുക.
Comments are closed for this post.