2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹജ്ജ് 2023: ആഭ്യന്തര ഹാജിമാർ നാളെ മുതൽ മക്കയിലേക്ക് നീങ്ങും, പ്രവേശന കവാടങ്ങളിൽ കുറ്റമറ്റ സംവിധാനം

മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് മുന്നോടിയായി സഊദിയിൽ നിന്നുള്ള ആഭ്യന്തര ഹാജിമാർ ശനിയാഴ്ച (ദുൽഹിജ്ജ ആറു) മുതൽ മക്കയെ ലക്ഷ്യമാക്കി നീങ്ങും. സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ആഭ്യന്തര ഹാജിമാർ ഉദ്ദേശിച്ച സമയത്ത് മക്കയിൽ എത്തിച്ചേരുകയാണെങ്കിൽ ഇവർ മക്കയിൽ പ്രവേശിച്ച ഉടൻ ഖുദൂമിന്റെ ത്വവാഫ് ശേഷമായിരിക്കും മിനായിലേക്ക് പുറപ്പെടുക. തിരക്കുകളിലും മറ്റും പെട്ട് നിശ്ചിത സമയത്തിനുള്ളിൽ മക്കയിൽ എത്തിച്ചേരാൻ കഴിയാത്തവരും മക്കാ നിവാസികളായ ഹാജിമാരും നേരെ ടെന്റുകൾ ലക്ഷ്യമാക്കി യാത്ര തിരിക്കും.

യൗമു തർവ്വിയതിന്റെ ദിനമായ ദുൽഹിജ്ജ എട്ടിന് ഹാജിമാർ ഹജ്ജിന്റെ പ്രധാന കർമ്മമായ അറഫ ദിനത്തിന് വേണ്ടിയുള്ള ഒരുക്കത്തിലായിരിക്കും. രാത്രിയോടെ അറഫ ലക്ഷ്യമാക്കി നീങ്ങുന്ന ഹാജിമാർ ദുൽഹിജ്ജ ഒൻപതിന് മധ്യാഹ്ന നിസ്‌കാരതോട് കൂടി ഹജ്ജിന്റെ സുപ്രധാന കർമ്മമായ അറഫയിൽ പ്രവേശിക്കും.

കര, കപ്പൽ, മാർഗ്ഗമുള്ള തീർത്ഥാടകരുടെ വരവ് വരും ദിവസങ്ങളിൽ പൂർത്തിയാകും. വിമാന മാർഗ്ഗമുള്ള ഹാജിമാരെയും വഹിച്ചുള്ള അവസാന വിമാനം ഇറങ്ങുന്നതോടെ ജിദ്ദ ഹജ്ജ് ടെർമിനൽ താത്കാലികമായി അടക്കും. ഹജ്ജിന് ശേഷം മടക്കയാത്രക്കായിരിക്കും പിന്നീട് ഇത് തുറക്കുക. ഹജ്ജ് മാസം പിറന്നതോടെ മക്കയിലേക്കുള്ള തീർത്ഥാടകരുടെ ഒഴുക്ക് ശക്തമായിട്ടുണ്ട് . മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധനക്കും കണക്കെടുപ്പിനും കുറ്റമറ്റ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഹജ്ജ് പെർമിറ്റ് ഇല്ലാത്ത ഒരാളെയും മക്കയിലെക്ക് കടത്തി വിടുന്നില്ല. അനധികൃത പ്രവേശനം തടയാനായി വിവിധ ഭാഗങ്ങളിൽ ചെക്ക് പോയന്റുകൾ സ്ഥാപിച്ച് പരിശോധന നടത്തുന്നുണ്ട്. നിലവിൽ വിദേശ ഹാജിമാരാണ് മക്കയിലെത്തുന്നതെങ്കിലും ആഭ്യന്തര ഹാജിമാരും മക്ക ലക്ഷ്യമാക്കി നീങ്ങുന്നതോടെ തിരക്ക് വർധിക്കും. ഏതു തിരക്കിനെയും കൈകാര്യം ചെയ്യാനും അനായാസാം അതിർത്തടി കടക്കാനുമുള്ള സംവിധാനങ്ങളുടെ സജ്ജീകരണം കുറ്റമറ്റതാണെന്ന് മക്ക റോഡിലെ സേവന കേന്ദ്രത്തിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി.

ഹാജിമാർ കൂട്ടമായി എത്തുമ്പോഴുണ്ടാകുന്ന അനിയന്ത്രിത തിരക്കിലും കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങളും തിരക്ക് കുറക്കാനുള്ള പദ്ധതികളും സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു. പ്രവേശന കവാടങ്ങളിൽ പാസ്‌പോർട്ട് വിഭാഗം ഹജ്ജ് സുരക്ഷാ സേന, ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷാ വിമാനം, പോലീസ്, ട്രാഫിക് ഉദ്യോഗസ്ഥർ എന്നിവർ സജ്ജമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.