2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആത്മ നിർവൃതിയോടെ വിശുദ്ധ ഹജ്ജിനു പരിസമാപ്‌തി; തീർത്ഥാടകർ ഇനി പ്രവാചക നഗരിയിലേക്ക്, സ്വീകരിക്കാൻ മദീന ഒരുങ്ങി

   

മക്ക/മദീന: ജീവിതാഭിലാഷം പൂവണിഞ്ഞ ആത്മ നിർവൃതിയിൽ ഈ വർഷത്തെ ഹജ്ജിനു പൂർണ്ണ പരിസമാപ്തിയായി. ആറു ദിവസത്തെ വിശുദ്ധ കർമ്മങ്ങൾക്കായി തോളോട് തോൾ ചേർന്ന നിന്ന ഹാജിമാർ കണ്ണീരോടെയാണ് മിനാ താഴ്വാരം വിട്ടിറങ്ങിയത്. കർമ്മങ്ങൾ ഏറ്റവും പരിപൂർണ്ണമായി പൂർത്തിയാക്കിയ ഹാജിമാർ ചൊവ്വാഴ്ച്ച ഉച്ചയോടെ തന്നെ മിനാ താഴ്‌വാരം വിട്ടിറങ്ങി. ഇനി തീർത്ഥാടകരുടെ ലക്ഷ്യം പുണ്യ മദീനയാണ്. ചൊവ്വാഴ്ച്ച ഹജ്ജിന്റെ കർമ്മങ്ങൾ പൂർണ്ണമായും കഴിഞ്ഞതോടെ തീർത്ഥാടകർ വിടവാങ്ങൽ ത്വവാഫും പൂർത്തിയാക്കി മക്കയോട് സലാം പറഞ്ഞു അടുത്ത ലക്ഷ്യമായ മദീനയിലേക്ക് പ്രയാണം തുടങ്ങി കഴിഞ്ഞു. തിങ്കളാഴ്ച്ച തന്നെ ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് പരിസമാപ്‌തി കുറിച്ച് പകുതിയിലധികം ഹാജിമാരും മിനായിൽ നിന്നും വിടവാങ്ങിയിരുന്നെങ്കിലും ബാക്കിയുള്ളവർ ചൊവ്വാഴ്ചയാണ്‌ പരിപൂർണ്ണ കർമ്മങ്ങളോടെ മിനായിൽ നിന്നും വിടവാങ്ങിയത്. ഇവരാണ് ഇനി മദീനയിലേക്കും സ്വന്തം നാടുകളിലേക്കും തിരിക്കുന്നത്.

ഹജ്ജിനു മുന്നോടിയായി മദീനയിൽ വന്നിറങ്ങി പ്രവാചക നഗരി സന്ദർശനം നടത്തിയ വിദേശ ഹാജിമാർ ജിദ്ദയിലെത്തി നേരിട്ട് നാട്ടിലേക്ക് യാത്ര തിരിക്കും. മലയാളി ഹാജിമാർ മുഴുവൻ മദീനയിലാണ് വന്നിറങ്ങിയിരുന്നത്. അതിനാൽ ഇവർ മക്കയിൽ നിന്ന് നാട്ടിലേക്ക് തിരിക്കും. ജൂലൈ 15 ണ് കൊച്ചിയിലേക്കാണ് മടക്ക വിമാനം. 377 പേരാണ് ആദ്യ വിമാനത്തിൽ ഉണ്ടാകുക. ഓഗസ്റ്റ് ഒന്നിന് മുഴുവൻ മലയാളി ഹാജിമാരും നാട്ടിലെത്തും. നേരത്തെ മക്കയിൽ എത്തിയ വിദേശികളാണ് ഇപ്പോൾ ഹജ്ജിനു ശേഷം മദീനയിലെ പ്രവാചക നഗരിയിലേക്ക് പുറപ്പെടുന്നത്. 24637 ഹാജിമാരാണ് മദീനയിൽ നിന്ന് മടക്ക യാത്ര നടത്തുക. മദീനയിൽ എട്ട് ദിവസം കഴിഞ്ഞ ശേഷം ഇവർക്ക് ഇവിടെ വെച്ചായിരിക്കും യാത്രാ വിമാനം. നേരത്തെ മക്കയിലേക്ക് നേരിട്ടെത്തിയ ഇന്ത്യൻ ഹാജിർ മദീനയിലെത്തി എട്ടു ദിവസത്തിനു ശേഷമാണ് മടക്കം. തീർത്ഥാടകരെ ജിദ്ദ വിമാനത്താവളത്തിലേക്കും മദീന സന്ദശർശനത്തിനും അയക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും ഇന്ത്യൻ ഹജ്ജ് മിഷൻ സ്വീകരിച്ചിട്ടുണ്ട്.

മദീനയിലെത്തുന്ന തീര്‍ഥാടകര്‍ ജന്നതുല്‍ ബഖീഅ്, മസ്ജിദ് ഖുബാ, മസ്ജിദുല്‍ ഫത്ഹ്്, മസ്ജിദുല്‍ ഖിബ്‌ലതൈൻ, ഉഹ്ദ് താഴ്വര തുടങ്ങിയ ചരിത്ര സ്മാരകങ്ങളും കൂടി സന്ദര്‍ശിച്ച ശേഷമായിരിക്കും മദീനയോട് വിട പറയുക. ഈ വര്‍ഷത്തെ ഹജ്ജ് സുഗമമായി പര്യവസാനിച്ച് തീർത്ഥാടകർ മദീനയെ ലക്ഷ്യമാക്കി യാത്ര തിരിക്കുമ്പോൾ തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും മസ്ജിദുന്നബവിയിലും പ്രവാചക നഗരിയില്‍ പൊതുവെയും സഊദി അധികൃതര്‍ തയാറാക്കിയിട്ടുണ്ട്. ഹജ്ജ് തീര്‍ഥാടകരടക്കം നമസ്കാരത്തിനത്തെുന്നവരുടെ ബാഹുല്യം കണക്കിലെടുത്ത് എല്ലാ സുരക്ഷാ സന്നാഹങ്ങളും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങളും മറ്റും ഏര്‍പ്പെടുത്താന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കി.
മദീന മുനവ്വറ ആരോഗ്യ കാര്യാലയം തീര്‍ഥാടകര്‍ക്കാവശ്യമായ ആരോഗ്യ സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് . തീര്‍ഥാടകരുടെ വാസ സ്ഥലങ്ങളിലും മസ്ദജിദുന്നബവി പരിസരങ്ങളിലുമെല്ലാം അടിയന്തിര ചികില്‍സാ വിഭാഗങ്ങളും ആംബുലന്‍സ് സര്‍വീസുകളും പ്രവര്‍ത്തന സജ്ജമാണ്. ഹജ്ജിനായി എത്തിച്ചേർന്ന 7.79 ലക്ഷം ഹാജിമാരിൽ പകുതിയിലധികം ഹാജിമാരും ജിദ്ദയിലാണ് വിമാനമിറങ്ങിയത്. ഇവരൊക്കെയും ഹജ്ജിനു ശേഷം മദീന സന്ദർശനം നടത്തുന്നവരാണ്.കൂടാതെ ആഭ്യന്തര തീർത്ഥാടകരും ഇവിടെ എത്തിച്ചേരുന്നതോടെ മദീന ഏതാനും ദിവസങ്ങൾ ജന നിബിഢമാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.