
മക്ക: ഹജ്ജിന് മുന്നോടിയുള്ള അവസാന വെള്ളിയാഴ്ച മസ്ജിദുൽ ഹറമിൽ എത്തിയത് ലക്ഷങ്ങൾ. ലോകത്തിന്റെ നാനാഭാഗത്ത് നിന്നെത്തിയ തീർഥാടകരോടൊപ്പം ഇന്ത്യൻ ഹാജിമാരും ദുൽഹജ്ജ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച മക്ക മസ്ജിദുൽ ഹറാമിൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തു.
ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ 54,337 പേരും സ്വകാര്യ ഗ്രൂപ്പ് വഴിയെത്തിയവരും ഉൾപ്പടെ 70,000 ത്തോളം ഇന്ത്യൻ തീർഥാടകരാണ് ജുമുഅയിലും പ്രാർഥനയിലും പങ്കെടുക്കാൻ മസ്ജിദുൽ ഹറമിൽ എത്തിയത്. ഹജ്ജിന് മുമ്പുള്ള അവസാന വെള്ളിയാഴ്ച ആയതിനാൽ വലിയ തിരക്കാണ് ഹറമിനും പരിസരത്തും അനുഭവപ്പെട്ടത്. സുപ്രധാന ഹജ്ജ് കർമങ്ങൾക്ക് തുടക്കം കുറിക്കാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്.
കോൺസൽ ജനറൽ മുഹമ്മദ് അബ്ദുറഹ്മാൻ, ഹജ്ജ് കോൺസൽ വൈ. സാബിർ എന്നിവർക്ക് കീഴിൽ മുഴുവൻ ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ സർവ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഹജ്ജ് മിഷൻ ഓഫീസർമാർക്ക് പ്രത്യേകത ഡ്യൂട്ടി നൽകിയാണ് ഇന്ത്യൻ ഹജ്ജ് മിഷൻ വെള്ളിയാഴ്ച ഓപ്പറേഷൻ നിയന്ത്രിച്ചത്. ഹജ്ജ് മിഷൻ ഓഫീസർമാർക്കൊപ്പം മലയാളികളടക്കമുള്ള വിവിധ സന്നദ്ധസേവകർ കത്തുന്ന വെയിലിൽ ഹാജിമാർക്ക് തണലായി വിവിധയിടങ്ങളിൽ തമ്പടിച്ച് ഹാജിമാർക്ക് വേണ്ട നിർദേശങ്ങളും സഹായങ്ങളും നൽകിയിരുന്നു.
തിരക്ക് കണക്കിലെടുത്ത് ഹറമിലേക്കുള്ള റോഡുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
അത് മുൻകൂട്ടി കണ്ടു കൊണ്ട് തന്നെ പുലർച്ചെ മുതൽ തന്നെ ഇന്ത്യൻ ഹാജിമാരെ ഹറമിലേക്ക് എത്തിച്ചു തുടങ്ങിയിരുന്നു. രാവിലെ പത്തരയോടെ ഓടെ മുഴുവൻ ഇന്ത്യൻ തീർഥാടകരും ഹറമിൽ എത്തിച്ചേരാനായി. തിരക്ക് ഒഴിവാക്കാൻ മലയാളി ഹാജിമാരോട് ജുമുഅക്ക് ശേഷം സാവധാനത്തിൽ ഇറങ്ങാൻ പ്രത്യേകം നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് രണ്ട് മണിക്കാണ് ഹാജിമാർ ജുമുഅ കഴിഞ്ഞ് ഹറം പള്ളിയിൽ നിന്ന് മടങ്ങിത്തുടങ്ങിയത്. വൈകീട്ട് നാലോടെയാണ് മുഴുവൻ ഹാജിമാര്ക്കും ഹറമിൽനിന്ന് പുറത്തുകടക്കാനായത്. ജുമുഅയിലും നമസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്ത് ഹാജിമാർ സംതൃപ്തിയോടെയാണ് മടങ്ങിയത്.
ഇന്ത്യയിൽ നിന്നുള്ള ഹാജിമാരിൽ ഇനി 1500ഓളം തീർഥാടകർ മാത്രമാണ് വിശുദ്ധ ഭൂമിയിൽ എത്താനുള്ളത്. കടുത്ത ചൂടാണ് മക്കയിൽ അനുഭവപ്പെടുന്നത്. ഹജ്ജ് ദിവസങ്ങളിലും ചൂട് തുടരാനാണ് സാധ്യത എന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച മലയാളികളടക്കമുള്ള വിവിധ സന്നദ്ധസേവകർ കത്തുന്ന വെയിലിൽ പാനീയങ്ങൾ, കുട, ചെരിപ്പ് എന്നിവ വിതരണം ചെയ്തത് ഹാജിമാർക്ക് ആശ്വാസമായി.