2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പുതുജീവിതം…. വിശുദ്ധ ഹജ്ജ് പരിസമാപ്‌തിയിലേക്ക് 

മിന: വിശുദ്ധ ഭൂമിയിൽ അല്ലാഹുവിലേക്ക് അലിഞ്ഞു ചേർന്ന് പാപഭാരം ഇറക്കി വെച്ച് പ്രസവിച്ച കുഞ്ഞിനെപ്പോലെ ആത്മാവും ശരീരവും കടഞ്ഞെടുത്ത് ഹാജിമാർ ഹജ്ജ് കർമ്മത്തിൽ നിന്ന് ഭാഗികമായി വിവാങ്ങി. അറഫയിൽ പാപമോചനവും മുസ്‌ദലിഫയിലെ ആകാശം കൂടാരമാക്കി ഒരു രാത്രി അന്തിയുറങ്ങിയും പിശാചിന്റെ സ്‌തൂപത്തിൽ കല്ലെറിഞ്ഞും പുതു ജീവിതത്തിലേക്ക് കാലെടുത്ത്‌ വെച്ച ഹാജിമാർ അടുത്ത ദിവസം മുതൽ മിന താഴ്വാരം വിട്ടിറങ്ങും. ഇന്നലെ ആദ്യ ദിനത്തിൽ കല്ലേറ് കർമ്മം പൂർത്തിയാക്കിയ ഹാജിമാർ തുടർ ദിവസങ്ങളിലും മറ്റു ജംറകളിൽ കല്ലേറ് കർമ്മം  പൂർത്തീകരിക്കും.

ആദ്യ കല്ലേറ് ദിവസമായ ഇന്നലെ ഹാജിമാർ സുഖകരമായാണ് ജംറതുൽ അഖബയിലെ കല്ലേറ് കർമ്മം പൂർത്തിയാക്കിയത്. തക് ബീറുകള്‍ മുഴക്കിക്കൊണ്ട് അയ്യായമുത്തശ്‍രീഖിന്റെ വിശുദ്ധ രാപ്പകലുകളില്‍ ജംറതുൽ ഊലയിലും ജംറതുൽ വുസ്ഥ്വയിലും ജംറതുൽ അഖബയിലും ഏഴ് വീതം കല്ലേറുകള്‍ നടത്തി പൈശാചിക ദുര്‍ബോധനങ്ങളെ മനസ്സില്‍ നിന്നും ആട്ടിയകറ്റാന്‍ ഈ ദിനങ്ങളില്‍ സ്വയം പാകപ്പെടുകയാണു ഓരോ ഹാജിയും. നാളത്തെ കല്ലേറ് കർമ്മം കൂടി പൂർത്തിയായാൽ മടങ്ങാൻ ഉദ്ദേശിക്കുന്നവർ മഗ്‌രിബ് നിസ്‌കാരത്തിന് മുൻപായി മിനാ താഴ്വരയിൽ നിന്ന് യാത്രയാകും. അല്ലാത്തവർ അന്ന് കൂടി മിനായിൽ കഴിച്ചുകൂട്ടി വെള്ളിയാഴ്ച്ചയിലെ കല്ലേറിനു ശേഷം മഗ്‌രിബിനു മുൻപ് മടങ്ങും. എന്നാൽ, ഹാജിമാർ അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും ഇവിടെ നിന്ന് പിൻവാങ്ങുക. 

തിങ്കളാഴ്ച്ച രാത്രി മുസ്‌ദലിഫയിൽ രാപാർത്ത ഹാജിമാർ ചൊവ്വാഴ്ച്ച രാവിലെ മിനായിലേക്ക് മടങ്ങി ആദ്യത്തെ കല്ലേറ് കർമ്മം പൂർത്തിയാക്കി. കടുത്ത നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച് കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ച് ഹാജിമാർ തിന്മയുടെ പ്രതീകമായ ജംറതുൽ അഖബയിലാണ്  ചൊവ്വാഴ്ച്ച കല്ലെറിഞ്ഞത്. ജംറയിലെ കല്ലേറിനു ശേഷം തല മുണ്ഡനം ചെയ്തു ഇഹ്‌റാമിൽ നിന്നും മുക്തരായ ഹാജിമാർ സാധാരണ വസ്‌ത്രം ധരിച്ചതോടെ മിനാ താഴ്വാരം വർണ്ണ വൈവിധ്യങ്ങളാൽ നിറഞ്ഞു. പിന്നീട് ഇവർ മക്കയിലെത്തി ഹജ്ജിന്റെ ത്വവാഫും സഅയും പൂർത്തിയാക്കി മിനായിലെ ടെന്റിലേക്ക് തന്നെ നീങ്ങി.    

നാളെ മുതൽ  കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങാൻ ഉദ്ദേശിക്കുന്നവർ മക്കയിൽ തിരിച്ചെത്തി വിടവാങ്ങൽ ത്വവാഫും പൂർത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങും. നേരത്തെ മദീന സന്ദർശനം നടത്താത്തവർ മദീനയിൽ പോയി റൗദാ ശരീഫ് സന്ദർശനവും മറ്റു സിയാറത്തുകളും പൂർത്തീകരിച്ചാണ് സഊദിയിലെ വിവിധ താമസ സ്ഥലങ്ങളിലേക്ക് മടങ്ങുക. ലോകം കൊവിഡ് ഭീഷണയിൽ കഴിയുമ്പോഴും ശക്തമായ ആരോഗ്യ മുൻകരുതൽ പാലിച്ച് അറുപതിനായിരം ആളുകളെ ഉൾപ്പെടുത്തി ഏറ്റവും സുപ്രധാന കർമ്മങ്ങളായ മിന താമസവും അറഫ സംഗമവും തിരക്ക് പിടിച്ച ആദ്യ ദിവസത്തെ കല്ലേറും സുഗമമായി പര്യവസാനിച്ചതിന്റെ ആശ്വാസത്തിലാണ്‌ സഊദി ഭരണ കൂടവും ഹജ്ജ്, ഉംറ മന്ത്രാലയവും. 

 

 

 

 

 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.