2021 January 23 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുടി സംരക്ഷണം എങ്ങനെ

ആഹാരക്രമവും ജീവിതചര്യയും പ്രധാനം

 

മുടി കൊഴിച്ചിലിനെ പറ്റി പരാതി പറയാത്തവര്‍ കുറവാണ്. ഒരു മുടിയിഴ വീണുകാണുമ്പോള്‍ത്തന്നെ മാനസിക സംഘര്‍ഷത്തിലെത്തുന്നവര്‍ കൂടിക്കൂടി വരികയാണ്. താന്‍ കഷണ്ടിയാകാന്‍ പോകുന്നോ എന്ന പേടിയാണ് പ്രധാനകാരണം. മുടി കൊഴിയുന്നത് അറിയാതെ പോകുന്നവരും അറിഞ്ഞിട്ടും ഗൗനിക്കാത്തവരും കൂട്ടത്തിലുണ്ട്. മരുന്നുകള്‍ കഴിക്കുകയും പുരട്ടുകയും ഒക്കെ ചെയ്യുന്നവരുടെ എണ്ണവും ചെറുതല്ല. നാലു പേര്‍ കൂടുന്നിടത്ത് മുടി കൊഴിച്ചിലിനെ പറ്റിയുള്ള ചര്‍ച്ചകളും സ്ഥാനം പിടിച്ചിരിക്കുന്ന സാഹചര്യമാണിന്നുള്ളത്. ഇതു മനസിലാക്കി നിരവധി കമ്പനികളാണ് വിപണിയില്‍ മുടി സംരക്ഷണത്തിന് എന്ന പേരില്‍ എണ്ണകളും തൈലങ്ങളും അവതരിപ്പിക്കുന്നത്. അതും പ്രമുഖരെ നിരത്തിയുള്ള പരസ്യങ്ങളിലൂടെ. ഇത്തരം ഒരു പരസ്യത്തില്‍ ഒരു പ്രമുഖ നടന്‍ അഭിനയിക്കുകയും പിന്നീട് ആ ഉത്പന്നം തന്നെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്ത സംഭവവും മലയാളികള്‍ ഓര്‍ക്കുന്നുണ്ടാവും. അതേ ഉത്പന്നം കെട്ടും മട്ടും മാറ്റി വീണ്ടും വിപണിയിലെത്തിയിട്ടുണ്ടെന്നുള്ളതും ഈ രംഗത്തെ വാണിജ്യ താല്‍പര്യം വ്യക്തമാക്കുന്നതാണ്.
ആഹാര രീതിയോ ജീവിത ശൈലിയോ ഒക്കെ മാറ്റുന്നതു വഴി ഒരു പരിധിവരെയോ പൂര്‍ണമായോ മുടി കൊഴിച്ചില്‍ കുറയ്ക്കാമെന്നും മാറ്റാമെന്നും അറിയുന്നവര്‍ ചുരുക്കം.

മുടി കൊഴിച്ചില്‍
മുടി കൊഴിച്ചില്‍ ശ്രദ്ധിക്കേണ്ടതും അവഗണിക്കേണ്ടുന്നതുമായ സമയങ്ങളുണ്ട്. ഉദാഹരണത്തിന് പ്രതിദിനം 100 മുടിയിഴകള്‍ കൊഴിയുന്നതായി തോന്നുന്നു എന്നിരിക്കട്ടെ. ഇത് അത്ര ഗൗരവായി എടുക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇതിലധികമാണ് കൊഴിയുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ജീവിത ശൈലിയാണ് അതിലേക്ക് നയിക്കുന്നതെന്നു മനസിലാക്കണം. ഇവിടെ പറയുന്ന കാര്യങ്ങള്‍ വളരെ ലാഘവത്തോടെ സമീപിക്കേണ്ടതല്ല. കാര്യം നിസാരമാണെന്നു തോന്നുമെങ്കിലും ഇതില്‍ അല്‍പം ശ്രദ്ധ വയ്ക്കുന്നത് ഗുരുതരമായ മുടി കൊഴിച്ചില്‍ തടയും.

ഷാംപൂ ഉപയോഗം
നിങ്ങള്‍ ഏതു ഷാംപൂ ആണ് ഉപയോഗിക്കുന്നത്. ചോദ്യം ലളിതമാണെങ്കിലും നിങ്ങള്‍ പറയുന്ന ഉത്തരം ‘അങ്ങനെയൊന്നുമില്ല, മാറിമാറി ഉപയോഗിക്കും’. അതല്ലെങ്കില്‍ ‘കിട്ടുന്നത് ഉപയോഗിക്കും’ എന്നിങ്ങനെയായിരിക്കും. ഈ ഉത്തരത്തില്‍ നിന്നുതന്നെ മുടികൊഴിച്ചിലിനെ നിങ്ങള്‍ എത്ര നിസാരമായി കാണുന്നു എന്ന് അനുമാനിക്കാനാവും. നിങ്ങളുടെ തലയോട്ടിയുടെ രീതിക്കനുസരിച്ചായിരിക്കണം ഇനിമേല്‍ ഷാംപൂ വാങ്ങേണ്ടത്. അതുപോലെ നിങ്ങളുടെ തലയോട്ടിയുടെ രീതി അനുസരിച്ചായിരിക്കണം ഈ ഷാംപൂ ഉപയോഗിക്കേണ്ടതും. ഉദാഹരണത്തിന് നിങ്ങളുടെ തലയോട്ടി വരണ്ട നിലയിലുള്ളതാണെന്നിരിക്കട്ടെ. ഈ തലയോട്ടിയിലുള്ള മുടിയിഴകള്‍ തുടര്‍ച്ചയായി ഷാംപൂ ഉപയോഗിച്ചു കഴുകുന്നതുതന്നെ മുടികൊഴിച്ചിലിലേക്ക് നയിക്കും. അതുപോലെ നിങ്ങളുടെ തലയോട്ടി എണ്ണമയമുള്ളതാണെങ്കില്‍ മൂന്നാഴ്ചയില്‍ കൂടുതല്‍ ഷാംപൂ ഉപയോഗിക്കാതിരുന്നാല്‍ മുടികൊഴിച്ചിലാവും ഫലം.

ഷാംപൂ വാങ്ങുമ്പോള്‍
തലയോട്ടിക്കും മുടിക്കുമനുസരിച്ചുള്ള ഷാംപൂ വാങ്ങണമെന്നു പറയുമ്പോഴും ഇന്നു വിപണിയില്‍ ലഭിക്കുന്ന ചില ഷാംപൂ ഉത്പന്നങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. തലയോട്ടിക്കും മുടിയുടെ മൃദുലതയ്ക്കും ദോഷം വരുത്തുന്ന രാസപദാര്‍ഥങ്ങളും ഘടകങ്ങളും ഇത്തരം ഷാംപൂകളില്‍ അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് സള്‍ഫേറ്റ് ചേര്‍ന്നിട്ടുള്ള ഷാംപൂ ഉപയോഗിക്കുന്നത് നന്നല്ല. അതുപോലെ പാരബെന്‍ ചേര്‍ന്നിട്ടുള്ളതും സിലിക്കോണ്‍ ചേര്‍ന്നിട്ടുള്ളതുമായ ഷാംപൂകളും ഒഴിവാക്കണം. ഇവ മുടി പൊട്ടിപ്പോകുന്നതിനും കൊഴിയുന്നതിനും കാരണമാകും.

കണ്ടിഷണര്‍
ഷാംപൂ ഉപയോഗിക്കുന്നതുപോലെ തന്നെയാണ് കണ്ടിഷണറുകളുടെ ഉപയോഗവും. അവനവന്റെ മുടിയ്ക്ക് യോജിക്കുന്ന കണ്ടിഷണര്‍ ഏതെന്നു കണ്ടെത്തണം. മുടിക്കും തലയോട്ടിക്കും ചേരുന്ന കണ്ടിഷണര്‍ തെരഞ്ഞെടുക്കുന്നതുവഴി മുടിയിഴകളില്‍ അത്ഭുതം വിരിയുന്നതുകാണാം. കണ്ടിഷണറുകളില്‍ അമിനോ ആസിഡുകളുണ്ട്. ഇത് ഭ്രംശം ഉണ്ടായ മുടിയിഴകളെ ശക്തമാക്കി സംരക്ഷിക്കുന്നു. അതുപോലെ മുടിയിഴകളെ മിനുസമാക്കി സൂക്ഷിക്കാനും കണ്ടിഷണറുകള്‍ക്ക് കഴിയും.

ഭക്ഷണവും വ്യായാമവും
നിങ്ങള്‍ മേല്‍പറഞ്ഞതുപോലെ സ്വന്തം തലയോട്ടിക്കും മുടിക്കും ചേരുന്നതരത്തിലുള്ള ഏതു ഷാംപൂവോ കണ്ടിഷണറോ ഉപയോഗിച്ചാലും ഒപ്പം ഭക്ഷണവും വ്യായാമവും ഉണ്ടാവേണ്ടതുണ്ട്. സംതുലിതമായ ആഹാരരീതിയാണ് പാലിക്കേണ്ടത്. ഒപ്പം വ്യായാമം നിര്‍ബന്ധം. ആഹാരത്തില്‍ ആവശ്യത്തിന് അയണും പ്രോട്ടീനും ഉണ്ടെന്ന് ഉറപ്പുവരുത്തണം. തടി കുറയ്ക്കാന്‍ ചെയ്യുന്ന പല വഴികളും മുടിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അത് സൂക്ഷിക്കണം. ഉദാഹരണത്തിന് ഒരാഴ്ച കൊണ്ട് പത്തുകിലോ കുറയ്ക്കാമെന്നുകരുതി ക്രാഷ് ഡയറ്റിലേക്ക് പോകുന്നത് മുടി കൊഴിച്ചിലിനു കാരണമാകും. മുടിക്ക് ആവശ്യമായ ഘടകങ്ങള്‍ ഭക്ഷണത്തില്‍ നിന്നു ലഭിക്കാത്തതാണ് കാരണം. ഭക്ഷണത്തിനൊപ്പമുള്ള വ്യായാമം മുടിക്ക് ശക്തി പകരും. പ്രത്യേകിച്ച് യോഗയോ ധ്യാനമോ മുടി കൊഴിച്ചില്‍ അകറ്റാന്‍ സഹായിക്കും.

രാസ പ്രയോഗം
മുടിയിഴകളില്‍ ഏതുതരത്തിലുള്ള രാസപ്രയോഗം നടത്തുന്നതും അപകടരമായ സ്ഥിതിവിശേഷത്തിലേക്ക് നയിക്കും. മുടി സ്‌ട്രെയിറ്റന്‍ ചെയ്യുക, കളറിങ് നടത്തുക, മുടി ചുരുട്ടുക എന്നിവ പലപ്പോഴും രാസ പദാര്‍ഥങ്ങളുടെ സഹായത്തോടെയാണ് ചെയ്തുവരുന്നത്. ഇത് മുടിക്ക് ദോഷകരമാണെന്നതില്‍ സംശയമില്ല.
അതുപോലെതന്നെ ബ്ലോ ഡ്രയറുകള്‍ ഉപയോഗിക്കുന്നതും മുടി ചുരുട്ടാനുള്ള കേളിങ് റോഡുകള്‍ ഉപയോഗിക്കുന്നതും മുടിയെ തളര്‍ത്തും. പ്രത്യേകിച്ച് മുടി നനച്ചശേഷമുള്ള പ്രയോഗം. നനഞ്ഞമുടിയില്‍ ഇപ്രകാരം ചെയ്യുമ്പോള്‍ മുടിയിഴകളില്‍ പറ്റിപ്പിടിച്ച വെള്ളത്തെ അതു തിളപ്പിക്കുന്നു. ഇത് മുടി പൊട്ടുന്നതിലേക്ക് നയിക്കും. ഇനി ബ്ലോ ഡ്രൈ ഉപയോഗിച്ചേ പറ്റൂ എന്നുണ്ടെങ്കില്‍ അത് ഏറ്റവും കുറഞ്ഞ ചൂടില്‍ ക്രമീകരിക്കുക. മറ്റെന്തെങ്കിലും മാര്‍ഗത്തിലൂടെയാണ് ചൂടാക്കുന്നതെങ്കില്‍ മുടി ബലപ്പെടുത്തുന്ന കണ്ടിഷണര്‍ ഉപയോഗിക്കുകയും സംരക്ഷിക്കുന്ന സ്‌പ്രേ ഉപയോഗിക്കുകയും ചെയ്യുന്നത് നല്ലതാണ്.

മുടിയില്‍ എണ്ണ
മുടിയില്‍ എണ്ണ പുരട്ടുന്നത് മലയാളികളുടെ ശീലമാണ്. ഇത് തലയോട്ടിയിലെ രക്തയോട്ടം ശക്തമാക്കുകയും കൂടുതല്‍ ശക്തമായ മുടിയിഴകള്‍ വളരാന്‍ സഹായിക്കുകയും ചെയ്യും. പ്രത്യേകിച്ച് മുടിയുടെ വേരുകള്‍ക്ക് ഇത് ശക്തി പകരുന്നു. തലമുടിച്ചുരുളില്‍ എണ്ണ (ഉപയോഗിക്കുന്നത് ഏതാണോ അത്) ആഴ്ചയില്‍ ഒരിക്കലെങ്കിലും തടവുന്നത് ഗുണകരമാണ്. മുടിയില്‍ എണ്ണ പുരട്ടിയശേഷം ഷവര്‍ ക്യാപ് ഉപയോഡിച്ച് പൊതിഞ്ഞുവയ്ക്കുക. രണ്ടു മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് എണ്ണമയം കഴുകിക്കളയുക.

മുടിയുടെ അഗ്രം
മുറിക്കുക
മുടിയുടെ അറ്റമാണ് എപ്പോഴും മോശമായിപ്പോകുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളില്‍ മുടിയുടെ തുമ്പു മുറിച്ച്് സംരക്ഷിക്കണം. രണ്ടുമാസം കൂടുമ്പോള്‍ മുടി തുമ്പു വെട്ടി സംരക്ഷിക്കുന്നത് കൂടുതല്‍ തഴച്ചുവളരാന്‍ സഹായിക്കും. മുടി അഗ്രഭാഗത്ത് പൊട്ടിപ്പിളരുന്നതും ഇതുവഴി ഇല്ലാതാക്കാം.
വില്ലനായി മനക്ലേശം
മനക്ലേശവും ആത്മസംഘര്‍ഷവും മുടികൊഴിച്ചിലിന് കാരണമാകുന്ന സുപ്രധാന ഘടകമാണ്. മുടിവളര്‍ച്ചയെ തടയുകയും ചെറുപ്പത്തിലേ നരയുണ്ടാകുവാനും മനക്ലേശം കാരണമാകുന്നു. മാനസിക പ്രയാസങ്ങളും പിരിമുറുക്കങ്ങളും കഴിയുന്നത്ര ഇല്ലാതാക്കാനും ഒഴിവാക്കാനും ശ്രദ്ധിക്കുക. യോഗയും ധ്യാനവും ജീവിതത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇതുവഴി മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും ശാരീരികവും മാനസികവുമായ ഉന്‍മേഷം നിലനിര്‍ത്താനും മുടി കൊഴിച്ചിലും അകാല നരയും ഒഴിവാക്കാനും സാധിക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.