2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹഗിയ സോഫിയയില്‍ ഇന്ന് ആദ്യ ജുമുഅ: ഇമാമുമാരെ നിയമിച്ചു, വന്‍ മുന്നൊരുക്കം

ഇസ്താംബൂള്‍: തുര്‍ക്കിയിലെ പ്രശസ്തമായ ഹാഗിയ സോഫിയയില്‍ ഇന്ന് ആദ്യ ജുമുഅ. 86 വര്‍ഷക്കാലം മ്യൂസിയമായിരുന്ന ഹാഗിയ സോഫിയ പള്ളിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇതാദ്യമായാണ് ആരാധന നടക്കുന്നത്.

കെട്ടിടത്തിനു മുന്നില്‍ ‘ഗ്രാന്റ് ഹാഗിയ സോഫിയ മസ്ജിദ്’ എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഇവിടെയെത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് ബോര്‍ഡ് സ്ഥാപിച്ചത്. 100 ശതമാനം രോമത്തില്‍ നിര്‍മിച്ചെടുത്ത കാര്‍പറ്റാണ് പള്ളിയില്‍ വിരിച്ചത്. ഇതിനായി കഴിഞ്ഞ ദിവസങ്ങളില്‍ 75 പേര്‍ മുഴുസമയം ജോലിയെടുത്തു.

ഹാഗിയ സോഫിയയെ അമൂല്യ ചിത്രങ്ങളും ക്രിസ്തീയ അടയാളങ്ങളും സംരക്ഷിക്കുന്നതിനായി നിസ്‌കാര സമയത്ത് വൈദ്യുതി വെളിച്ചം കൊണ്ട് നിയന്ത്രിക്കുന്ന സജ്ജീകരണമൊരുക്കും. പ്രാര്‍ഥനാ നിര്‍വഹണത്തിനായി പ്രൊഫസര്‍ അടക്കം മൂന്ന് ഇമാമുമാനെ നിയമിച്ചിട്ടുണ്ട്.

കെട്ടിടം മ്യൂസിയമാക്കി മാറ്റിയ കമാല്‍ അത്താതുര്‍ക്കിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചതിനു പിന്നാലെയാണ് 86 വര്‍ഷത്തിനു ശേഷം ‘ഹാഗിയ സോഫിയ’ നിസ്‌കാരത്തിനായി തുറന്നുകൊടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചത്. അതേസമയം മുസ്‌ലിംകളല്ലാത്തവര്‍ക്കും അവിടെ തുടര്‍ന്നും സന്ദര്‍ശനം അനുവദിക്കും.

മറ്റെല്ലാ മസ്ജിദുകളെയും പോലെ, ‘ഹാഗിയ സോഫിയ’യുടെ വാതിലുകള്‍ തുര്‍ക്കി പൗരന്‍മാരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ എല്ലാ മതക്കാര്‍ക്കുമായി തുറന്നിരിക്കും. ആരാധനയ്ക്കായി ജൂലൈ 24ന് ‘ഹാഗിയ സോഫിയ’ മസ്ജിദ് തുറക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ് അദ്ദേഹം പറഞ്ഞു.

1934ല്‍ അന്നത്തെ തുര്‍ക്കി ഭരണാധികാരി മുസ്തഫ കമാല്‍ അത്താതുര്‍ക്കാണ് ‘ഹാഗിയ സോഫിയ’ മ്യൂസിയമാക്കി മാറ്റിയത്. സുപ്രിംകോടതി വിധി വന്നതോടെ ‘ഹാഗിയ സോഫിയ’ നടത്തിപ്പ് അധികാരം മതകാര്യ ഡയറക്ടറേറ്റിന് ഉര്‍ദുഗാന്‍ കൈമാറി. ആറാം നൂറ്റാണ്ടില്‍ ബൈസന്റൈന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്റെ മേല്‍നോട്ടത്തില്‍ നിര്‍മിക്കപ്പെട്ട ‘ഹാഗിയ സോഫിയ’ 1453ല്‍ തുര്‍ക്കി ഉസ്മാനിയാ സാമ്രാജ്യത്തിനു കീഴിലായതോടെയാണ് പള്ളിയായത്. പിന്നീട് രാജ്യത്തെ മതചിഹ്നങ്ങളെയെല്ലാം തച്ചുടച്ച അത്താതുര്‍ക്ക് ഈ പള്ളി മ്യൂസിയമാക്കി പ്രഖ്യാപിക്കുകയായിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.