2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗ്യാന്‍വാപി പള്ളിയില്‍ ‘ശാസ്ത്രീയ സര്‍വേ’ തുടങ്ങി; വിട്ടുനിന്ന് പള്ളിക്കമ്മിറ്റി

ഗ്യാന്‍വാപി പള്ളിയില്‍ ‘ശാസ്ത്രീയ സര്‍വേ’ തുടങ്ങി; വിട്ടുനിന്ന് പള്ളിക്കമ്മിറ്റി

വാരാണസി: വാരാണസി ജില്ല കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) ശാസ്ത്രീയ സര്‍വേ തുടങ്ങി. രാവിലെ ഏഴു മണിക്കാണ് സര്‍വേക്ക് ആവശ്യമായ ഉപകരണങ്ങളുമായി എ.എസ്.ഐ സംഘം പള്ളിയില്‍ എത്തിയത്. സര്‍വേയുടെ സാഹചര്യത്തില്‍ പള്ളിയില്‍ ശക്തമായ പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, പള്ളിക്കമ്മിറ്റി അംഗങ്ങള്‍ സര്‍വേയില്‍നിന്ന് വിട്ടു നില്‍ക്കുകയാണ്. മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള ഒരു പ്രതിനിധി പോലും സര്‍വേ നടക്കുന്നിടത്ത സന്നിഹിതരാവില്ലപള്ളിക്കമ്മിറ്റി ജോയിന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് പറഞ്ഞു. പരിശോധന നടത്താന്‍ അനുവദിച്ച വരാണസി കോടതിയുടെ ഉത്തരവിനെതിരെ കമ്മിറ്റി അംഗങ്ങള്‍ സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. വാരാണസി ജില്ല കോടതി ഉത്തരവിനെതിരെ പള്ളി കമ്മിറ്റി നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള പള്ളി നിര്‍മിച്ചത് ക്ഷേത്രത്തിനു മുകളിലാണോ എന്ന കാര്യത്തില്‍ തീര്‍ച്ച വരുത്താന്‍ ആവശ്യമെങ്കില്‍ ഖനനവും നടത്താനും വരാണസി കോടതി അനുമതി നല്‍കിയിട്ടുണ്ട്. സര്‍വേ നടപടികളുടെ ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും ഉള്‍പ്പെടുത്തി ആഗസ്റ്റ് നാലിനകം എ.എസ്.ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസ് എ.കെ. വിശ്വേശിന്റെ നിര്‍ദേശം.

പള്ളിയുടെ മൂന്ന് മിനാരങ്ങള്‍ക്ക് താഴെ ഭൂമിക്കടിയിലുള്ള സംഗതികള്‍ വ്യക്തമാകാന്‍ ഉപകരിക്കുന്ന ‘ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍’ (ജി.പി.ആര്‍) സര്‍വേ നടത്താനും കോടതിയുടെ പ്രത്യേക നിര്‍ദേശമുണ്ട്. അതേസമയം, വിഷയത്തില്‍ നേരത്തേയുള്ള സുപ്രിം കോടതി ഉത്തരവ് പരിഗണിച്ച്, ഹിന്ദു വിഭാഗത്തിലെ പരാതിക്കാര്‍ ശിവലിംഗമുണ്ടെന്ന് പറയുന്ന ‘വുദുഖാന’യില്‍ സര്‍വേ ഉണ്ടാകില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗ്യാന്‍വാപി പള്ളിയില്‍ ശാസ്ത്രീയ സര്‍വേ നടത്താന്‍ എ.എസ്.ഐക്ക് വാരാണസി കോടതി നിര്‍ദേശം നല്‍കിയത്. മുഗള്‍ കാലഘട്ടത്തിലെ പള്ളി നിര്‍മിച്ചത് ക്ഷേത്രഭൂമിയിലാണോ എന്നകാര്യം അറിയാന്‍ പരിശോധന വേണമെന്നായിരുന്നു ഹിന്ദു വിഭാഗത്തിന്റെ ആവശ്യം. കേസില്‍ അടുത്ത വാദം ആഗസ്റ്റ് നാലിനാണ്.

ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട് ജൂലൈ 14നാണ് കോടതി വിധി പറയാന്‍ മാറ്റിയത്. അലഹബാദ് ഹൈകോടതി ഉത്തരവിനു ശേഷം മേയ് 16നാണ് വാരാണസി ജില്ല കോടതി എ.എസ്.ഐ സര്‍വേ വേണമെന്ന ഹരജി കേള്‍ക്കാമെന്ന് അറിയിച്ചത്. ശിവലിംഗം ഉണ്ടെന്നു പറയുന്ന സ്ഥലത്ത് സംരക്ഷണം ഉറപ്പാക്കണമെന്ന് മുമ്പ് സുപ്രീംകോടതി ഉത്തരവുണ്ടായിരുന്നു.

ഗ്യാന്‍വാപി മസ്ജിദ് പരിസരത്തു നിന്ന് കണ്ടെത്തിയ ശിവലിംഗമെന്ന് അവകാശപ്പെടുന്ന വസ്തു ശാസ്ത്രീയ പരിശോധനക്കു വിധേയമാക്കാന്‍ നേരത്തേ എ.എസ്.ഐക്ക് അലഹബാദ് ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ട് നേരത്തേ നാലു വനിതകള്‍ നല്‍കിയ ഹരജി വാരാണസി കോടതി തള്ളിയതിനെതിരായ അപ്പീല്‍ പരിഗണിച്ചായിരുന്നു ഈ ഉത്തരവ്.

ശിവലിംഗമെന്ന് അവകാശപ്പെടുന്നത് നമസ്‌കാരത്തിന് അംഗശുദ്ധി വരുത്തുന്ന വുദുഖാനയിലെ ജലധാരയുടെ ഭാഗമാണെന്ന് ഗ്യാന്‍വാപി പള്ളി നടത്തിപ്പുകാരായ അഞ്ജുമന്‍ മസ്ജിദ് കമ്മിറ്റി പറയുന്നു. എന്നാല്‍, ഇത് ശിവലിംഗമാണെന്ന് ഉറപ്പാക്കാന്‍ കാര്‍ബണ്‍ പരിശോധന, ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ (ജി.പി.ആര്‍), ഖനനം എന്നിവ നടത്തണമെന്നുമായിരുന്നു പരാതിക്കാരുടെ ആവശ്യം. ഇത് അംഗീകരിച്ചായിരുന്നു ജസ്റ്റിസ് അരവിന്ദ് കുമാര്‍ മിശ്ര ഉള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദേശം. പരിശോധനക്കിടെ കേടുപാടുകള്‍ വരുത്തരുതെന്ന് ഉത്തരവില്‍ എടുത്തുപറഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.