ന്യൂഡല്‍ഹി: കുഴല്‍പ്പണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും പ്രതിരോധത്തിലായ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇന്ന് കേന്ദ്രനേതൃത്വത്തെ കാണും.
ഒരു ഭാഗത്ത് സംസ്ഥാന സര്‍ക്കാരിന്റെയും മറുഭാഗത്ത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെയും പിടിമുറുകിയ സാഹചര്യത്തില്‍ ദേശീയനേതൃത്വത്തിന്റെ ഇടപെടലിലൂടെ പ്രതിസന്ധി മറികടക്കാനാകുമോയെന്നാണ് സുരേന്ദ്രന്‍ നോക്കുന്നത്.
നേതാക്കളെ ഇന്നലെ കാണുമെന്നാണ് നേരത്തെ ബി.ജെ.പി കേന്ദ്രങ്ങള്‍ പറഞ്ഞിരുന്നതെങ്കിലും കൂടിക്കാഴ്ച നടന്നില്ല. കേരളത്തിലെ നേതാക്കള്‍ പ്രതികളായ കൊടകര കുഴല്‍പ്പണക്കേസ്, നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, സി.കെ ജാനുവിനെ എന്‍.ഡി.എയില്‍ എത്തിക്കാനായി കോഴ നല്‍കല്‍, മഞ്ചേശ്വരത്ത് അപരനെ ഒതുക്കാന്‍ കൈക്കൂലി, പാര്‍ട്ടിയിലെ ഗ്രൂപ്പുപോര് എന്നിവയില്‍ സുരേന്ദ്രന്‍ വിശദീകരണം നല്‍കും.
ഇവയടക്കമുള്ള വിഷയങ്ങളില്‍ കേരളാ ബി.ജെ.പിയിലെ ഒരുവിഭാഗം നേതാക്കള്‍ നല്‍കിയ പരാതിയും കേന്ദ്രനേതൃത്വത്തിന് മുന്‍പാകെയുണ്ട്.
ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ സമഗ്ര അഴിച്ചുപണി വേണമെന്നാവശ്യപ്പെട്ട് വിരമിച്ച സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥന്‍ സി.വി ആനന്ദബോസ് നല്‍കിയ റിപ്പോര്‍ട്ടും കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങുന്നുവെന്നും ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്നും ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങളാണ് ആനന്ദബോസിന്റെ റിപ്പോര്‍ട്ടിലുള്ളത്. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തുടര്‍നടപടികളും സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തോട് ആരായും.
ചൊവ്വാഴ്ച രാത്രിയാണ് സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തിയത്. അതേസമയം, ഇന്നലെ മാധ്യമങ്ങളെ കണ്ട സുരേന്ദ്രന്‍, കേന്ദ്രനേതൃത്വം വിളിച്ചിട്ടല്ല ഡല്‍ഹിയിലെത്തിയതെന്നും കേന്ദ്രമന്ത്രിമാരെ കാണാനാണ് വന്നതെന്നും പ്രതികരിച്ചു.
Comments are closed for this post.