2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ചോദിച്ച 10,000 രൂപ കൊടുക്കാത്തതിന് അറസ്റ്റ്; അടുത്തദിവസം കസ്റ്റഡി കൊലപാതകം, പ്രതിഷേധത്തിനിടെ സ്റ്റേഷന്‍ ആക്രമിച്ചവരുടെ വീട് ഇടിച്ചുപൊളിച്ചു, ഒടുവില്‍ അസമിലെ മുസ്ലിംകള്‍ക്ക് ആശ്വാസമായി ഹൈക്കോടതി വിധി

ചോദിച്ച 10,000 രൂപ കൊടുക്കാത്തതിന് അറസ്റ്റ്; അടുത്തദിവസം കസ്റ്റഡി കൊലപാതകം, പ്രതിഷേധത്തിനിടെ സ്റ്റേഷന്‍ ആക്രമിച്ചവരുടെ വീട് ഇടിച്ചുപൊളിച്ചു, ഒടുവില്‍ അസമിലെ മുസ്ലിംകള്‍ക്ക് ആശ്വാസമായി ഹൈക്കോടതി വിധി

 

ഗുവാഹതി: അസമില്‍ മുസ് ലിംകളുടെ വീടുകള്‍ പൊളിച്ചുനീക്കിയ സംഭവത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹിമന്തബിശ്വ ശര്‍മ സര്‍ക്കാരിനോട് ഗുവാഹതി ഹൈക്കോടതി നിര്‍ദേശിച്ചു. വീടുകള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് ഇതിനകം പ്രത്യേകസമിതി അന്വേഷിച്ചുവരികയാണ്. ഈ സമിതിയുടെ പുതുക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേസ് പരിഗണിക്കുന്നതിനിടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലാഴ്ചയെങ്കിലും വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

മുസ് ലിം യുവാവിന്റെ കസ്റ്റഡി കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെ നൗഗാവില്‍ പൊലിസ് സ്റ്റേഷന്‍ ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു മുസ് ലിംകളുടെ വീടുകള്‍ സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. 2022 മെയില്‍ പൊലിസ് അറസ്റ്റ്‌ചെയ്ത മത്സ്യവ്യാപാരിയായ ഷഫീഖുല്‍ ഇസ്ലാം (39) കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയും പ്രക്ഷോഭകര്‍ പൊലിസ് സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തതാണ് വിവാദങ്ങള്‍ക്ക് തുടക്കം.

മത്സ്യവില്‍പ്പന പൂര്‍ത്തിയായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷഫീഖിനെ പൊലിസ് അറസ്റ്റ്‌ചെയ്യുകയും 10,000 രൂപ നല്‍കുകയാണെങ്കില്‍ മോചിപ്പിക്കാമെന്നും അറിയിച്ചു. അടുത്തദിവസം ഷഫീഖിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതോടെ നാട്ടുകാരും ഷഫീഖിന്റെ ബന്ധുക്കളും പൊലിസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയും സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തു. ഷഫീഖിന്റെ മയ്യിത്ത് മറവുചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലിസ് എത്തി ഷഫീഖിന്റെ വിധവയും എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മൂത്തമകളും ഉള്‍പ്പെടെ ഏഴുപേരെ പൊലിസ് അറസ്റ്റ്‌ചെയ്തു. സ്റ്റേഷന്‍ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയെന്നാരോപിച്ച് ഇവര്‍ക്കെതിരേ യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തി.

പിന്നാലെ ഷഫീഖിന്റെയും രണ്ട് സഹോദരങ്ങളുടെയും രണ്ട് ബഹന്ധുക്കളുടെയും ഉള്‍പ്പെടെ വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊലിസ് തകര്‍ത്തു. പ്രതികളില്‍ ഒരാള്‍ പൊലിസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെടുകയുംചെയ്തു. ബംഗാളി മുസ് ലിംകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശമാണ് സംഭവം നടന്ന സലോന്‍ബാരി ഗ്രാമം. ഇതോടെ കൂടുതല്‍ പൊലിസ് നടപടി ഭയന്ന് പ്രദേശത്തുകാര്‍ കൂടുതലായി നാടുവിട്ടുപോയി.

വിവിധ സന്നദ്ധസംഘടനകളും വ്യക്തികളുമാണ് വിഷയത്തില്‍ നീതി തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് ആദ്യമായി നവംബറില്‍ പരിഗണിച്ചപ്പോള്‍ പൊലിസ് നടപടിയെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി അപലപിച്ചത്. ഒരുഘട്ടത്തിലും ഇത്തരമൊരു സംഭവത്തില്‍ വീട് തകര്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും കോടതി പറഞ്ഞു. പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും കോടതി ആവശ്യപ്പെട്ടു. വീട് നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. ഈ മാസമാദ്യം കേസ് പരിഗണിക്കവെ ഇക്കാര്യത്തില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് കേസ് കഴിഞ്ഞദിവസം വീണ്ടും ചീഫ്ജസ്റ്റിസ് ആര്‍.എം ഛായയുടെ അധ്യക്ഷതയിലുള്ള ഡിവിഷന് ബെഞ്ച് വീണ്ടും പരിഗണിച്ചത്. കേസ് ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കും.

Guwahati HC asks Assam govt to file report on demolition of Muslim homes within four weeks

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.