2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മുസ്‌ലിംകളെ ലക്ഷ്യംവച്ചുള്ള ജെ.സി.ബി പ്രയോഗത്തിനെതിരേ ഗുവാഹത്തി ഹൈക്കോടതി

വീട് പൊളിക്കാന്‍ ഒരുനിയമവും അനുവദിക്കുന്നില്ല

ഗുവാഹത്തി: അസമിലെ ബി.ജെ.പി സര്‍ക്കാരിന്റെ മുസ്ലിംകളെ ലക്ഷ്യംവച്ചുള്ള ബുള്‍ഡോസര്‍ നടപടിക്കെതിരേ കടുത്ത പരാമര്‍ശങ്ങളുമായി ഗുവാഹതി ഹൈക്കോടതി. കേസന്വേഷണത്തിന്റെ ഭാഗമായി എക്‌സ്‌കവേറ്ററുകളും ബുള്‍ഡോസറുകളും ഉപയോഗിച്ച് വീടുകള്‍ തകര്‍ക്കുന്നത് ഒരുനിലയ്ക്കും അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം നടപടികള്‍ ഞാന്‍ ഹിന്ദി സിനിമയില്‍ പോലും കണ്ടിട്ടില്ല. സംവിധായകന്‍ രോഹിത് ഷെട്ടിക്ക് ഇത് ഒരുസിനിമയാക്കാംചീഫ്ജസ്റ്റിസ് ആര്‍.എം ഛായയുടെ ബെഞ്ച് പരിഹാസരൂപേണ പറഞ്ഞു.
പൊലിസിനെതിരായ പ്രതിഷേധപരിപാടിയില്‍ പങ്കാളികളായ അഞ്ചു മുസ്ലിംകളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസാണ് ഹൈക്കോടതി പരിഗണിച്ചത്. മത്സ്യത്തൊഴിലാളിയായ ഷഫീഖുല്‍ ഇസ്ലാം എന്ന യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് യുവാവിന്റെ ബന്ധുക്കളും നാട്ടുകാരുമാണ് നൗഗാണ്‍ ജില്ലയിലെ ബത്തദര്‍വ പൊലിസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചത്. സമരം അക്രമാസക്തമാവുകയുംചെയ്തു. ഇതിന് തൊട്ടടുത്തദിവസമാണ് പ്രതിഷേധപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ അഞ്ചുപേരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ പൊളിച്ചത്. നിയമവിരുദ്ധമായാണ് വീട് നിര്‍മിച്ചതെന്നും മതിയായ രേഖകള്‍ ഇല്ലെന്നുമായിരുന്നു വീട് പൊളിക്കാനായി പൊലിസ് പറഞ്ഞ ന്യായം. അഭിഭാഷകര്‍ അയച്ച കത്ത് പ്രകാരം ഹൈക്കോടതി സ്വമേധയായാണ് കേസ് പരിഗണനിച്ചത്.
കേസ് പരിഗണിക്കവെ കോടതി പൊലിസിനെ അതിരൂക്ഷവിമര്‍ശനങ്ങള്‍ കൊണ്ട് മൂടി. ഈയൊരു അന്വേഷണപ്രഹസനത്തില്‍ ഒന്നും സുരക്ഷിതമല്ല. നിങ്ങള്‍ ചിലരുടെ വീടുകള്‍ പൊളിക്കുന്നു. ഇന്ത്യന്‍ പീനല്‍ കോഡിന്റെ പിതാവായി അറിയപ്പെടുന്ന മക്കോള പ്രഭുപോലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകില്ല. ഇത് ക്രിമിനല്‍ നിയമത്തിലെ പാളിച്ചയാണ്. ഏത് ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ പോലും കുറ്റാരോപിതന്റെ വീടുകള്‍ പൊളിക്കാന്‍ ഒരു നിയമവും അനുവദിക്കുന്നില്ല.
നാളെ ഈ കോടതിയില്‍ എന്തെങ്കിലും ഉണ്ടെന്ന് പറഞ്ഞ് എന്റെ ഈ കോടതി മുറിയും നിങ്ങള്‍ പൊളിക്കുമല്ലോ? ഇതൊക്കെ നിങ്ങള്‍ക്ക് എങ്ങിനെ കഴിയും? നിങ്ങള്‍ക്ക് എന്തും ആകാമെന്നാണോ?
ഇവിടെ ഒരു ജനാധിപത്യസംവിധാനമുണ്ട്. നിങ്ങള്‍ പിടിച്ചെടുത്തു എന്നു പറയുന്നത് ഒരു 9എം.എം പിസ്റ്റള്‍ ആണ്. അത് നിങ്ങള്‍ തന്നെ കൊണ്ടുവച്ചതാണോ അല്ലയോ എന്ന് ഞങ്ങള്‍ക്കറിയില്ല. കേസന്വേഷണത്തിന്റെ ഭാഗമായി ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒരാളെ പിഴുതെറിയാമെന്ന് നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ അത് കോടതിക്ക് കാണിച്ചുതരൂ.
ഇനി എസ്.പിയോ ഡി.ഐ.ജിയോ പൊലിസ് മേധാവിയോ തന്നെയാകട്ടെ ഒരാളുടെ വീട് പൊളിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. അങ്ങിനെ അനുവദിക്കുകയാണെങ്കില്‍ ഈ രാജ്യത്ത് ഒരാളും സുരക്ഷതമാകില്ല. നാളെ ആരെങ്കിലും ഈ കോടതിമുറിയില്‍ അതിക്രമിച്ചുകയറി ഇവിടെ ഇരുന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി നിങ്ങള്‍ ഈ കോടതിമുറിയും പൊളിക്കുമോ? ഒരാള്‍ കുറ്റംചെയ്താല്‍ അയാളെ വിചാരണചെയ്യാം. വീട് പൊളിക്കാന്‍ ആരാണ് എസ്.പിക്ക് അധികാരം തന്നത്?
സര്‍ച്ച് വാറണ്ടിന്റെ ഭാഗമായി ഇത്തരത്തില്‍ പൊലിസുകാര്‍ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്ന സംഭവം ഞാനിതുവരെ കേട്ടിട്ടില്ല ചീഫ്ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കേസ് പിന്നീട് വീണ്ടും പരിഗണിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.