
തിരുവനന്തപുരം: കാട്ടാക്കടയില്‍ തോക്ക് ചൂണ്ടി മോഷണം. കാട്ടാക്കടയ്ക്ക് സമീപം കളിയാക്കോടാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ കളിയാക്കോട് സ്വദേശി രതീഷിന്റെ വീട്ടിലെത്തിയ മോഷ്ടാവ് തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവരുകയായിരുന്നു.
എന്നാല്‍ സ്വര്‍ണമെന്ന് കരുതി കള്ളന്മാര്‍ മോഷ്ടിച്ച കമ്മല്‍, മുക്കുപണ്ടമാണെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം.
വീട്ടമ്മയും കൊച്ചുമക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മുഖംമൂടി ധരിച്ച് ബൈക്കില്‍ എത്തിയ രണ്ട് പേരാണ് കൃത്യം നടത്തിയത്. ഇവര്‍ വീട്ടമ്മയെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി വീട് മുഴുവന്‍ പരിശോധിക്കുകയായിരുന്നു. അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ടു. തുടര്‍ന്ന് കയ്യില്‍ കിട്ടിയ ഒരു ജോഡി കമ്മലുമായി ഇവര്‍ കടന്നുകളയുകയായിരുന്നു.
സംഭവത്തില്‍ കാട്ടക്കട പൊലിസ് അന്വേഷണം ആരംഭിച്ചു. എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലിസുകാരുടെ സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.