കമ്പനികള്‍ വര്‍ക്കം ഫ്രം ഹോം ഒഴിവാക്കുന്നതാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത്
അബുദാബി: പണ്ടെന്നല്ല ഇപ്പഴും ദുബായിക്കു പറക്കുക എന്നത് സ്വപ്‌നം തന്നെയാണ് നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക്. യു.കെയും യു.എസും ജര്‍മ്മനിയുമൊക്കെ കയറി വന്നിട്ടുണ്ടെങ്കിലും അറബ് നാടുകള്‍ പ്രത്യേകിച്ച് യു.എ.ഇ ഇന്നും പ്രിയദേശം തന്നെ മലയാളികള്‍ക്ക്. ഇങ്ങനെ ദുബായിക്കിനാവും കണ്ടിരിക്കുന്നവരോടാണ്. നിങ്ങള്‍ക്കിതാ നിരവധി അവസരങ്ങള്‍. വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ കമ്പനികള്‍ ഒഴിവാക്കിയതോടെയാണത്രെ കൂടുതല്‍ ഒഴിവുകള്‍ വന്നിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞതോടെ വര്‍ക്ക് ഫ്രം ഹോം സംവിധാനം കമ്പനികള്‍ ഒഴിവാക്കുകയാണ്. ജീവനക്കാരോട് തിരികെ എത്തണമെന്ന നിര്‍ദ്ദേശം പല സ്ഥാപനങ്ങളും നല്‍കിക്കഴിഞ്ഞു. എന്നാല്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷത്തോളം വീട്ടിലിരുന്ന് ജോലി ചെയ്തവരില്‍ പലര്‍ക്കും ഓഫിസില്‍ മടങ്ങിയെത്തുക എന്നത് സുഖകരമായി തോന്നുന്നില്ല. കമ്പനികള്‍ തിരിച്ചെത്താന്‍ നിര്‍ബന്ധിച്ച സാഹചര്യത്തില്‍ പല സ്ഥലങ്ങളിലും കൂട്ട രാജിയാണെന്നാണ് പറയുന്നത്. ആളുകള്‍ കൂടുതല്‍ സൗകര്യപ്രദമായ കമ്പനികള്‍ തേടി പോവുകയാണത്രെ. ലിങ്കഡിന്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.
യുഎഇയിലെ 77 ശതമാനം പ്രൊഫഷണലുകളും ഈ വര്‍ഷം ജോലി മാറ്റത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് ലിങ്കഡിന്‍ നടത്തിയ സര്‍വ്വേയിലെ കണ്ടെത്തല്‍. വര്‍ക്ക്ഫ്രംഹോം ഓപ്ഷന്‍ ഇല്ലാത്തതാണ് പലരേയും ജോലി മാറാന്‍ പ്രേരിപ്പിക്കുന്നതെന്നും സര്‍വ്വേയില്‍ പറയുന്നു. നിലവില്‍ വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ അനുവദിക്കുന്ന കമ്പനികള്‍ വെറും 4.3 ശതമാനം മാത്രമാണെന്നാണ് കണക്കുകള്‍.
അതായത് ഈ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് 22.8 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ വര്‍ഷം ഇതേ മാസം 50 ശതമാനം കമ്പനികളും വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചിരുന്നു.
അതേസമയം Bayt.com പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ 1500 ജോലികള്‍ വര്‍ക്ക് ഫ്രം ഹോം സൗകര്യം ഉള്ളതാണ്. ജിസിസിയില്‍ 600 ല്‍ അധികം ഒഴിവുകളും യുഎഇയില്‍ 300 ഓളം ഒഴിവുകളും ഉണ്ട്. (എണ്ണം ദിവസങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നതായിരിക്കും). ഏതാണ്ട് പത്തു ദിവസം മുമ്പുള്ളതാണ് ഈ സര്‍വ്വേ. കോള്‍ സെന്റര്‍ പ്രതിനിധി, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, ഫിനാന്‍സ് ഓഫിസര്‍ തുടങ്ങിയ ഒഴിവുകളാണ് പോര്‍ട്ടലില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊവിഡിന് ശേഷം തൊഴില്‍ സാഹചര്യങ്ങള്‍ മാറിയതോടെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ തൊഴില്‍ തന്ത്രങ്ങളുമായി കിടപിടക്കാന്‍ കഴിയുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് കമ്പനികള്‍ പ്രധാനമായും തേടുന്നത്. അതായത് യൂനിവേഴ്‌സിറ്റി ഡിഗ്രി കൊണ്ടോ കുറെ വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളത് കൊണ്ടോ മാത്രം ജോലി നേടിയെടുക്കുക സാധ്യമല്ലെന്ന് സാരം.
വര്‍ക്ക് ഫ്രം ഹോമിനുമുണ്ട് ചില മാനദണ്ഡങ്ങള്‍
മള്‍ട്ടി ടാസ്‌കിംഗ്, ആശയവിനിമയത്തിനുള്ള കഴിവ്, സാഹചര്യങ്ങളുമായി ഒത്തുപോകാനുള്ള കഴിവ്, ഓര്‍ഗനൈസേഷ്ണല്‍ സ്‌കില്‍, ഏത് സാഹചര്യത്തിലും ജോലി ചെയ്യാനുള്ള കഴിവ് എന്നിവയാണ് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെങ്കില്‍ കമ്പനികള്‍ കൂടുതല്‍ ഡിമാന്റ് ചെയ്യുന്നത്.
കമ്പനിയുടെ വളര്‍ച്ചയെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്ന വൈദഗ്ദ്യവും കഴിവും ഉണ്ടായിരിക്കണമെന്നതാണ് പുതിയ കാലത്തെ തൊഴില്‍ മന്ത്രമെന്ന് ലിങ്ക്ഡ് ഇന്‍ മേനയിലെ കമ്മ്യൂണിക്കേഷന്‍സ് മേധാവിയും തൊഴില്‍ വിദഗ്ധനുമായ നജത് അബ്ദുല്‍ഹാദി പറയുന്നു.
ബിസിനസിലെ അനിശ്ചിതത്വം മറികടക്കാനും കൊവിഡിന് ശേഷമുള്ള പ്രതിസന്ധിയില്‍ നിന്നും കരകയറാനും തങ്ങളുടെ ജീവനക്കാരനെ കമ്പനികള്‍ തിരിച്ച് വിളിക്കാന്‍ തുടങ്ങിയതോടെ വര്‍ക്ക് ഫ്രം ഹോം ഒഴിവുകള്‍ യുഎഇയില്‍ വ്യാപകമായി കുറഞ്ഞുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Comments are closed for this post.