2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് 19: യാത്രാ വിലക്ക് വിപുലീകരിച്ച് സഊദി; ഇന്ത്യക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ബാധകം

  • സ്വദേശികൾക്കും പ്രവാസികൾക്കും മടങ്ങാന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചു
  • ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യക്കാരായ ആരോഗ്യ പ്രവര്‍ത്തകരെ വിലക്കില്‍നിന്ന് ഒഴിവാക്കി

നിസാ൪ കലയത്ത്

ജിദ്ദ: കൊവിഡ് 19 വ്യാപനം തടയാന്‍ യാത്രാ വിലക്ക് വിപുലീകരിച്ച് സഊദി. ഇന്ത്യയടക്കം കൊറോണ ഭീഷണി നിലനില്‍ക്കുന്ന വിവിധ രാജ്യങ്ങളിലേക്ക് സഊദി അറേബ്യ താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. സഊദി പ്രസ് ഏജന്‍സി ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യക്കു പുറമെ, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍, സ്വിസ് കോണ്‍ഫെഡറേഷന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, എരിത്രിയ, കെനിയ, ജിബൂട്ടി സോമാലിയ എന്നീ രാജ്യങ്ങളിലേക്കാണ് വിലക്ക്. ഈ രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സഊദിയിലേക്ക് വരുന്നതിന് 14 ദിവസം മുമ്പ് ഈ രാജ്യങ്ങളില്‍ താമസിച്ചവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാനാവില്ല.

ഈ രാജ്യങ്ങളിലുള്ള സഊദി പൗരന്മാര്‍ക്കും സാധുവായ സഊദി ഇഖാമയുള്ളവര്‍ക്കും മടങ്ങുന്നതിന് 72 മണിക്കൂര്‍ സമയം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം ഇവര്‍ക്ക് യാത്ര നിരോധനം ബാധകമാവുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം സഊദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യക്കാരായ ആരോഗ്യ പ്രവര്‍ത്തകരെ വിലക്കില്‍നിന്ന് ഒഴിവാക്കി.

അതേ സമയം സഊദിയില്‍ പുതുതായി 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സഊദിയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 45 ആയി ഉയര്‍ന്നു.

രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മക്കയിലെ ആശുപത്രിയില്‍ ഐസൊലേഷനിലേക്ക് മാറ്റി. മക്കയില്‍ രോഗം ബാധിച്ച ഈജിപ്ഷ്യന്‍ പൗരനുമായി ബന്ധപ്പെട്ടവരാണ് 21 പേരും. ഇവരുടെ ആരോഗ്യ നില മന്ത്രാലയം പരിശോധിച്ചു വരികയാണ്. നേരത്തെ, ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചിരുന്ന ഖത്തീഫില്‍ ഇന്ന് മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ചയാളുടെ 12 കാരി പേരക്കുട്ടിയാണ് ഖതീഫില്‍ രോഗം ബാധിച്ച ഒരാള്‍. ഇറാഖില്‍ നിന്ന് മടങ്ങിയെത്തി ഐസൊലേഷനിലായിരുന്ന യുവാവും യുവതിയുമാണ് മറ്റു രണ്ടു പേര്‍. ഇതില്‍ ഖതീഫിലുള്ള ഒരാള്‍ അസുഖത്തില്‍ നിന്ന് മോചിതനായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.