
മസ്കത്ത് :കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാനില്‍ ചൊവ്വാഴ്ച്ച മുതല്‍ നാല് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടുന്നതും വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാര നിരോധനം ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പെരുന്നാള്‍ ദിനമായ ചൊവ്വാഴ്ച്ച രാവിലെ 4 മണി മുതല്‍ പ്രാബല്യത്തില്‍ വരും.
നിയന്ത്രണം ജൂലൈ 24 ശനിയാഴ്ച്ച രാവിലെ 4 മണിക്ക് അവസാനിക്കും. തുടര്‍ന്ന് നേരത്തെ പ്രഖ്യാപിച്ച വൈകുന്നേരം 5 നും രാവിലെ 4 നും ഇടയിലുള്ള സായാഹ്ന ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ തുടരും.സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ സമയത്ത് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും അടിയന്തിരഘട്ടത്തില്‍ യാത്രാനുമതി നല്കുന്നതിനുമായി ജോയിന്റ് ഓപ്പറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തിക്കും.ആവശ്യക്കാര്‍ക്ക് 1099 എന്ന നമ്പറില്‍ ബന്ധപെടാവുന്നതാണ്.
ലോക്ക് ഡൗണിന്റെ തലേ ദിവസം ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും വന്‍ തിരക്ക് അനുഭപ്പെട്ടു. ആളുകള്‍ വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതിനാല്‍, മുട്ട, ഫ്രഷ് ചിക്കന്‍,ചിപ്സ് തുടങ്ങിയവക്ക് ക്ഷാമം നേരിട്ടു. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ സമയത്ത്, ആശുപത്രികള്‍,പെട്രോള്‍ സ്റ്റേഷന്,ഫാര്‍മസി, ഇന്ധന സ്റ്റേഷനുകള്‍ തുടങ്ങി പത്തന്പതോളം വിഭാഗങ്ങളില്‍ ഇളവ്നല്കിയിട്ടുണ്ട്. കാലവര്‍ഷക്കെടുതി കണക്കിലെടുത്ത് സൂറില്‍ ജൂലൈ 20,21 ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയിട്ടുണ്ട്.