2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഖഷോഗി വധം: അമേരിക്കൻ റിപ്പോർട്ടിനെതിരെ അറബ് രാജ്യങ്ങൾ, സഊദിക്ക് പിന്തുണയുമായി ജിസിസിയും അറബ് രാജ്യങ്ങളും

അബ്‌ദുസ്സലാം കൂടരഞ്ഞി

     റിയാദ്: ഏറെ കോളിളക്കം സൃഷ്ടിച്ച മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഊദിക്കെതിരെ അമേരിക്ക റിപ്പോർട്ട് പുറത്ത് വിട്ട നടപടിയിൽ സഊദിക്ക് പിന്തുണ പ്രഖ്യാപിച്ച് അറബ് രാജ്യങ്ങൾ. ജിസിസിക്ക് പുറമെ വിവിധ അറബ് രാജ്യങ്ങൾ സഊദിക്ക് പിന്തുണയുമായി രംഗത്തെത്തി. അമേരിക്കയുടെ റിപ്പോർട്ട് തള്ളിക്കളയുന്നതായും നിരസിക്കുന്നതായും സഊദി അറേബ്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജിസിസി രാജ്യങ്ങൾ സഊദി നിലപാടിന് അനുകൂലമായി രംഗത്തെത്തിയത്. കൊലപാതകം സംബന്ധിച്ച രാജ്യത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ നിഷേധാത്മകവും തെറ്റായതും അസ്വീകാര്യവുമായ വിലയിരുത്തൽ സഊദി സർക്കാർ പൂർണ്ണമായും നിരസിക്കുന്നുവെന്ന് സഊദി വിദേശ കാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

      ഖഷോഗിയുടെ കൊലപാതകത്തിൽ സഊദി അറേബ്യൻ നേതൃത്വത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിലയിരുത്തൽ നിർണായക തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും പ്രാദേശികവും അന്തർദ്ദേശീയവുമായ സമാധാനവും സുരക്ഷയും വർദ്ധിപ്പിക്കുന്നതിൽ സഊദി വഹിക്കുന്ന മഹത്തായതും നിർണായകവുമായ പങ്ക് നിർണ്ണായകമാണെന്നും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ നായിഫ് അൽ ഹജ്റഫ് പറഞ്ഞു. 

    അമേരിക്കൻ റിപ്പോർട്ട് തള്ളി സഊദിക്ക് അനുകൂലമായി രാജ്യങ്ങളായ യുഎഇ, ബഹ്‌റൈൻ, കുവൈത്, യമൻ എന്നീ രാജ്യങ്ങളും രംഗത്തെത്തി. ഖഷോഗി വധത്തിൽ സഊദി ജുഡീഷ്യറി നിലപാട് അംഗീകരിക്കുന്നുവെന്നും സഊദി വിദേശ കാര്യ മന്ത്രാലയ പ്രസ്താവനയെ പിന്തുണക്കുന്നുവെന്നും യുഎഇ വ്യക്തമാക്കി. മേഖലയുടെ സ്ഥിരതയും സുരക്ഷയും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളിൽ തങ്ങൾ സഊദിയുമായി ചേർന്ന് നിൽക്കുന്നുവെന്നും അറബ് മോഡറേഷന്റെ അച്ചുതണ്ടിലും പ്രദേശത്തിന്റെ സുരക്ഷയിലും സഊദിയുടെ പ്രധാന പങ്ക് സ്ഥിരീകരിക്കുന്നുവെന്നും ഈ പ്രശ്നം മുതലെടുക്കുന്നതിനോ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനോ ഉള്ള ഏതൊരു ശ്രമത്തെയും നിരസിക്കുന്നുവെന്നും യുഎഇ വ്യക്തമാക്കി.

     സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ സഊദി അറേബ്യ വഹിക്കുന്ന നിർണായകവും പ്രധാനവുമായ പങ്ക് ഏറെ വലുതാണെന്നും സഊദിയുടെ ഭാഗത്ത് നിലകൊള്ളുമെന്നും കുവൈത് വിദേശ കാര്യ മന്ത്രാലയവും വ്യക്തമാക്കി. സഊദിയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടികളെ തള്ളിക്കയുന്നതായും സഊദിയുടെ ഭാഗം വ്യക്തമാണെന്നും ബഹ്‌റൈനും വ്യക്തമാക്കി.

    മാധ്യമ പ്രവർത്തകനായിരുന്ന ജമാൽ ഖശോഗിയെ പിടികൂടുവാനോ കൊല്ലുവാനോ ഉത്തരവിട്ടത് സഊദി കിരീടാവകാശിയായിരുന്നുവെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് കോൺഗ്രസിൽ സമർപ്പിച്ച റിപ്പോർട്ടിന് പിന്നാലെ കിരീടാവകാശി ഒഴികെ എഴുപത്തിയാറ് സഊദി പൗരന്മാർക്ക് യുഎസ് യാത്രാവിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വിലക്കിനെ കുറിച്ച് സഊദിയുടെ പ്രത്യേക പ്രതികരണം പുറത്ത് വന്നിട്ടില്ല.  


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.