2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മോഡിഫൈഡ്

ഗുലാം നബി ആസാദിനെയും ബുദ്ധദേബ് ഭട്ടാചാര്‍ജിയെയും പത്മഭൂഷണ് പരിഗണിക്കുകയും ബുദ്ധദേബ് നിരാകരിക്കുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശിൻ്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു ‘ He wants to be azad not  gulam’.  2020 ഒാഗസ്റ്റില്‍ സംഘടനാ സംവിധാനങ്ങളെ കുറിച്ച് സോണിയാഗാന്ധിക്ക് കത്തെഴുതിയ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാക്കളില്‍ ഗുലാം നബിയും പാര്‍ട്ടി വിട്ടു. ആനന്ദ് ശര്‍മയുടെ തീരുമാനം ഉടനെ. കശ്മിരിലെ ഡോഡ ജില്ലയിലെ സോതിയില്‍ 1949 മാര്‍ച്ച് ഏഴിന് ജനിച്ച ഗുലാം നബി ഭട്ട് വിദ്യാഭ്യാസം നേടി രാഷ്ട്രീയത്തിലേക്ക് പാദമൂന്നിയതില്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പേരില്‍ നിന്ന് ‘ഭട്ടി’നെ നീക്കി മൗലാനാ അബുല്‍ കലാം ആസാദിനെ ഓര്‍മിപ്പിച്ച ‘ആസാദി’നെ സ്വീകരിച്ച ഗുലാം നബി ഇന്ദിരാഗാന്ധി മുതല്‍ സോണിയാ ഗാന്ധി വരെ നെഹ്‌റു കുടുംബത്തിന്റെ പ്രിയങ്കരനായിരുന്നു. പേരിലെയും ആകാരത്തിലെയും വേഷത്തിലെയും ഗരിമ കൊണ്ടുകൂടി കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടായിരുന്നു.
സംഘ്പരിവാരം വെട്ടിയെറിഞ്ഞ ഇന്ത്യയെ കോര്‍ത്തെടുത്തൊരുമിപ്പിക്കാന്‍ ഭാരത് ജോഡോക്ക് പാര്‍ട്ടി തയാറെടുക്കുമ്പോള്‍ അദ്ദേഹം പഴി പറഞ്ഞ് പിരിയുകയാണ്. ഗുജറാത്തികളുടെ ജീവന്‍ കശ്മിരില്‍ നിന്ന് രക്ഷിച്ചതിന് ആസാദിന് കണ്ണീരോടെ നരേന്ദ്ര മോദി നന്ദി പറയുമ്പോള്‍ ഇഹ്‌സാന്‍ ജാഫ്രി എന്നൊരു എം.പി  ഗുജറാത്തില്‍ പച്ചക്ക് കത്തുമ്പോള്‍ ആ നിലവിളി ഒന്നു കേള്‍ക്കാമായിരുന്നില്ലേ എന്ന് തിരിച്ചു ചോദിക്കാനുള്ള ആസാദി ഗുലാമിനുണ്ടായില്ല.

ആര്‍.എസ്.എസിനെ ഭയക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുപോകണമെന്നും ഇനി പാര്‍ട്ടിക്ക് വേണ്ടത് ധൈര്യശാലികളെയാണെന്നും രാഹുല്‍ പറഞ്ഞുവച്ചത് ജി-23 നേതാക്കളെ ഉദ്ദേശിച്ചാണെങ്കില്‍ തകരാറ് എവിടെയെന്ന് അന്വേഷിക്കാതെ വയ്യ. സോണിയാഗാന്ധിയില്‍ നിന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ രാഹുലിന് ചില പദ്ധതികളുണ്ടായിരുന്നു. 2014ല്‍ മോദി അധികാരത്തില്‍ വന്ന ശേഷം നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രാഹുലിന്റെ നേതൃത്വത്തില്‍ വിജയിക്കാനായെങ്കിലും അധികാരം കൈയാളുന്ന ഘട്ടത്തില്‍ പഴയ താപ്പാനകള്‍ രംഗം പിടിച്ചു. സച്ചിന്‍ പൈലറ്റിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും മുഖ്യമന്ത്രിമാരാക്കാന്‍ രാഹുല്‍ ആഗ്രഹിച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ കളം വിട്ടില്ല. 2019ലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും മുതിര്‍ന്നവരുടെ സമ്മര്‍ദങ്ങള്‍ രാഹുലിന്റെ എല്ലാ ശ്രമങ്ങളെയും തകര്‍ത്തു. മക്കള്‍ക്കും മരുമക്കള്‍ക്കും സ്ഥാനം ലഭ്യമാക്കുന്നതില്‍ വാശി പിടിച്ച നേതാക്കള്‍ ഇപ്പോള്‍ എല്ലാം രാഹുലില്‍ കെട്ടിവച്ച് കൂടൊഴിയുകയാണ്.

കശ്മിരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായി 24ാം വയസില്‍ രാഷ്ട്രീയത്തിലേക്ക് കടന്ന ഗുലാം നബി യൂത്ത് കോണ്‍ഗ്രസ് ജമ്മു കാശ്മിര്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റും ആയതിന് പിന്നാലെ 31ാംമത്തെ വയസില്‍ 1980ല്‍ മഹാരാഷ്ട്രയില്‍ നിന്ന് ലോക്‌സഭയിലെത്തിച്ചു കോണ്‍ഗ്രസ്. രണ്ടു വര്‍ഷത്തിനകം കേന്ദ്ര നിയമ കാര്യസഹമന്ത്രിയും.
1984ല്‍ വീണ്ടും ലോക്‌സഭാംഗം. 1990- 96 കാലത്ത് രാജ്യസഭയിലെത്തുന്നതും മഹാരാഷ്ട്രയില്‍ നിന്ന്. 1996ന് ശേഷമാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാനെങ്കിലും താഴ്‌വര കയറുന്നത്. ഇന്ദിരാഗാന്ധി മുതല്‍ മന്‍മോഹന്‍ സിങ് വരെ എല്ലാ മന്ത്രിസഭയിലും ഗുലാം നബി ഉണ്ടായി. 2014ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തായ വര്‍ഷം രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി ഗുലാം. പഴയ എല്ലാര്‍ക്കും രാജ്യസഭാംഗത്വം പുതുക്കി നല്‍കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്ന് വന്നിരിക്കുന്നു.

കശ്മിരില്‍ സഖ്യമുണ്ടാക്കിയാണെങ്കിലും 30 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിക്ക് അവസരമുണ്ടായപ്പോള്‍ ഗുലാമിനെ വാഴിച്ചത് സോണിയാഗാന്ധിയാണ്. സംഘടനാപരമായ ഗുലാമിന്റെ മിടുക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്. ദീര്‍ഘകാലം എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നല്ലോ. മന്‍മോഹന്‍ സര്‍ക്കാരില്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരിക്കെ ആരംഭിച്ച റൂറല്‍ ഹെല്‍ത്ത് മിഷന്‍ രാജ്യത്തിന്റെ ഗ്രാമീണ ആരോഗ്യമേഖലയില്‍ വലിയ കുതിപ്പിന് കാരണമായി. പോളിയോ നിര്‍മാര്‍ജന പദ്ധതിക്ക് ലോകം രാജ്യത്തെ ആദരിക്കുകയും ചെയ്തു. ജനസംഖ്യാ നിയന്ത്രണത്തിന് രണ്ട് മാര്‍ഗം അദ്ദേഹം നിര്‍ദേശിച്ചു. ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുക- ആളുകള്‍ മറ്റു പണിക്ക് നില്‍ക്കാതെ രാത്രി ടെലിവിഷന്‍ കണ്ട് ക്ഷീണിച്ച് ഉറങ്ങിക്കോളും. വിവാഹം കഴിക്കുന്നത് വൈകിക്കുക. 30ാം വയസിലാണ് പ്രശസ്ത ഗായിക ഷമീം ദേവിനെ വിവാഹം കഴിച്ചത്. രണ്ടു കുട്ടികളേയുള്ളൂ- സദ്ദാം, സോഫിയ.

 രാഹുല്‍ വന്ന ശേഷം കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞാണ്. നെഹ്‌റുവിന് ശേഷം കോണ്‍ഗ്രസ് കണ്ട ആശയ പ്രതിബദ്ധതയുള്ള നേതാവാണ് രാഹുല്‍. ആര്‍.എസ്.എസിന്റെ ആശയവും കോണ്‍ഗ്രസിന്റെ ആശയവും തമ്മില്‍ എവിടെ വേര്‍തിരിയുന്നു എന്ന് ജനത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്കുണ്ട്. രാജ്യത്തെ മുന്നോട്ട് നയിക്കേണ്ട പാവങ്ങളെ കൂടി ഉള്‍ക്കൊള്ളേണ്ട സാമ്പത്തിക നയങ്ങളെ കുറിച്ചും ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്ക് ധാരണ വേണം. പഴയ മട്ടിലെ കോണ്‍ഗ്രസിന് 2014ന് ശേഷമുള്ള മോഡിഫൈഡ് രാഷ്ട്രീയത്തെ നേരിടാനാവില്ല. ആശയ വ്യക്തതയുള്ള പുതിയ കോണ്‍ഗ്രസ്- രാഹുല്‍ ഇത് മുന്നോട്ടു വയ്ക്കുമ്പോള്‍ പക്ഷെ പഴയവരെല്ലാം ഇങ്ങനെ വിട്ടുപോയാലെങ്ങനെയാണ്?


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.