
ബെംഗളൂരു: ബി.ജെ.പിയിലേക്കു വലിച്ചുകൊണ്ടുപോവുമെന്ന ഭയത്താല്‍ ഗുജറാത്തില്‍ നിന്നു ബെംഗളൂരുവില്‍ എത്തിച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബംഗളൂരിവില്‍ നിന്ന് ഇന്ന് തിരിച്ചുപോവും. 10 എം.എല്‍.എമാരടങ്ങുന്ന ആദ്യസംഘം പുലര്‍ച്ചെ 4.30ന് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തും. ബാക്കി വരുന്ന 33 എം.എല്‍.എമാരും പിന്നാലെ പോവും. ചൊവ്വാഴ്ചയാണ് ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരം നടക്കുന്നത്.
ജൂലൈ 29 നാണ് എം.എല്‍.എമാരെ ഗുജറാത്തില്‍ നിന്ന് ബെംഗളൂരുവിലെ സുരക്ഷിത മേഖലയിലെത്തിച്ചത്. മുതിര്‍ന്ന നേതാക്കന്മാര് അടക്കം ആറു എം.എല്‍.എമാര്‍ രാജിവച്ചതോടെയാണ് കോണ്‍ഗ്രസ് ഇത്തരുമൊരു നീക്കം നടത്തിയത്. രാജ്യസഭയിലേക്ക് ഒഴിവുവരുന്ന മൂന്നു സീറ്റിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഒരു സീറ്റിലേക്ക് സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി കൂടിയായ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പാട്ടേലും മത്സരിക്കുന്നുണ്ട്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരും ഗുജറാത്തില്‍ നിന്ന് മത്സരരംഗത്തുണ്ട്. ഇവര്‍ രണ്ടുപേരും എളുപ്പത്തില്‍ ജയിച്ചുകയറും. വീണ്ടും തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ അഹമ്മദ് പാട്ടേലിന് 45 വോട്ടുകള്‍ ആവശ്യമാണ്. പാട്ടേലിനെതിരെ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന ബല്‍വന്ദ്സിങ് രജ്പുതിനെ മത്സരംഗത്തിറക്കിയിട്ടുണ്ട്.
Comments are closed for this post.