
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. ആകെയുള്ള 182 സീറ്റില്‍ 89 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ്. സൗരാഷ്ട്ര കച്ച് മേഖലകളും ദക്ഷിണ ഗുജറാത്തുമാണ് ഒന്നാംഘട്ടത്തില്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത്. ശേഷിക്കുന്ന 93 സീറ്റുകളിലേക്ക് ഡിസംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കും. എട്ടിനാണ് ഫലപ്രഖ്യാപനം.
ആദ്യഘട്ടത്തില്‍ 718 പുരുഷന്മാരും 70 വനിതകളും മല്‍സരിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി എ.എ.പി വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന തെരഞ്ഞെടുപ്പാണിത്. ആകെയുള്ള 182 സീറ്റില്‍ 181ലും എ.എ.പിക്ക് സ്ഥാനാര്‍ത്ഥിയുണ്ട്. ബി.ജെപി.ക്ക് കരുത്തുള്ള ദക്ഷിണ ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടി ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എ.എ.പി സംസ്ഥാന അധ്യക്ഷന്‍ ഗോപാല്‍ ഇത്താലിയ, എ.എ.പിയുടെ കൂടെയുള്ള പട്ടേല്‍ സമര നേതാക്കളായ അല്‍പേഷ് കത്തരിയ, ധര്‍മിക് മാല്‍വ്യ എന്നിവരുടെ മണ്ഡലങ്ങള്‍ ദക്ഷിണ ഗുജറാത്തിലാണ്. എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാഥി ഇസുദാന്‍ ഗാഡ്വിയുടെ മണ്ഡലത്തിലും നാളെയാണ് വിധിയെഴുത്ത്.
പട്ടേല്‍ സമരകാലത്ത് കോണ്‍ഗ്രസിനെ തുണച്ച സൗരാഷ്ട്ര മേഖല ഇത്തവണ ആരെ തുണയ്ക്കുമെന്ന് കണ്ടറിയണം. ഗുജറാത്തില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസ് വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസ്ഥാനത്തെത്തി റാലികളില്‍ പങ്കെടുത്തുവരികയാണ്. കോണ്‍ഗ്രസിനായി മുന്‍ പ്രതിപക്ഷ നേതാക്കളായ അര്ജുന് മോദ്വാദിയ, പരേഷ് ധാനാനി എന്നിവര്‍ നാളെ ജനവിധി തേടും. കോണ്‍ഗ്രസ് 125 സീറ്റുനേടുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
വീണ്ടും അധികാരത്തിലെത്തുന്നതിനായി വലിയ വാഗ്ദാനങ്ങളുള്ള പ്രകടനപത്രികയും വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളുമായി ബി.ജെ.പിയും ശക്തമായി രംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ അടക്കമുള്ള നേതാക്കള്‍ ദിവസങ്ങളോളം സംസ്ഥാനത്ത് പ്രചാരണരംഗത്തുണ്ടായിരുന്നു.
ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഗ് വി, ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ തുടങ്ങിയ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ മണ്ഡലങ്ങളിലും നാളെയാണ് വോട്ടെടുപ്പ്.
Comments are closed for this post.