കെ.എം ശാഫി
‘ഖസാക്കിലെ ഓത്തുപള്ളിയിലിരുന്ന് അള്ളാപ്പിച്ച മൊല്ലാക്ക റാവുത്തര്‍മാരുടെ കുട്ടികള്‍ക്ക് ആ കഥ പറഞ്ഞ കൊടുത്തു: ‘പണ്ടുപണ്ട്, വളരെ പണ്ട്, ഒരു പൗര്‍ണമി രാത്രിയില്‍ ആയിരത്തൊന്ന് കുതിരകളുടെ ഒരു പട ഖസാക്കിലേക്കു വന്നു. ആയിരം കുതിരകളും കേടറ്റ വെള്ളക്കുതിരകളായിരുന്നു. എന്നാല്‍ ശൈഖ് തങ്ങളാകട്ടെ ചടച്ചു കിഴവനായ ഒരു പാണ്ടന്‍ കുതിരപ്പുറത്താണ് സവാരി ചെയ്തത്…’
ഇതിഹാസം ചെവികൊണ്ട ഓരോ തലമുറയും ചോദിച്ചു
‘അതെത്ക്ക് മൊല്ലാക്കാ….
തസ്രാക്കിലേക്ക് പുറപ്പെട്ടപ്പോള്‍ കഥയില്‍ കുടുങ്ങിയ മനസ് കഥാഗ്രാമത്തിന്റെ ഞരമ്പുകളിലൂടെ നിലക്കാതെയോടുന്ന ഐതിഹ്യങ്ങളുടെ നിഗൂഢതകളില്‍ തളക്കപ്പെട്ടിരുന്നു. ഇതാദ്യമല്ല തസ്രാക്കിലേക്കുള്ള യാത്ര. തണ്ണീര്‍പന്തലും കഴിഞ്ഞ് രവി ബസിറങ്ങിയ കൂമന്‍കാവില്‍ കനാല്‍ റോഡില്‍നിന്ന് തസ്രാക്കിലേക്ക് തിരിയുന്ന നാല്‍ക്കവല. വഴിയമ്പലത്തിലെ ആല്‍മരത്തിനു ചുവടെ പാലത്തിന്റെ സുരക്ഷാഭിത്തിയില്‍ കാലുകള്‍ പിണച്ചുവച്ചിരിക്കുന്നൊരു മനുഷ്യന്‍.
വിരലുകള്‍ക്കിടയില്‍ ബീഡിയെരിയുന്നുണ്ട്. പാടേ നരകയറിയ താടിരോമങ്ങള്‍ക്കിടയിലൂടെ അയാളുടെ ചിരി ഞങ്ങളെ മാടിവിളിച്ചു. തസ്രാക്ക് എന്ന കഥാഗ്രാമത്തിന്റെ പുതിയ പ്രവേശനകവാടത്തിനഭിമുഖമാണ് അയാളിരിക്കുന്നത്. ആ ചിരി പതിവുള്ളതാണ്. ഖസാക്ക് കാണാന്‍ വരുന്ന എല്ലാ മനുഷ്യരോടും തസ്രാക്കുകാര്‍ ഇങ്ങനെ ചിരിക്കും. അത് ഇതിഹാസ എഴുത്തുകാരനോടുള്ള സ്‌നേഹത്തിന്റെ ചിരിയാണ്.
ഖാദര്‍ക്ക, വയസ് എഴുപതു കഴിഞ്ഞു. തസ്രാക്കിലെ മാങ്കാകളത്തിനടുത്താണു വീട്. ലോട്ടറി വില്‍പനയാണ് ഇപ്പോഴത്തെ പണി. പണ്ട് മാങ്ങയും പുളിയും ലേലംപിടിച്ച് വില്‍പനയായിരുന്നു. ഇതിഹാസ ഗ്രാമത്തിന്റെ കഥാകാരനെ ഖാദര്‍ക്ക കണ്ടിട്ടുണ്ട്. കഥയും ഗ്രാമവും ലോകമറിഞ്ഞത് കഥാകൃത്ത് ഇവിടെ വന്നപ്പോഴാണത്. ബുക്കൊന്നും വായിച്ചിട്ടില്ല, പക്ഷേ ആളുകള്‍ പറയുന്നതുകേട്ട് കഥയറിയാം, കഥാപാത്രങ്ങളെയും അറിയാം. അദ്ദേഹത്തിന്റെ കൈയില്‍നിന്നൊരു ലോട്ടറിയും വാങ്ങി രവി നടന്ന വഴികളിലൂടെ ഞങ്ങള്‍ തസ്രാക്കിലേക്ക്. കാലത്തിന്റെ രഥവേഗങ്ങളേല്‍ക്കാത്ത പാതയിലേക്ക് കാര്‍ കയറിയപ്പോള്‍ മനസില്‍ കഥയുടെ ഇരമ്പല്‍ തുടങ്ങി.
തസ്രാക്കില്‍നിന്നാണ്, ഞങ്ങള്‍ക്ക് അങ്ങയെ കാണണം…
മണ്‍മതിലുകളും മുള്‍വേലികളും അതിരിട്ട ചെറിയ വീടുകള്‍. നെല്‍പാടങ്ങളിലെ കരിമ്പനകളിലിപ്പോഴും കാറ്റു വീശുന്നുണ്ട്. റോഡില്‍ കുട്ടികളുടെ കളിയാരവങ്ങള്‍. ഖസാക്കിന്റെ ചരിത്രത്തിലേക്കും കഥയിലേക്കും നീണ്ടുകിടക്കുന്ന ടാറിട്ട നരച്ച പാത. രവി കുടിച്ച സര്‍ബത്തിന്റെ രുചിയും മധുരവും എന്റെ നാവില്‍നിന്നുപോലും ഇപ്പോഴും കെട്ടുപോയിട്ടില്ല. ശംസിത്തയുടെ സര്‍ബത്ത് കുടിച്ചാണ് ഒ.വി വിജയന്‍ സ്മാരകത്തിന്റെ കവാടം കടന്നത്.
ഉള്ളില്‍ ഖസാക്കിന്റെ ഇതിഹാസം താളുകള്‍ മറിയുകയാണ്. അപ്പുക്കിളി, അള്ളാപ്പിച്ച മൊല്ലാക്ക, ശിവരാമന്‍ നായര്‍, മൈമൂന, ഖാലിയാര്‍, രവിയിലൂടെ നിറഞ്ഞാടിയ എത്രയെത്ര കഥാപാത്രങ്ങള്‍. പ്രണയം, കാമം, പാപം, ഭ്രാന്ത്, പക മനുഷ്യാവസ്ഥകളുടെ സകല നിമ്‌ന്നോന്നതങ്ങളും കയറിയിറങ്ങിയ കഥ കഥായില്ലായ്മയുടെ കാലത്തെ ഒരു പച്ച ഗ്രാമത്തിന്റെ കഥകൂടിയാണ്. മലയാള നോവല്‍ ചരിത്രത്തില്‍ അതുവരെയില്ലാത്ത ആഖ്യാനശൈലിയും ഭാവനാലോകവും കൊണ്ടുവന്നു എന്നതാണ് ഖസാക്കിന്റെ ഇതിഹാസത്തിന്റെ പ്രസക്തി. മനുഷ്യരും പ്രകൃതിയും വിശ്വാസങ്ങളും പ്രേതങ്ങളും യുക്തിയും അയുക്തിയുമെല്ലാം ചേര്‍ന്നൊഴുകുന്ന മാജിക്കല്‍ റിയലിസം.
‘ഇത് കര്‍മപരമ്പരയുടെ സ്‌നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളൂ…’ വിഷാദത്തിന്റെ ചുവന്ന പൂക്കളറ്റ് രവി ഖസാക്കില്‍നിന്ന് പോവുന്നത് കഥയുടെ ഒടുക്കമാവാം പക്ഷേ, തസ്രാക്കിന്റെ കഥ തുടരുകയായിയുന്നു, കാലാന്തരങ്ങളിലേക്കും തലമുറകളിലേക്കും.
പഴമ കളയാതെ നവീകരിച്ച ഞാറ്റുപുരയുടെ മൂലയില്‍ ചാരുപടിയും ചാരിയൊരു കറുത്തു മെലിഞ്ഞ മനുഷ്യനിരിപ്പുണ്ട്. ഞങ്ങളെക്കൊണ്ടയാള്‍ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടീച്ചു. കെട്ടുപോയൊരു ബീഡിയുണ്ടയാളുടെ വിരലുകള്‍ക്കിടയില്‍. തീപ്പെട്ടിയുരസി പാതിബീഡിക്കയാള്‍ വീണ്ടും തീ കൊടുത്തു. പുകച്ചും കുരച്ചും പല്ലൊഴിഞ്ഞ മോണകാട്ടി ചിരിച്ചും അവിടെ വന്ന ഓരോരുത്തരിലേക്കും അയാളെത്തുന്നുണ്ട്. മജീദ്, ഈ സ്മാരകസൗധത്തിന്റെ മാത്രമല്ല, ഖസാക്കിന്റെ തന്നെ കാവല്‍ക്കാരന്‍.
ഒ.വി വിജയന്റെ സഹോദരി ശാന്ത തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തില്‍ പഠിപ്പിച്ചിരുന്ന കാലം മജീദ്ക്കക്ക് വയസ് അഞ്ച്. ടീച്ചര്‍ താമസിച്ചിരുന്ന മാധവന്‍ നായരുടെ കളപ്പുരയില്‍ ഇരുപത്തൊന്ന് ദിവസമാണ് ഒ.വി വിജയന്‍ പെങ്ങളുടെ കൂടെ താമസിച്ചത്. ചെറുപ്പക്കാരനായ കഥാകൃത്ത് കളപ്പുരയുടെ ചാരുപാടിയിലിരുന്ന് കാര്‍ട്ടൂണുകള്‍ വരച്ചത് ഇന്നലെയെന്ന പോലെ മജീദ്ക്ക ഓര്‍ത്തെടുത്തു. ഇന്നത്തെ മദ്‌റസയുടെ സ്ഥാനത്തായിരുന്നു ആ പള്ളിക്കൂടം. മജീദ്ക്കയുടെ പതിനേഴാം വയസിലാണ് ഖസാക്കിന്റെ ഇതിഹാസം പുറത്തിറങ്ങുന്നത്. അതിനും വര്‍ഷങ്ങള്‍ക്കു ശേഷമാണത്രെ തസ്രാക്കിന്റെ കഥയാണിതെന്ന് ഇവിടത്തുകാര്‍ തിരിച്ചറിയുന്നത്. അന്നുമുതല്‍ മജീദ്ക്ക കഥാകാരനെ തേടി നടപ്പായി. ഒടുക്കം കഥാകാരന്റെ സഹോദരിയില്‍നിന്ന് ഫോണ്‍ നമ്പര്‍ കിട്ടി. പേടിയോടെയാണ് നമ്പര്‍ കറക്കിയത്. മറുതലക്കല്‍ ഫോണെടുത്തു. വിറയലോടെ അതിലേറെ ബഹുമാനത്തോടെ മജീദ്ക്ക പറഞ്ഞു. തസ്രാക്കില്‍നിന്നാണ്, ഞങ്ങള്‍ക്ക് അങ്ങയെ കാണണം…
കുറച്ചുനേരത്തെ നിശബ്ദതയെ ഭേദിച്ച് മറുപടി വന്നു: തസ്രാക്കിലേക്ക് വരാം…
ആളും ആരവങ്ങളുമായി തസ്രാക്കുകാര്‍ കാത്തിരുന്നു.
കഥാഭൂമികയില്‍ കഥാകാരന്‍
ഒടുവില്‍ തസ്രാക്കിന്റെ കഥാഭൂമികയില്‍ കഥാകാരനെത്തി. കഥാപാത്രങ്ങള്‍ കാലത്തിന്റെ ചാക്രികതയില്‍ കറങ്ങി നടന്നുതുടങ്ങിയിരുന്നു. പിന്നീടങ്ങോട്ട് എട്ടുവര്‍ഷം തുടര്‍ച്ചയായി ഇതിഹാസത്തിന്റെ കഥാകാരന്‍ തസ്രാക്കില്‍ വന്നു. വന്നപ്പോഴൊക്കെ തസ്രാക്കിലെ വയല്‍ വരമ്പുകളിലൂടെയും ഞാറ്റുപുരയുടെ പരിസരത്തുകൂടിയും കഥ പറഞ്ഞുനടന്നു, കൂടെ മജീദ്ക്കയും. കഥാകാരന്റെ കൂടെനടന്ന ഒമ്പതു വര്‍ഷംകൊണ്ട് പുസ്തകം വായിക്കാത്ത മജീദ്ക്ക കഥയെന്തെന്നറിഞ്ഞു, കഥാപാത്രങ്ങളെയറിഞ്ഞു. ഒടുവില്‍ വന്നുപോയി ഏഴുമാസം കഴിഞ്ഞാണ് മരണവാര്‍ത്തയെത്തിയത്. അവസാനമായി പാലക്കാട് ചെന്ന് ചേതനയറ്റ വിശ്വകഥാകൃത്തിന്റെ മുഖം ഒരു നോക്കുകണ്ടു.
മരണത്തിന്റെ വില്ലീസുപടുതുകള്‍ കടന്ന് കഥാകാരന്‍ പോയെങ്കിലും അദ്ദേഹത്തിന്റെ ആത്മാവും കഥാപാത്രങ്ങളും തസ്രാക്കിനു ചുറ്റും പറന്നുനടക്കുന്നുണ്ടെന്ന തോന്നല്‍ മജീദ്ക്കയെ അവിടെത്തന്നെ പിടിച്ചുനിര്‍ത്തി. അങ്ങനെ സ്വകാര്യ ഉടമസ്ഥതയിലുള്ള കളപ്പുരയുടെ സംരക്ഷണച്ചുമതല ലഭിച്ചു. പിന്നീട് കളപ്പുരയും പരിസരവും അറബിക്കുളവുമൊക്കെ സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ മജീദ്ക്ക അതിന്റെയെല്ലാം കാവല്‍ക്കാരനായി. കഥാഗ്രാമം കാണാനെത്തുവരൊക്കെ വിശേഷങ്ങള്‍ ചോദിക്കും. അവരോട് കഥാകാരന്‍ തന്നോടു നേരിട്ടുപറഞ്ഞ കഥകള്‍ വിവരിക്കും. അന്നേരം സന്ദര്‍ശകരുടെ മുഖത്തു നോവല്‍വായന പകരുന്നതിനേക്കാള്‍ വലിയൊരനുഭൂതി തെളിയും- മജീദ്ക്ക പറയുന്നു. കളപ്പുരയും ചുറ്റുമുള്ള സ്ഥലവും അറബിക്കുളവും ഇന്ന് സ്മാരകസമിതിയുടെ ഉടമസ്ഥതയിലാണ്. മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കു പിറകെ മജീദ്ക്കയും കൂട്ടരും ഓടിയതിന്റെ പരിണതിയാണിത്. മജീദ്ക്ക പറഞ്ഞുകൊണ്ടേയിരുന്നു. കഥാലോകത്തെക്കുറിച്ച്, കഥാകാരനെക്കുറിച്ച്, സ്മാരക സമിതിയുടെ പ്രവര്‍ത്തങ്ങളെക്കുറിച്ച്, ഇടയ്ക്കു തന്നെക്കുറിച്ചും.
മാങ്ങയും പുളിയും സീസണ്‍ കാലത്ത് കച്ചവടം ചെയ്യലാണ് ജോലി. അതു കഴിഞ്ഞാല്‍ ഇവിടെക്കാണും രാവും, പകലും. കളപ്പുരയുടെ തൊട്ടുമുമ്പിലെ ചെമ്മണ്‍ പാതക്കപ്പുറമാണ് വീട്. സ്മാരക സൗധത്തിന്റെ നോക്കിനടത്തിപ്പുകാരനാണ് സ്മാരകംതന്നെ ഇവിടെ വരാന്‍ ഹേതുവായ മജീദ്ക്ക. അതിനു സ്മാരകസമിതി അയ്യായിരം രൂപ ശമ്പളവും നല്‍കുന്നുണ്ട്. അത് നല്‍കിയില്ലെങ്കിലും ഞാനിവിടെയുണ്ടാവും. ഇതെന്റെകൂടി സ്വപ്നമാണെന്നു മജീദ്ക്ക പറയുമ്പോള്‍ മലയാളിയുടെ വിശ്വമാനവികതയെ ഓര്‍ത്ത്, നിറഞ്ഞ സ്‌നേഹത്തെയോര്‍ത്ത് എവിടെയോ ഒരു നനവ് പൊടിഞ്ഞു.
ഞങ്ങള്‍ സ്മാരക വളപ്പിനകത്തെ കുടുംബശ്രീയുടെ ചായക്കടയിലേക്ക് നടന്നു. കുമാരിചേച്ചി മധുരമില്ലാത്ത സുലൈമാനിയിട്ടു തന്നു. പ്രമേഹവും പ്രഷറുമൊക്കെയുണ്ട്. പക്ഷേ, ഇപ്പോള്‍ രണ്ട് കാല്‍മുട്ടിനു താഴേയും നല്ല വേദനയാണ്. കൂടുതല്‍ സമയം നില്‍ക്കാന്‍വയ്യ- താഴ്ത്തിയിട്ട തുണി പൊക്കിപ്പിടിച്ച് മജീദ്ക്ക പറഞ്ഞു. സംസാരത്തിനിടയിലേക്ക് രണ്ടു തമിഴ്‌സന്ദര്‍ശകര്‍ കയറിവന്നു, അതിലൊരാള്‍ മജീദ്ക്കയുടെ കൈപിടിച്ച് മുത്തി യാത്രപറഞ്ഞു. മലയാള, തമിഴ് എഴുത്തുകാരുമായിട്ടൊക്കെ അടുത്തബന്ധമാണ്. ഈയടുത്ത് പെരുമാള്‍ മുരുകന്‍ വന്നിരുന്നു. സ്മാരക സമിതിയുടെ നേതൃത്വത്തില്‍ വികസനങ്ങള്‍ പലതും ത്വരിതഗതിയിലിപ്പോള്‍ നടക്കുന്നുണ്ട്.
കഥാ ശില്‍പങ്ങള്‍ക്കിടയിലൂടെ ഖസാക്കിന്റെ കഥയിടമായ അറബിക്കുളത്തിലേക്ക് നടന്നു,
ഇതിഹാസത്തിലെ മൈമൂന കുളിച്ച് ഈറനുടുത്ത് കയറിവരുന്നുണ്ടോ….
പായല്‍ നിറഞ്ഞുകിടക്കുന്ന കുളം. തൊട്ട് ചാരി അള്ളാപ്പിച്ച മൊല്ലാക്ക ബാങ്ക് വിളിച്ച പള്ളി. ചെതലിമലയുടെ താഴ് വരയില്‍നിന്ന് കിഴക്കന്‍ കാറ്റുവീശി. ഇരുള്‍ വീണുതുടങ്ങിയ വഴികളിലൂടെ തിരിഞ്ഞുനടന്നു ഇതിഹാസത്തിന്റെ കഥാഗ്രാമത്തില്‍നിന്ന്, ഖസാക്കിന്റെ സൂക്ഷിപ്പുകാരന്‍ കവാടം വരെ കൂടെവന്നു,
‘ഇനി വരുമ്പോഴും നിങ്ങളിവിടെത്തന്നെയുണ്ടാവും’
അയാള്‍ പല്ലില്ലാത്ത മോണകാട്ടി ചിരിക്കുകമാത്രം ചെയ്തു.
Comments are closed for this post.