കുവൈറ്റ് സിറ്റി: കുവൈത്തില്‍ ഫാമിലി വിസക്ക് പച്ചക്കൊടി. താല്‍ക്കാലികമായി നിര്‍ത്തിവെച്ച കുടുംബ വിസ നടപടികള്‍ കുവൈറ്റ് പുനഃരാരംഭിക്കുന്നെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യ മേഖലയിലുള്ളവരുടെ കുടുംബങ്ങള്‍ക്കാണ് വിസ അനുവദിക്കുക. ഇതിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയെന്ന് അല്‍ സെയാസ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
15 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും 18 വയസ് വരെയുള്ള പെണ്‍മക്കള്‍ക്കുമാണ് വിസ അനുവദിക്കുക. കഴിഞ്ഞമാസം തന്നെ ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിച്ചിരുന്നു. വിസ അപേക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍ സഹല്‍ ആപ്പ് വഴിയാകും ലഭ്യമാവുക. കുടുംബ വിസ നടപടികള്‍ പുനഃരാരംഭിക്കുന്നതിന്റെ ആദ്യപടിയായാണ് ഇതിനെ കാണുന്നത്.
കഴിഞ്ഞവര്‍ഷം ജൂണിലായിരുന്നു കുവൈറ്റില്‍ കുടുംബ വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്. ഏറെക്കാലമായി നിര്‍ത്തിവെച്ച വിസ നടപടി പുനഃരാരംഭിക്കുന്നത് പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം നോക്കി കാണുന്നത്. സന്ദര്‍ശന വിസയും അനുവദിക്കാതെയായതോടെ കുടുംബത്തെ കൂടെ കൊണ്ടുവരാനാകാത്ത സാഹചര്യത്തിലായിരുന്നു പ്രവാസികള്‍. നിലവില്‍ തൊഴില്‍ വിസയും, കൊമേഴ്ഷ്യല്‍ സന്ദര്‍ശന വിസയും മാത്രമേ അനുവദിക്കുന്നുള്ളൂ.
കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഒന്നരവര്‍ഷത്തിനുശേഷം വിസ വതരണം പുനഃരാരംഭിച്ചിരുന്നു. എന്നാല്‍ ജൂണോടെ വീണ്ടും നിര്‍ത്തലാക്കി.
Comments are closed for this post.