പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം പ്ലസ് ടു ഫലം പുറത്തു വന്നപ്പോള്‍ ഒരിക്കല്‍ കൂടി സങ്കടത്തിര ആഞ്ഞടിച്ചു താനൂര്‍ പുത്തന്‍ കടപ്പുറത്തെകുന്നുമ്മല്‍ വീട്ടില്‍. കരയാന്‍ കണ്ണീരില്ലാത്തൊരു സങ്കടം അവിടെ ശേഷിച്ച മൂന്ന് ജന്മങ്ങളുടെ തൊണ്ടക്കുഴിയില്‍ വിങ്ങി. താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച അസ്‌ന മികച്ച മാര്‍ക്കോടെ പ്ലസ് ടു പാസായിരിക്കുന്നു. സൈതലവിയുടെ വീട്ടില്‍ ആഘോഷം തിരതല്ലേണ്ടതായിരുന്നു വ്യാഴാഴ്ച. എന്നാല്‍ കയ്യടിക്കാനും ചേര്‍ത്തു പിടിക്കാനും കലപില കൂട്ടാനും ആ വീട്ടില്‍ ആരുമില്ലല്ലോ…നിസ്സഹായരായ സൈതലവിയും അനിയന്‍ സിറാജും കണ്ണീര്‍ വറ്റിയ കണ്ണുകളുമായി മാതാവ് റുഖിയയും മാത്രം.
മേയ് ഏഴിന് താനൂരുണ്ടായ ബോട്ടപകടത്തില്‍ അസ്‌നയടക്കം സൈതലവിയുടെയും സിറാജിന്റെയും വീട്ടിലെ ഒന്‍പതുപേരെയാണ് നഷ്ടമായത്. സഹോദരനായ ജാബിറിന്റെ കുടുംബത്തിലെ രണ്ടുപേരെയും. ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് അസ്‌ന പഠിച്ചിരുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എട്ട് എ പ്ലസ് നേടി. പ്ലസ്ടുവിന് കൊമേഴ്‌സിനാണ് സീറ്റ് കിട്ടിയത്. അസ്‌നയുടെ സ്‌കൂളില്‍തന്നെ പ്ലസ് വണ്ണിനായിരുന്നു അനിയത്തി ഷംലയും പഠിച്ചിരുന്നത്.
തെളിച്ചമേറെയാണ് അസ്‌നയുടെ ഈ വിജയത്തിന്. സ്വസ്ഥമായിരുന്ന് പഠിക്കാന്‍ ഒരിടം പോലുമില്ലാത്ത കുഞ്ഞു വീട്യ വീട് നിറയെ ആളുകള്‍. കുട്ടികളുടെ പുസ്തകവും വസ്ത്രവും സൂക്ഷിക്കാന്‍തന്നെ സ്ഥലമില്ലാത്ത സ്ഥിതി. ഇതിനെല്ലാം ഇടയിലിരുന്ന് അവള്‍ നേട്ടം കൈവരിച്ചപ്പോള്‍ ഒരു മുത്തം പകരാന്‍ അവളില്ലാതെ പോയി. അസ്‌നയും അവളോടൊപ്പം വിജയമാഘോഷിക്കേണ്ട ഉമ്മ സീനത്തും സഹോദരങ്ങളായ ഷംനയും ഷഹ്‌ലയും ഫിദാ ദില്‍നയുമുള്‍പ്പെടെ പതിനൊന്നുപേര്‍ ഇന്നുള്ളത് അരയന്‍കടപ്പുറം ജുമാമസ്ജിദിലെ ഖബറിസ്താനിലാണ്.
യാത്രക്കാരെ കുത്തിനിറച്ച് അറ്റ്‌ലാന്റിക് ബോട്ട് പൂരപ്പുഴയുടെ ആഴങ്ങളിലേക്ക് കൊണ്ടുപോയത് സൈതലവിയെപ്പോലുള്ള ഒരുപാടുപേരുടെ പ്രതീക്ഷകളെ കൂടിയാണ്.
great-win-in-plus-two-for-asna-who-died-in-tanur-boat-accident
Comments are closed for this post.