
വാഷിങ്ടണ്‍: ഇറാനെതിരെ യു.എസ് ഉപരോധം ശക്തമാക്കുന്നതിനിടെ, ഇന്ത്യ ഇതിനോട് പുലര്‍ത്തുന്ന നിലപാടിനെ പുകഴ്ത്തി യു.എസ്. ഇന്ത്യ പോലുള്ള അടുത്ത സുഹൃത്തിന്റെ ഇറാനോടുള്ള സമീപനം തൃപ്തി നല്‍കുന്നതാണെന്ന് യു.എസ് പറഞ്ഞു. ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫിനു നേരെയും ഉപരോധം ഏര്‍പ്പെടുത്തി കൊണ്ടാണ് യു.എസിന്റെ പുതിയ പ്രതികരണം.
ഇന്ത്യയെപ്പോലുള്ള അടുത്ത സുഹൃത്തും ചൈനയെപ്പോലുള്ള രാജ്യങ്ങളും ബിസിനസ് പങ്കാളിയായി തെരഞ്ഞെടുത്തിരിക്കുന്നത് യു.എസിനെയാണെന്നും മറിച്ച് ഇറാനെ അല്ലെന്നും പുതിയ ഉപരോധ വിവരം അറിയിച്ചു കൊണ്ട് ഒരു ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്ന രാജ്യമാണ് ഇറാന്. എന്നാല്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിനു ശേഷം ഏതാണ്ട് പൂര്‍ണമായി എണ്ണ ഇറക്കുമതി നിര്‍ത്തിവച്ച നിലയിലാണ്. ഇത് ഇറാന്റെ എണ്ണ കയറ്റുമതിയെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്.
ദിനേന 7,81,000 ബാരല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തിരുന്ന ഇറാന്, ജൂലൈയില്‍ കയറ്റുമതി ചെയ്തത് വെറും ഒരു ലക്ഷം ബാരലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇന്ത്യയെ സംബന്ധിച്ച്, കടുത്ത പ്രതിസന്ധിയിലേക്കു നയിക്കുന്നതാണ് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പാടേ ഒഴിവാക്കുന്നത്. എന്നാല്‍, യു.എസിന്റെ സമ്മര്‍ദത്തിനു മുന്നില്‍ ഇന്ത്യ വഴങ്ങുകയായിരുന്നു. ഇതു തുടരാനാണ് ഇന്ത്യയെ പ്രശംസ കൊണ്ട് മൂടുന്നത്.
Comments are closed for this post.