2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യ സുരക്ഷ പ്രതിസന്ധിയിലാക്കി, ഇന്ധനവില വര്‍ധന ദയാരഹിത നടപടി; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയാ ഗാന്ധി

 

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പ്രധാന കാരണം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇന്ധന വില വര്‍ധന സര്‍ക്കാരിന്റെ ദയാരഹിത നടപടിയാണ്. സര്‍ക്കാരിന്റെ നയതന്ത്ര ചര്‍ച്ചകള്‍ പരാജയമായതിന്റെ ഫലമായി രാജ്യ സുരക്ഷയും ഭൂപ്രദേശ സമഗ്രതയും പ്രതിസന്ധിയിലാണെന്നും സോണിയാ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞു.

രാജ്യം കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ രാജ്യത്ത് തുടരുകയാണ്. ഈ ഘട്ടത്തില്‍ ജനങ്ങളുടെ കൈകളില്‍ പണം എത്തിക്കണം. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സംരക്ഷിക്കാന്‍ നടപടികള്‍ വേണം. കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് അപര്യാപ്തമാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമോ എന്ന് ഭയക്കുന്നു. ഇതിനിടയില്‍ രാജ്യത്ത് തുടര്‍ച്ചയായി 17 ആം ദിവസവും ഇന്ധന വില വര്‍ധിച്ചു. ഇത് സര്‍ക്കാരിന്റെ ജനങ്ങളോടുള്ള നിലപാട് വ്യക്തമാക്കുന്നു.

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരാജയമാണ്. ലോക്ക്ഡൗണ്‍ സമയത്ത് കൊവിഡ് പ്രതിരോധം വേണ്ടപോലെ സര്‍ക്കാര്‍ കൈകാര്യം ചെയ്തില്ല. നിലവില്‍ രാജ്യത്തെ കൊവിഡ് സാഹചര്യം വളരെ സങ്കീര്‍ണമാണ്. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം നിഷേധിക്കാനാകില്ല. വിഷയം പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷം ഇതിന് ഉദാഹരണമാണ്. കേന്ദ്ര സര്‍ക്കാരിനും സൈന്യത്തിനും കോണ്‍ഗ്രസ് പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടും പ്രധാനമന്ത്രി ഉള്‍പ്പെടെ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. അതിര്‍ത്തിയില്‍ രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി സമാധാനം പുനഃസ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ പ്രവര്‍ത്തകസമിതി യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.