2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘സംഘി ചാൻസലര്‍ വാപസ് ജാവോ’; ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെത്തും, സമരത്തിനൊരുങ്ങി എസ്എഫ്ഐ, ബാനറുകൾ ഉയർന്നു

‘സംഘി ചാൻസലര്‍ വാപസ് ജാവോ’; ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെത്തും, സമരത്തിനൊരുങ്ങി എസ്എഫ്ഐ, ബാനറുകൾ ഉയർന്നു

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകീട്ട് കാലിക്കറ്റ് സർവകലാശാല കാമ്പസിൽ എത്തും. കാമ്പസുകളിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി നിലിനിൽക്കേയാണ് ഗവർണർ സർവകലാശാലയിൽ എത്തുന്നത്. മൂന്ന് ദിവസം കാമ്പസിലെ വി.വി.ഐ.പി ഗസ്റ്റ് ഹൗസിൽ ഗവർണർ താമസിക്കും. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കുന്നത്. കൊണ്ടോട്ടി ഡിവൈഎസ്പിക്ക് ആണ് ഗവർണറുടെ സുരക്ഷാ ചുമതല നൽകിയിട്ടുള്ളത്.

വൈകിട്ട് 6.30ന് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന ഗവർണർ, റോഡ് മാർഗ്ഗം സർവകലാശാല കാമ്പസിൽ എത്തും. ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സർവകലാശാല സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയാണ് ഗവർണറുടെ ഔദ്യോഗിക പരിപാടി.

അതേസമയം സർവകലാശാലയിൽ കനത്ത പ്രതിഷേധമൊരുക്കാനാണ് എസ്എഫ്ഐ നീക്കം. സർവകലാശാലയിൽ ഗവർണർക്കെതിരെ ബാനറുകൾ എസ്എഫ്ഐ ഉയർത്തിയിട്ടുണ്ട്. ‘ചാൻസലര്‍ ഗോ ബാക്ക്’, ‘മിസ്റ്റര്‍ ചാൻസലര്‍ യു ആര്‍ നോട്ട് വെൽക്കം’, ‘സംഘി ചാൻസലര്‍ വാപസ് ജാവോ’ എന്നിങ്ങനെയുള്ള ബാനറുകളാണ് എസ്എഫ്ഐ ഉയര്‍ത്തിയത്. കാമ്പസുകളിൽ ഗവർണർക്കെതിരെ പോസ്റ്ററുകളും പതിച്ച് തുടങ്ങിയിട്ടുണ്ട്. ‘ഞങ്ങൾക്ക് ചാൻസലറെയാണ് ആവശ്യം സവർക്കറെ അല്ല’, ‘ശാഖയിൽ പഠിച്ചത് ശാഖയിൽ മതി സർവകലാശാലയിൽ വേണ്ട’, ‘ചാൻസലർ ആ​രാ രാജാവോ?, ആർ.എസ്.എസിൻ നേതാവോ?’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പോസ്റ്റർ പതിക്കുന്നത്.

   

സമാധാനപരമായി ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ഹസൻ അറിയിച്ചു. എസ്എഫ്ഐ ഘടകങ്ങളിൽ നിന്നുള്ളവര്‍ പങ്കെടുക്കുന്ന സമരമാണ് നടത്തുക. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാൻ ശ്രമിക്കുന്ന ചാൻസലര്‍ക്കെതിരെയാണ് തങ്ങളുടെ സമരം. കേരളത്തിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാക്കുകയാണ് ഗവര്‍ണറെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാല സെനറ്റുകളിലേക്ക് ​വൈസ്​ ചാൻസലർമാർ നൽകിയ പട്ടിക അവഗണിച്ച്​ ബിജെപി നോമിനിക​ളെ നാമനിർദേശം ചെയ്ത നടപടിക്കെതിരെയാണ്​ എസ്​എഫ്​ഐ സമരം പ്രഖ്യാപിച്ചത്​. സർവകലാശാലകളിൽ കൂടുതൽ ബിജെപി അനുകൂലികളെ കൊണ്ടുവരാൻ രാജ്​ഭവൻ നടത്തുന്ന നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ്​ എസ്​എഫ്​ഐ സമരം നടത്തുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.