2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മണിപ്പൂര്‍ സംഘര്‍ഷം: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് സ്പീക്കറുടെ അനുമതി

മണിപ്പൂര്‍ സംഘര്‍ഷം: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് സ്പീക്കറുടെ അനുമതി

ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് നല്‍കിയ നോട്ടിസ് അംഗീകരിച്ച് ലോക്‌സഭാ സ്പീക്കര്‍. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. മണിപ്പൂരില്‍ സംഘര്‍ഷം അമര്‍ച്ച ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നീക്കം. കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ ഇന്‍ഡ്യ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയ്ക്കും.

ഇന്നലെ രാത്രി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ കൂടിയാലോചനയിലാണ് മണിപ്പൂര്‍ വിഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കാന്‍ തീരുമാനിച്ചത്. പ്രമേയം കൊണ്ടുവന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കാന്‍ നിര്‍ബന്ധിതനാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് അവിശ്വാസ പ്രമേയ ആവശ്യം യോഗത്തില്‍ ഉന്നയിച്ചത്. സര്‍ക്കാരിനെക്കൊണ്ട് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിപ്പിക്കാനുള്ള അനുയോജ്യമായ മാര്‍ഗമായാണ് അവിശ്വാസ പ്രമേയത്തെ പ്രതിപക്ഷം കണക്കാക്കുന്നത്.

പ്രമേയം ചര്‍ച്ച ചെയ്യാനുള്ള തിയ്യതി കക്ഷി നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കി. അതേസമയം, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സഭ മറ്റ് നടപടികളിലേക്ക് കടന്നതിന് പിന്നാലെ പ്രധാനമന്ത്രിയുടെ സാന്നിധ്യമാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. സ്പീക്കര്‍ വീണ്ടും സഭ രണ്ടുമണിവരെ നിർത്തിവെക്കുന്നതായി അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.