തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 106 കോടി രൂപയും ഉള്‍പ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകള്‍ക്ക് 1600 രൂപ വീതമാണ് പെന്‍ഷന്‍ നല്‍കുന്നത്. ജൂലൈ 14 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും.
സംസ്ഥാനത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ നിശിതമായി വിമര്‍ശിച്ചാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് സംസാരിച്ചത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സംസ്ഥാന ധനമന്ത്രിയുടെ പ്രതികരണം.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിന് ചില ഫണ്ടുകള്‍ കിട്ടാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ വിവേചനപരമായ നടപടി അവസാനിപ്പിക്കണമെന്ന് നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു.
നികുതി വിഹിതത്തില്‍ കേരളത്തോട് വിവേചനപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ കേരളത്തിന് 3.9 ശതമാനമായിരുന്നു കേന്ദ്രത്തില്‍ നിന്ന് നികുതി വിഹിതം ലഭിച്ചത്. ഇതിപ്പോള്‍ 1.92 ശതമാനമായി കുറച്ചിരിക്കുകയാണ്. ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ നല്‍കാവുന്ന നഷ്ടപരിഹാരം കേന്ദ്രം നിര്‍ത്തിയതും കേരളത്തിന് തിരിച്ചടിയായി. ഒപ്പം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറക്കുകയും ചെയ്തത് അദ്ദേഹം വിമര്‍ശിച്ചു. കിഫ്ബിയും പെന്‍ഷന്‍ പദ്ധതിയും എടുത്ത ലോണിന്റെ പേരിലുമാണ് കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറക്കുന്നത്. ഇതിലൂടെ 30000 കോടി രൂപയുടെ വരുമാന നഷ്ടം സംസ്ഥാനത്തിന് ഉണ്ടായി. നികുതി വരുമാനത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വില കുത്തനെ കുതിച്ചുയരുകയാണ്.
Comments are closed for this post.