2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

യു.എ.പി.എയിൽ സർക്കാരിന് വീണ്ടുവിചാരം


മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ സംസ്ഥാന സർക്കാർ ചുമത്തിയിരുന്ന യു.എ.പി.എ നിയമം ഹൈക്കോടതി മുമ്പ് റദ്ദാക്കിയതാണ്. എന്നാൽ സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർക്കാരിന് ഇത്തരമൊരു വിധി സ്വീകാര്യമായില്ല. ഹൈക്കോടതി വിധിക്കെതിരേ സർക്കാർ സുപ്രിംകോടതിയിൽ അപ്പീൽ ഹരജി നൽകി. തീവ്രവാദ പ്രവർത്തന നിരോധന നിയമ(യു.എ.പി. എ)പ്രകാരം രൂപേഷ് ശിക്ഷാർഹനാണെന്ന് സർക്കാർ തീരുമാനിച്ചുറപ്പിച്ചിരുന്നു. രൂപേഷിന്റെ പക്കൽനിന്ന് ലഘുലേഖകളും പുസ്തകങ്ങളും കണ്ടെടുക്കാൻ കഴിഞ്ഞു എന്നതാണ് ഇതിനായി സർക്കാർ കണ്ടെത്തിയ ന്യായം. ഇതേ മുടന്തൻ ന്യായം തന്നെയായിരുന്നു അലൻ ശുഹൈബിന്റെയും താഹാ ഫസലിന്റെയും കാര്യത്തിൽ സർക്കാർ പുലർത്തിയിരുന്നത്. ജർമൻ കവിയും ലോക പ്രശസ്ത ചിന്തകനുമായിരുന്ന ബെർതോൾഡ് ബ്രെഹ്ത് പറഞ്ഞ ‘വിശക്കുന്ന മനുഷ്യാ പുസ്തകം കൈയിലെടുക്കൂ, അതൊരു ആയുധമാണ്’ എന്ന മരണമില്ലത്ത വാചകമൊന്നും ഈ വിഷയത്തിൽ ഇടതുപക്ഷം എന്നുപറയുന്ന സംസ്ഥാന സർക്കാരിന് വഴിവിളക്കായില്ല.

യാതൊരു അന്വേഷണവുമില്ലാതെ പൊലിസ് റിപ്പോർട്ടിൽ വിശ്വസിച്ച് നിരപരാധികൾക്കെതിരേ യു.എ.പി.എ ചുമത്തുമ്പോൾ, പാർട്ടിയുടെ പ്രഖ്യാപിത നയത്തിനെതിരേയാണ് പ്രവർത്തിക്കുന്നതെന്ന് ഭരണാധികാരികൾ ഓർക്കുന്നേയില്ല. യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ ചുമത്തി നിരപരാധികളെ ജയിലിലടയ്ക്കുന്നതിനെതിരേ പോരാടിക്കൊണ്ടിരിക്കുന്നു എന്ന് പറയുന്ന പാർട്ടി ഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇത്തരം അനർഥങ്ങൾ നടക്കുന്നത്. സർക്കാർ നിരപരാധികൾക്കെതിരേ യു.എ.പി.എ ചുമത്തിക്കൊണ്ടിരുന്നതിനെ പൊതുസമൂഹം ആശ്ചര്യത്തോടെയായിരുന്നു കണ്ടിരുന്നത്. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ നിന്നു പോലും സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനങ്ങളുയരുകയുണ്ടായി. അപ്പോഴും യു.എ.പി.എ സംബന്ധിച്ചൊരു വീണ്ടുവിചാരം സർക്കാർ ഭാഗത്ത് നിന്നും ഉണ്ടായില്ല.

രൂപേഷിനു മേൽ സർക്കാർ ചുമത്തിയ യു.എ.പി.എ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെത്തുടർന്ന് സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഡിവിഷൻ ബെഞ്ചും സർക്കാർ ഭാഗം തള്ളി. പിന്നെയും യു.എ.പി.എ പുനഃസ്ഥാപിക്കാൻ സർക്കാർ സുപ്രിംകോടതിയെ ധൃതിപ്പെട്ട് സമീപിച്ചു. സുപ്രിം കോടതി നേരത്തെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ പറഞ്ഞത് പ്രകാരമായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. യു.എ.പി.എക്കും ബന്ധപ്പെട്ട ഐ.പി.സി വകുപ്പിനും സർക്കാർ നൽകിയ പ്രോസിക്യൂഷൻ അനുമതിക്ക് സാധുതയില്ലെന്ന് പറഞ്ഞായിരുന്നു ഡിവിഷൻ ബെഞ്ച് സർക്കാർ ഹരജി തള്ളിയത്. ചട്ടപ്രകാരമുള്ള കാലാവധി കഴിഞ്ഞും മനസ്സിരുത്താതെയുമാണ് യു.എ.പി.എ നടപടികൾക്ക് പ്രോസിക്യൂഷൻ അനുമതി നൽകിയതെന്നും വിധിന്യായത്തിൽ ഡിവിഷൻ ബെഞ്ച് എടുത്തു പറയുകയുണ്ടായി. എന്നാൽ ഹൈക്കോടതിക്ക് പിഴവുപറ്റിയെന്നും യു.എ.പി.എ നിയമത്തിൽ പറയുന്ന കാലാവധി നിർബന്ധമുള്ളതല്ലെന്ന് പറഞ്ഞാണ് സർക്കാർ സുപ്രിംകോടതിയെ വീണ്ടും സമീപിച്ചത്. യു.എ.പി.എ നിയമം ചുമത്താനുള്ള തെളിവുകൾ വ്യക്തമാക്കി അന്വേഷണസംഘം നൽകുന്ന റിപ്പോർട്ടിൽ സർക്കാർ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണ് ചട്ടം. എന്നാൽ ഹൈക്കോടതിക്ക് പിഴവുപറ്റിയെന്ന് പറഞ്ഞാണ് സർക്കാർ സുപ്രിം കോടതിയെ സമീപിച്ചത്.
ഇത്തരമൊരു ഹരജി സുപ്രിംകോടതി അംഗീകരിച്ചാൽ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് സർക്കാർ ഓർക്കാതെപോയി. സി.പി.എമ്മിന്റെ നിലനിൽപ്പ് തന്നെ സുപ്രിംകോടതി വിധിയിലൂടെ ഇല്ലാതാകുമായിരുന്നു. സംസ്ഥാനത്തിന്റെ അപ്പീൽ സുപ്രിംകോടതി അംഗീകരിച്ചു വിധി വന്നിരുന്നുവെങ്കിൽ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങളിലെ വീഴ്ച മൂലം റദ്ദാക്കപ്പെട്ട യു.എ.പി.എ കേസുകൾക്ക് വീണ്ടും ജീവൻവയ്ക്കുകയും ദേശവ്യാപകമായി നിരപരാധികൾക്കുമേൽ ചുമത്തപ്പെട്ട കേസുകൾ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുമായിരുന്നു. പിണറായി സർക്കാർ ചാർജ് ചെയ്ത 145 യു.എ.പി.എ കേസുകളിൽ എട്ടെണ്ണത്തിന് മാത്രമാണ് പ്രോസിക്യൂഷൻ അനുമതി നൽകിയത്. കേരളത്തിൽ യു.എ.പി.എ നിയമപ്രകാരം ചുമത്തപ്പെട്ട കേസുകളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്. സംസ്ഥാന സർക്കാരിന്റെ അപ്പീൽ സുപ്രിംകോടതി സ്വീകരിക്കുകയും അനുകൂല വിധി ഉണ്ടാവുകയുമാണെങ്കിൽ നടപടിക്രമങ്ങളിലെ വിഴ്ച മൂലം റദ്ദായ യു.എ.പി.എ കേസുകൾ വീണ്ടും വിചാരണയ്ക്ക് വിധേയമാകും. അലൻ ശുഹൈബിനെപ്പോലുള്ള, താഹ ഫസലിനെപ്പോലുള്ള ആയിരക്കണക്കിന് നിരപരാധികൾ വീണ്ടും യു.എ.പി.എ മുദ്ര ചാർത്തപ്പെട്ട് ജയിലറയിൽ കഴിയേണ്ടിവരുമായിരുന്നു.

യു.എ.പി.എ പോലുള്ള കുറ്റങ്ങൾ ചുമത്തി നിരപരാധികളെ ജയിലിലടയ്ക്കുന്നതിനെതിരേ പോരാടുന്നു എന്ന് പറയുന്ന സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഒരു ഭരണകൂടം നിരപരാധികളെ കുടുക്കാൻ യു.എ.പി.എ പുനഃസ്ഥാപിക്കാൻ നേതൃത്വം നൽകി എന്ന അപഖ്യാതി പാർട്ടിക്ക് ഒരിക്കലും കഴുകിക്കളയാനാകുമായിരുന്നില്ല. സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകേണ്ടി വന്നു, സംസ്ഥാനത്തെ ഇടതുമുന്നണി ഭരണകൂടത്തിന് സുപ്രിംകോടതിയിൽ നിന്നു കേസ് പിൻവലിക്കാനും വീണ്ടുവിചാരമുണ്ടാകാനും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.