കൊച്ചി: ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ വീട് ജപ്തി ചെയ്ത സംഭവത്തില്‍ വീണ്ടും ന്യായീകരണവുമായി ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍. ജപ്തി നടപടിയുമായി ബാങ്കതികൃതരെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ സന്തോഷത്തോടെയാണ് വീടിനുപുറത്തിറങ്ങി കൊടുത്തതെന്ന് അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. വീട്ടില്‍ അച്ഛനും അമ്മയുമുണ്ടായിരുന്നില്ലെന്ന കാര്യം ബാങ്ക് ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം അദ്ദേഹം പറയുന്നത് പച്ചക്കള്ളമാണെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും വ്യക്തമാക്കി. അച്ഛനും അമ്മയും ഇല്ലാത്ത നേരത്ത് വീട് ജപ്തിചെയ്യാന്‍ വരുന്ന ബാങ്കുകാര്‍ക്ക് സന്തോഷത്തോടെ കുട്ടികള്‍ ഇറങ്ങികൊടുക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിനോട് ഗോപി കോട്ടമുറിക്കല്‍ പ്രതികരിച്ചില്ല.
അതേ സമയം ജപ്തി നേരിട്ട വ്യക്തി തന്നെ കണ്ട് പരാതി പറഞ്ഞില്ലെന്നും അദ്ദേഹത്തിന്റെ അവസ്ഥ അറിയുമായിരുന്നുവെങ്കില്‍ നടപടി സ്വീകരിക്കുമായിരുന്നുവെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. ബാങ്ക് മാനേജര്‍ക്കും സി.ഇ.ഒക്കും പല തവണ പരാതി നല്‍കിയിരുന്നു. ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ജപ്തി നടപടി നേരിട്ട അജേഷ് വ്യക്തമാക്കി. രോഗിയായ തനിക്ക് ഗുളികവാങ്ങാന്‍പോലും പണമില്ലെന്നും അജേഷ് വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് മൂവാറ്റുപുഴയില്‍ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു എംഎല്‍എ വീട്ടുകാരെ അകത്തു കയറ്റിയത്. പായിപ്ര സ്വദേശി അജേഷിന്റ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടുടമസ്ഥന്‍ വീട്ടിലില്ലാത്ത സമയത്താണ് മക്കളെ ഇറക്കിവിട്ട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് വീട് ജപ്തി ചെയ്തത്.
Comments are closed for this post.