2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗൂഗിള്‍, മെറ്റ, മൈക്രോസോഫ്റ്റ്, ആപ്പിള്‍; ഇവരില്‍ ആരാണ് പണിക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്നത്? പുതിയ റിപ്പോര്‍ട്ട് പുറത്ത്

ഗൂഗിള്‍, മെറ്റ, മൈക്രോസോഫ്റ്റ്, ആപ്പിള്‍; ഇവരില്‍ ആരാണ് പണിക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്നത്? പുതിയ റിപ്പോര്‍ട്ട് പുറത്ത്

ഉയര്‍ന്ന ശമ്പളമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ലോകത്തിലെ തന്നെ ബെസ്റ്റ് ഓപ്ഷന്‍ ടെക് കമ്പനികളാണ്. ഗൂഗിള്‍, മെറ്റ, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ മുന്‍നിര കമ്പനികളെല്ലാം തന്നെ കണ്ണഞ്ചിപ്പിക്കുന്ന ശമ്പളമാണ് തങ്ങളുടെ ജോലിക്കാര്‍ക്കായി നല്‍കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഗൂഗിള്‍ ടെക്കി താന്‍ ദിവസവും ഒരു മണിക്കൂര്‍ ജോലിയെടുത്ത് വര്‍ഷത്തില്‍ ഒരു കോടിക്ക് മുകളില്‍ സമ്പാദിക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞത് സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പളത്തില്‍ കേമന്‍ ആരാണെന്ന തര്‍ക്കത്തിന് സൈബറിടങ്ങളില്‍ വലിയ പ്രചാരം കിട്ടിയത്.

ഫെയ്‌സ്ബുക്കും, ഇന്‍സ്റ്റയും, വാട്‌സ്ആപ്പുമടക്കം സോഷ്യല്‍ മീഡിയകളുടെ കുത്തക അടക്കി ഭരിക്കുന്ന മെറ്റയാണോ, അതോ ലോകത്തിലെ തന്നെ ലക്ഷ്വറി ബ്രാന്‍ഡ് മൊബൈല്‍ നിര്‍മാതാക്കളായ ആപ്പിളോ, അതുമല്ലെങ്കില്‍ സെര്‍ച്ച് എഞ്ചിന് ഭീമനായ ഗൂഗിളോ, അതോ കമ്പ്യൂട്ടര്‍ പിസിയില്‍ വിപ്ലവം തീര്‍ത്ത മൈക്രോ സോഫ്‌റ്റോ? ആരാണ് തങ്ങളുടെ തൊഴിലാളികളുടെ സമ്പത്തിന്റെ കാര്യത്തില്‍ ഉദാരത കാണിക്കുന്നത്? ചേദ്യം വളരെ നാളായി മുഴങ്ങി കേള്‍ക്കുകയാണ്.

അവസാനം ബ്ലൈന്‍ഡെന്ന സ്വകാര്യ വെബ്‌സൈറ്റ് ഈ ചോദ്യത്തിനൊരു ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ 2023 ആഗസ്റ്റ് വരെയുള്ള ടെക്കികളുടെ ശമ്പള വിവരങ്ങള്‍ അവലോകനം ചെയ്താണ് ബ്ലൈന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഗൂഗിളും മെറ്റയുമാണ് ആപ്പിളിനേക്കാളും മൈക്രോസോഫ്റ്റിനേക്കാളും തങ്ങളുടെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ശമ്പളം വാഗ്ദാനം നല്‍കുന്നതെന്നാണ് കണ്ടെത്തല്‍. പുതുതായി ജോയിന്‍ ചെയ്യുന്ന ടെക്കികള്‍ക്കും താരതമ്യേന കുറഞ്ഞ ശമ്പളമാണ് ആപ്പിളും മൈക്രോസോഫ്റ്റും നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം ഐഫോണിന്റെ സൃഷ്ടാക്കളായ ആപ്പിളില്‍ ശമ്പളം മറ്റ് കമ്പനികളേക്കാള്‍ കുറവാണെങ്കിലും അവരുടെ ജോലി നിലവാരം മറ്റ് കമ്പനികളേക്കാള്‍ കൂടുതലാണ്.

ഗൂഗിളില്‍ തൊഴിലാളികളുടെ ശമ്പളനിരക്കില്‍ താരതമ്യേന വലിയ അന്തരം നിലനില്‍ക്കുന്നതായാണ് കണ്ടെത്തല്‍. പുതുതായി ജോലിക്ക് കയറുന്ന ഒരാള്‍ക്ക് ഉയര്‍ന്ന തട്ടിലുള്ള തൊഴിലാളിയുടേതിന് സമാനമായ ശമ്പളം ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നാണ് പരാമര്‍ശം.

മെറ്റയുടെ കാര്യത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. കമ്പനിയില്‍ ജോലിക്ക് കയറുന്നവര്‍ക്ക് വളരെ വേഗത്തില്‍ പ്രൊമോഷന്‍ ലഭിക്കാനും ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്.

മൈക്രോസോഫ്റ്റിലാണെങ്കില്‍ സ്ഥിതി വ്യത്യസ്തമാണ്. കമ്പനിയുടെ എല്ലാ മേഖലയിലും ശമ്പളം കുറവാണെങ്കിലും വളരെ വേഗം ജോലിയില്‍ പ്രൊമോഷന്‍ കിട്ടുന്ന ഇടമാണ് മൈക്രോസോഫ്റ്റ്.

ഇവരെ കൂടാതെ ഇ- കൊമേഴ്‌സ് ഭീമനായ ആമസോണിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ജോലിയില്‍ പെട്ടെന്ന് പ്രൊമോട്ട് ചെയ്യപ്പെടാനുള്ള സാധ്യത കമ്പനിയില്‍ കുറവാണെന്നാണ് ജോലിക്കാരില്‍ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പക്ഷെ ശമ്പളത്തിന്റെ കാര്യത്തില്‍ മെച്ചപ്പെട്ട സ്ഥിതിയാണ് ഉള്ളത്. എഞ്ചിനീയര്‍മാര്‍ക്കുള്ള ശമ്പളത്തിന്റെ ശ്രേണി വ്യത്യസ്താണ്. ഒരാള്‍ക്ക് കിട്ടുന്ന തുകയല്ല മറ്റൊരാള്‍ക്ക് കിട്ടുന്നതെന്നര്‍ത്ഥം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.