അബുദാബി: ഗോൾഡൻ വിസ നേടാൻ വിദ്യാർഥികൾക്ക് കൂടുതൽ അവസരം തുറന്ന് യുഎഇ. നാല് സാധ്യതകളാണ് ഇതിനായി തുറന്നിരിക്കുന്നത്. ഇതുപ്രകാരം, ഒന്നാം റാങ്കോടെ ബിരുദം നേടുന്നവർക്ക് ഗോൾഡൻ വിസക്ക് യോഗ്യതയുണ്ട്. ഏതാനും നിബന്ധനകൾക്ക് അനുസൃതമായാണ് വിസ അനുവദിക്കുക.
ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളിൽ ഒന്നിൽ നിന്നായിരിക്കണം ബിരുദം എന്നതാണ് പ്രധാന നിബന്ധന. വിദ്യാർഥിയുടെ ഗ്രേഡ് പോയിന്റ് ആവറേജ് (ജിപിഎ) 4 ൽ 3.5ൽ കുറയരുത്. ബിരുദം നേടി 2 വർഷത്തിനുള്ളിൽ അപേക്ഷിക്കണം. ബിരുദ സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിക്കണം എന്നിവയാണ് മറ്റു നിബന്ധനകൾ. എ, ബി നിലവാരമുള്ള യൂണിവേഴ്സിറ്റികളുടെ ശുപാർശക്കത്തു സഹിതമാണ് അപേക്ഷിക്കേണ്ടത്.
അതേസമയം, യുഎഇയിലെ തന്നെ യൂണിവേഴ്സിറ്റികളിൽ വിദ്യാഭ്യാസം നടത്തുന്നവർക്ക് ഗോൾഡൻ വിസ കൂടുതൽ എളുപ്പത്തിൽ ലഭിക്കും. എ നിലവാരമുള്ള യൂണിവേഴ്‌സിറ്റികളിൽ പഠിച്ച വിദേശ വിദ്യാർഥികൾക്കു ജിപിഎ 3.5, ബി നിലവാരമുള്ള സർവകലാശാലാ വിദ്യാർഥികൾക്ക് 3.8 പോയിന്റ് ഉണ്ടെങ്കിൽ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം.
സാധാരണ ഗോൾഡൻ വിസ പത്ത് വർഷത്തേക്ക് ആണെങ്കിൽ അഞ്ച് വർഷത്തേക്ക് ഉള്ള ഗോൾഡൻ വിസയും അനുവദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിസ സെക്കണ്ടറി വിദ്യാർഥികൾക്ക് ലഭിക്കും. യുഎഇയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഉയർന്ന മാർക്കു നേടിയ വിദ്യാർഥികൾക്കും സ്വകാര്യ സ്കൂളിൽ 95% മാർക്കു നേടിയവർക്കും 5 വർഷത്തെ ഗോൾഡൻ വിസ ലഭിക്കും. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റിൽനിന്നുള്ള ശുപാർശക്കത്ത് സഹിതം വേണം വിസക്ക് അപേക്ഷിക്കാൻ.
യുഎഇയിൽ പഠനം തുടരുന്നവർക്ക് 5 വർഷത്തേക്കു കൂടി വിസ നീട്ടി നൽകും. ഗോൾഡൻ വിസ ലഭിച്ച വിദ്യാർഥികൾക്ക് മതിയായ സാമ്പത്തിക ശേഷിയും പാർപ്പിട സൗകര്യവും ഉണ്ടെങ്കിൽ കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവന്ന് കൂടെ താമസിപ്പിക്കാൻ സാധിക്കും.
Comments are closed for this post.