2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്വര്‍ണക്കടത്തുകേസ് കുഴിച്ചുമൂടിയതെന്ന് വ്യക്തമായി; ഒത്തുതീര്‍പ്പ് വഴിയൊരുക്കിയത് ബി.ജെ.പി-സി.പി.എം ബന്ധമെന്ന് സുധാകരന്‍

തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച സ്വര്‍ണക്കടത്തു കേസ്  കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രിതമായി കുഴിച്ചുമൂടിയതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍  എം പി അഭിപ്രായപ്പെട്ടു. ഈ കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കില്‍ ശിവശങ്കറിനും സ്വപ്‌നയ്ക്കുമൊപ്പം പിണറായി വിജയനും ജയിലില്‍ പോകേണ്ടി വരുമായിരുന്നു. പുതിയ വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തില്‍ സിനിമാനടന്‍ ദിലീപിനെതിരേ പുനരന്വേഷണം നടക്കുന്നതുപോലെ സ്വര്‍ണക്കടത്തു കേസില്‍ പുനരന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലിലാണ് സ്വര്‍ണക്കടത്തു കേസ് ഒത്തുതീര്‍പ്പാക്കിയത്. അരക്കിട്ടുറപ്പിച്ച ബിജെപി- സിപിഎം ബന്ധമാണ് ഒത്തുതീര്‍പ്പിനു വഴിയൊരുക്കിയത്. പിണറായി വിജയനെ കേസില്‍ നിന്നൂരാന്‍  മാത്രമല്ല, വീണ്ടും അധികാരത്തിലേറാനും ബിജെപി സഹായിച്ചു.  മുഖ്യമന്ത്രിയിലേക്ക് സംശയം നീളാനുള്ള നിരവധി സംഭവങ്ങളാണ് സ്വപ്ന പുതുതായി വെളിപ്പെടുത്തിയത്.  

ജയിലെ ശബ്ദരേഖയിലെ ഗൂഢാലോചന,  സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ വകുപ്പില്‍  ജോലി,  അവരുടെ ഭര്‍ത്താവിന് കെ ഫോണില്‍ ജോലി, സ്വര്‍ണ്ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കേരളം വിടാന്‍ മുഖ്യപ്രതികളെ സഹായിച്ചത്,സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ടത്, നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ നടത്തിയ ഇടപെടലുകള്‍ എന്നിവയ്ക്കു പുറമെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തതുമെല്ലാം മുഖ്യമന്ത്രിയിയുടെ പങ്കിലേക്കാണ്  വിരല്‍ ചൂണ്ടുന്നത്. 

അശ്വത്ഥമാവ് വെറും ഒരാന എന്ന പുസ്തകത്തിലൂടെ തന്നെയും സര്‍ക്കാരിനെയും വെള്ളപൂശുകയാണ് ശിവശങ്കര്‍ ചെയ്തത്. പുസ്തകമെഴുതിയതിന്റെ പേരില്‍ രാജു നാരായണ സ്വാമി ഐഎഎസിനും   ജേക്കബ് തോമസ് ഐപിഎസിനും എതിരേ  നടപടി സ്വീകരിച്ചവരാണ്  ശിവശങ്കറിന് സംരക്ഷണവലയം തീര്‍ക്കുന്നത്. ഇത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് കേരള ജനതയ്ക്കറിയാമെന്നും സുധാകരന്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.