ചേളാരി: സ്വര്‍ണ്ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടക്കുന്ന ചര്‍ച്ചകള്‍ മത സൗഹാര്‍ദ്ദം തകര്‍ക്കാനിടവരുന്ന തലത്തിലേക്ക് ആരും കൊണ്ടു പോകരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരും അഭിപ്രായപ്പെട്ടു. രാജ്യത്തെ നിയമ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ആരു പ്രവര്‍ത്തിച്ചാലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. എന്നാല്‍ ഇതിന്റെ മറവില്‍ മത സ്ഥാപനങ്ങളെയും മതചിഹ്നങ്ങളെയും അവമതിക്കാന്‍ ഇടവരരുത്. വിശുദ്ധ ഖുര്‍ആന്‍ പുണ്യ ഗ്രന്ഥമാണ്. സ്വര്‍ണ്ണക്കടത്തുമായി ഖുര്‍ആനെ ബന്ധപ്പെടുത്തുന്നത് ഒട്ടും നീതികരിക്കാനാവില്ല. ഇസ്ലാമിക വിശ്വാസികളെ അപരവല്‍ക്കരിക്കാനുള്ള ശ്രമം ഒരു കൂട്ടര്‍ കൊണ്ടുപിടിച്ചു നടത്തുമ്പോള്‍ ഖുര്‍ആനെ മറയാക്കി വിഷയം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നത് ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. എല്ലാ മതേതര ജനാധിപത്യ കക്ഷികളും ഇക്കാര്യത്തില്‍ ജാഗ്രതയുള്ളവരാവണമെന്നും നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.
Comments are closed for this post.